മുംബൈയില്‍ നിന്ന് ഗുജറാത്തികളെ തുടച്ചു നീക്കണമെന്ന കോണ്‍. എം എല്‍ എയുടെ പ്രസ്താവന വിവാദമായി

Posted on: November 7, 2014 6:27 am | Last updated: November 7, 2014 at 9:52 am

മുംബൈ: മുംബൈ വൃത്തിയാക്കാന്‍ നഗരത്തില്‍ നിന്ന് ഗുജറാത്തികളെ തുടച്ച് നീക്കണമെന്ന കോണ്‍ഗ്രസ് എം എല്‍ എയുടെ പ്രസ്താവന വിവാദമായി. മോദിയുടെ ക്ലീന്‍ ഇന്ത്യ പ്രചാരണം ആരംഭിക്കേണ്ടത് മുംബൈയില്‍ നിന്ന് ഗുജറാത്തികളെ തുടച്ചു നീക്കിക്കൊണ്ടായിരിക്കണമെന്നായിരുന്നു ഇതാദ്യമായി എം എല്‍ എയായ നിതീഷ് റാണ പറഞ്ഞത്. മറാത്തികളെ വെറുക്കുന്ന ഗുജറാത്തികളാണ് നഗരത്തിലെ മാലിന്യമെന്നും ട്വിറ്ററില്‍ അദ്ദേഹം രേഖപ്പെടുത്തിയിരുന്നു.
അപകടകരമായ രാഷ്ട്രീയമാണ് കോണ്‍ഗ്രസ് നേതാവിന്റെതെന്ന് ബി ജെ പി തിരിച്ചടിച്ചു. സ്വന്തം പാര്‍ട്ടിയും നിതീഷ് റാണയെ തള്ളിപ്പറഞ്ഞിട്ടുണ്ട്. തീര്‍ത്തും അനാവശ്യമായ പരാമര്‍ശമായിരുന്നു അതെന്ന് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അതേയമയം, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ നാരായണ്‍ റാണെയുടെ മകന്‍ നിതീഷ് റാണ സ്വയം ന്യായീകരിച്ച് രംഗത്തെത്തി. പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നു. മുംബൈയില്‍ മറാത്തികള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള താമസ സൗകര്യം ലഭിക്കുന്നില്ല. ഇതിന് കാരണം ഗുജറാത്തികളുടെ സാന്നിധ്യമാണ്. ഇങ്ങനെ പോകുകയാണെങ്കില്‍ ശുദ്ധി കര്‍മം നടത്തേണ്ടി വരുമെന്ന് ഉറപ്പാണ്- അദ്ദേഹം പറഞ്ഞു.