Connect with us

Kozhikode

മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ്: നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നു

Published

|

Last Updated

CALICUT-KOZHIKODEകോഴിക്കോട്: മാനാഞ്ചിറ- വെള്ളിമാട്കുന്ന് റോഡ് വികസനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നു. ഇഖ്‌റ ആശുപത്രി മുതല്‍ മലാപ്പറമ്പ് യു പി സ്‌കൂള്‍ വരെയുള്ള അഞ്ചാമത്തെ സ്‌ട്രെച്ചില്‍ ഉള്‍പ്പെട്ട സ്ഥലമുടമകളുടെ പ്രയാസങ്ങളും നിര്‍ദശങ്ങളും ചര്‍ച്ച ചെയ്യാന്‍ കലക്ടറുടെ അധ്യക്ഷതയില്‍ ഇന്നലെ യോഗം ചേര്‍ന്നു. 

അഞ്ചാമത്തെ സ്‌ട്രെച്ചില്‍ ഉള്‍പ്പെട്ടവര്‍ക്ക് ആശ്വാസ തുകയും പലിശയും അടക്കം 15,10,130 രൂപയാണ് സെന്റിന് തറവിലയായി നിശ്ചയിച്ചത്. ചര്‍ച്ചകള്‍ക്കുശേഷം 10 ശതമാനം വര്‍ധിപ്പിച്ച് അന്തിമ തുകയായി 16.50 ലക്ഷം രൂപയാണ് സെന്റിന് തറവിലയായി കലക്ടര്‍ നിര്‍ദേശിച്ചത്. വിലനിര്‍ണയത്തിനായി മൊത്തം ആറ് പ്രമാണങ്ങളാണ് കമ്മിറ്റി പരിഗണിക്കുന്നത്.
വില അംഗീകരിച്ചവരുടെ സമ്മതപത്രം സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍ നടന്നുവരികയാണ്. ഉദ്യോഗസ്ഥതല പരിശോധനകള്‍ക്ക് ശേഷം എല്ലാ സ്‌ട്രെച്ചിലും ഉള്‍പ്പെട്ട കെട്ടിടങ്ങള്‍ക്കുള്ള വിലയും തൊഴിലാളികളുടെ പുനരധിവാസവും ചര്‍ച്ചചെയ്ത് നടപടികളെടുക്കുമെന്ന് കലക്ടര്‍ സി എ ലത യോഗത്തില്‍ പറഞ്ഞു. വിട്ടുനില്‍ക്കുന്ന സ്ഥലമുടമകളുടെയും മതിയായ രേഖകള്‍ ഇല്ലാത്തവരുടെയും ഭൂമി ലാന്‍ഡ് അക്വിസിഷന്‍ നിയമപ്രകാരം ഏറ്റെടുക്കും. വില അംഗീകരിച്ചവര്‍ക്ക് ലാന്‍ഡ് അക്വിസിഷന്‍ റിവ്യു കേസിന് പോകാനാവില്ല. ഈ മാസം 14 നകം ജില്ലാതല പര്‍ച്ചേസ് കമ്മിറ്റികള്‍ പൂര്‍ത്തിയാക്കും. വിലനിര്‍ണയം സംബന്ധിച്ച് ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി തയ്യാറാക്കുന്ന ശിപാര്‍ശ ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാനതല എംപവേര്‍ഡ് കമ്മിറ്റിക്ക് കൈമാറും. കമ്മിറ്റിയുടെ ഉത്തരവ് ലഭിച്ചാല്‍ റോഡ് വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.
യോഗത്തില്‍ എ ഡി എം. കെ രാധാകൃഷ്ണന്‍, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ ജെസ്സി ഹെലന്‍ ഹമീദ്, ആര്‍ ഡി ഒ ഹിമാന്‍ഷുകുമാര്‍ റായ്, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ റംല, കോഴിക്കോട് സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് ഉദ്യോഗസ്ഥരായ സാബു കെ ഫിലിപ്പ്, കെ ലേഖ, കെ പി കോയമോന്‍ യോഗത്തില്‍ പങ്കെടുത്തു.