സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു

Posted on: November 7, 2014 5:04 am | Last updated: November 6, 2014 at 11:07 pm

Logo-Special School Kalotsavamകണ്ണൂര്‍: ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ സര്‍ഗശേഷി തെളിയിക്കുന്ന പതിനേഴാമത് സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിന് കണ്ണൂരില്‍ തിരി തെളിഞ്ഞു. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന കലോത്സവത്തിന് മുഖ്യ വേദിയായ കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് എല്‍ രാജന്‍ പതാക ഉയര്‍ത്തിയതോടെയാണ് തുടക്കം കുറിച്ചത്.

ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി പോലീസ് മൈതാനിയില്‍ നിന്ന് വര്‍ണശബളമായ ഘോഷയാത്രയും സംഘടിപ്പിച്ചു. ദഫ് മേളവും ശിങ്കാരി മേളവും ബാന്റ് വാദ്യവും ഘോഷയാത്രക്ക് കൊഴുപ്പേകി. സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എന്‍ സി സി , റെഡ്‌ക്രോസ്, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് തുടങ്ങിയവര്‍ ഘോഷയാത്രയില്‍ അണിനിരന്നു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് കലോത്സവം ഉദ്ഘാടനം ചെയ്തു. എ പി അബ്ദുല്ലക്കുട്ടി എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ കെ എ സരള. നഗരസഭാ ചെയര്‍പേര്‍സന്‍ റോഷ്‌നി ഖാലിദ്, ടി കെ നൂറുന്നിസ, സി കെ മോഹനന്‍, എം സി ശ്രീജ, കെ വി വിനോദ്ബാബു, ദിനേശന്‍ മഠത്തില്‍, ടി വിമ, ബഷീര്‍ ചെറിയാണ്ടി പ്രസംഗിച്ചു.
മൂന്ന് ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന കലോത്സവത്തില്‍ മൂവായിരത്തോളം കലാ പ്രതിഭകളാണ് മാറ്റുരക്കുന്നത്. 267 സ്‌പെഷ്യല്‍ സ്‌കൂളുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന ഈ വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികള്‍ ജില്ലാ ടീമുകളായാണ് മത്സരിക്കുന്നത്. ഏഴ് വേദികളിലായി 90 ഇനങ്ങളിലായാണ് മത്സരം. മാനസിക വെല്ലുവിളി നേരിടുന്ന വിഭാഗം, കാഴ്ച പരിമിതര്‍, ശ്രവണ പരിമിതര്‍ എന്നീ വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. നാളെ വൈകീട്ട് 3 30 ന് നടക്കുന്ന സമാപന സമ്മേളനം ഗ്രാമ വികസന മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ചെയ്യും.