Connect with us

Palakkad

കല്‍പ്പാത്തി സംഗീതോല്‍സവം നാളെ മുതല്‍

Published

|

Last Updated

പാലക്കാട്: കല്‍പ്പാത്തി രഥോല്‍സവത്തോടനുബന്ധിച്ചുള്ള കല്‍പ്പാത്തി സംഗീതോല്‍സവം നാളെ മുതല്‍ 13 വരെ കല്‍പ്പാത്തി ചാത്തപ്പുരം മണി അയ്യര്‍ റോഡിലെ പത്മവിഭൂഷണന്‍ അവാര്‍ഡി സംഗീത കലാനിധി ഡി കെ പട്ടമ്മാള്‍ നഗറില്‍ നടക്കുമെന്ന് ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
രഥോല്‍സവത്തോടും സംഗീതോല്‍സവത്തോടുമനുബന്ധിച്ച് ഇന്ന് രാവിലെ 11 ന് 300 പോലിസുകാരുടേയും നഗരസഭാ ശുചീകരണ വിഭാഗം, എന്‍ എസ എസ് വളണ്ടിയര്‍മാരുടേയും നേതൃത്വത്തില്‍ കല്‍പ്പാത്തിപുഴയോരം ശുചീകരിക്കും. നാളെ വൈകീട്ട് 5.—30 ന് മന്ത്രി മഞ്ഞളാംകുഴി അലി സംഗീതോല്‍സവം ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പില്‍ എം. എല്‍ എ അധ്യക്ഷത വഹിക്കും. എം പിമാരും എം എല്‍ എമാരും വിവിധ വകുപ്പുദ്യോഗസ്ഥരും പങ്കെടുക്കും. സംഘാടക സമിതി കണ്‍വീനര്‍ പി എന്‍ സുബ്ബരാമന്‍ സംഗീതോല്‍സവ വേദി പരിചയപ്പെടുത്തും.
തുടര്‍ന്ന് അദ്ദേഹത്തിന് ചെമ്പൈ സംഗീത കോളജ് പ്രിന്‍സിപ്പാള്‍ പ്രഫ. കെ പി ശശികല തംബുരു സമ്മാനിക്കും. സംഗീതോല്‍സവത്തോടനുബന്ധിച്ച് നടത്തിയ ശാസ്ത്രീയ സംഗീത മല്‍സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. ഉദ്ഘാടനത്തിനുശേഷം മാതങ്കി സത്യമൂര്‍ത്തിയുടെ സംഗീത കച്ചേരി നടക്കും. 9 ന് രാവിലെ 9 ന് ഇഞ്ചിവൃത്തി, 10.—30 ന് പഞ്ചരത്‌ന കീര്‍ത്തനാലാപനം, വൈകീട്ട് 5 ന് ചെമ്പൈ സ്്മാരക സംഗീത കോളജിലെ വിദ്യാര്‍ഥികളുടെ സംഗീത കച്ചേരി, 7 ന് സന്ദീപ് നാരായണന്റെ സംഗീത കച്ചേരി എന്നിവ നടക്കും.
10 ന് വൈകീട്ട് 5 ന് കോട്ടക്കല്‍ രഞ്ജിത്ത് വാര്യരുടെ സംഗീത കച്ചേരി, 7 ന് യു പി രാജുവും നാഗമണി രാജുവും ചേര്‍ന്നവതരിപ്പിക്കുന്നു മാന്‍ഡലിന്‍ കച്ചേരി എന്നിവ നടക്കും. 11 ന് വൈകീട്ട് 5 ന് പ്രിയങ്കാ പ്രകാശിന്റെ സംഗീത കച്ചേരി, 7 ന് മല്ലടി സഹോദരന്‍മാരായ ശ്രീരാംപ്രസാദിന്റേയും രവികുമാറിന്റേയും നേതൃത്വത്തിലുള്ള സംഗീത കച്ചേരി എന്നിവ നടക്കും. 12 ന് വൈകീട്ട് 5 ന് ചിറ്റൂര്‍ ഗവകോളജ് സംഗീത വിഭാഗം വിദ്യാര്‍ഥികളുടെ സംഗീത കച്ചേരി, 7 ന് സിക്കിള്‍ സി ഗുരുചരന്റെ സംഗീത കച്ചേരി എന്നിവ നടക്കും. സമാപന ദിവസമായ 13 ന് വൈകീട്ട് 5.—30 ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി എ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പില്‍ എം എല്‍ എ അധ്യക്ഷത വഹിക്കും.
സമാപന സമ്മേളനത്തിനു ശേഷം 7 ന് എസ് മഹതിയുടെ സംഗീത കച്ചേരി നടക്കും. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന ടൂറിസം വകുപ്പിന്റേയും സാംസ്‌കാരിക വകുപ്പിന്റേയും സഹകരണത്തോടെയാണ് സംഗീതോല്‍സവം നടക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ പി എന്‍ സുബ്ബരാമന്‍, ലക്ഷ്മീനാരായണന്‍, പി എ വാസുദേവന്‍ എന്നിവരും പങ്കെടുത്തു.

Latest