Connect with us

Kozhikode

പന്തിരിക്കര പീഡനക്കേസ്: കുറ്റപത്രം സമര്‍പ്പിച്ചു

Published

|

Last Updated

പേരാമ്പ്ര: വിവാദമായ പന്തിരിക്കര പീഡനക്കേസില്‍ രണ്ട് പേര്‍ക്കെതിരെ കോഴിക്കോട് സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എ ഡി ജി പി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലുള്ള നാദാപുരം കണ്‍ട്രോള്‍ റൂം ഡി വൈ എസ് പി ഗോപാലകൃഷ്ണനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പന്തിരക്കരയുടെ സമീപ പ്രദേശവാസികളായ ശഫീഖ്, ശാഫി എന്നിവര്‍ക്കെതിരെയാണ് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടെന്നാണ് വിവരം.
ഒന്നര വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. ദുരൂഹസാഹചര്യത്തില്‍ ഒരു വിദ്യാര്‍ഥിനി ആത്മഹത്യചെയ്തതും ഇതിന് പിന്നാലെ സഹപാഠിയായ മറ്റൊരു പെണ്‍കുട്ടി ആത്മഹത്യാ ശ്രമത്തില്‍ പരാജയപ്പെടുകയും ചെയ്ത സംഭവത്തെത്തുടര്‍ന്നാണ് ലൈംഗിക പീഡനത്തിന്റെ വിവരം പുറത്തായത്. ആത്മഹത്യാ ശ്രമത്തില്‍ പരാജയപ്പെട്ട കുട്ടി എഴുതിവെച്ച കത്തില്‍ സഹപാഠിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് ലൈംഗിക ചൂഷണത്തിനിരയായതിനാലാണെന്ന് സൂചിപ്പിച്ചിരുന്നു. സംഭവത്തില്‍ കുറ്റാരോപിതരായ രണ്ട് യുവാക്കള്‍ ഇതിനിടെ ഗള്‍ഫിലേക്കു കടന്നിരുന്നു. ഇതിനുപിന്നില്‍ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ഇടപെടലുകളുണ്ടായി എന്ന ആക്ഷേപവും ഉയര്‍ന്നു. ഏതാനും ദിവസത്തിനകം പോലീസ് ഇരുവരേയും നാട്ടിലെത്തിച്ച് പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് രേഖപ്പെടുത്തി. ലൈംഗിക പീഡനത്തിന് ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്ന് ഒരു യുവതിയെയും പിന്നീട് മറ്റ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തിരുന്നു. നാദാപുരം ഡി വൈ എസ് പിയായിരുന്ന സുരേന്ദ്രനാണ് കേസ് അന്വേഷിച്ചിരുന്നത്. എന്നാല്‍ ആദ്യം നല്‍കിയ പരാതിയില്‍ ഇദ്ദേഹം അന്വേഷണം നടത്തിയില്ലെന്നും ഇദ്ദേഹം നടത്തുന്ന തുടരന്വേഷണം പ്രഹസനമാകുമെന്നും വിവിധ രാഷ്ട്രീയ കക്ഷികളും സംഘടനകളും ആരോപണമുന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആദ്യം പ്രത്യേക സംഘത്തിനും തുടര്‍ന്ന് എ ഡി ജി പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനും കൈമാറുകയായിരുന്നു.
ഈ സംഘം നടത്തിയ അന്വേഷണത്തില്‍, നേരത്തെ അറസ്റ്റിലായ മറ്റു നാല് പേര്‍ക്കും കേസുമായി ബന്ധമില്ലെന്ന കണ്ടെത്തുകയും തെളിവുകളുടെ അടിസ്ഥാനത്തില്‍ രണ്ട് പേരെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കുകയുമാണുണ്ടായതെന്നാണറിയുന്നത്. കോഴിക്കോട് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പരാതിയിലും കഴമ്പില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
കുട്ടിയുടെ ബന്ധുക്കളും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ആഭ്യന്തര മന്ത്രി തുടങ്ങിയവര്‍ക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കേസന്വേഷണം ബി. സന്ധ്യക്ക് കൈമാറിയത്.

---- facebook comment plugin here -----

Latest