മരിക്കാന ഖനി കൂട്ടക്കൊലയില്‍ ഉപ പ്രസിഡന്റിനും പങ്കുണ്ടെന്ന്

Posted on: November 7, 2014 5:10 am | Last updated: November 6, 2014 at 10:11 pm

മരിക്കാന: ദക്ഷിണ ആഫ്രിക്കയിലെ മരിക്കാനയില്‍ 34 ഖനിത്തൊഴിലാളികളുടെ കൊലപാതകത്തിലേക്ക് നയിച്ച സംഘര്‍ഷത്തില്‍ ഉപ പ്രസിഡന്റ് സിറില്‍ റാമഫോസക്ക് പങ്കുണ്ടെന്നാരോപിച്ച് അഭിഭാഷകന്‍ രംഗത്തെത്തി. ദീര്‍ഘ കാലം നീണ്ടുനിന്ന ഖനിത്തൊഴിലാളികളുടെ സമരത്തെ നിര്‍ബന്ധിച്ച് നിര്‍ത്തിവെപ്പിക്കാന്‍ തീരുമാനമെടുത്തതില്‍ ഭാഗികമായി റാമ ഫോസക്കും പങ്കുണ്ടെന്നാണ് അഭിഭാഷകന്‍ ജിയോഫ് ബഡ്‌ലെന്‍ഡര്‍ വാദിക്കുന്നത്. മരിക്കാന ഖനിത്തൊഴിലാളികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന്റെ അവസാന വാദഗതികള്‍ നടത്തുന്നതിനിടെയാണ് ഇക്കാര്യം അഭിഭാഷകന്‍ വ്യക്തമാക്കിയത്. സമരം അടിച്ചമര്‍ത്തണമെന്നാവശ്യപ്പെട്ട് റാമഫോസയുടെ ഫോണില്‍ നിന്ന് പോലീസ് സര്‍വീസിന് വിളി പോയതായും ഇതനുസരിച്ചാണ് ഇവര്‍ നടപടി സ്വീകരിച്ചതെന്നും അഭിഭാഷകന്‍ വാദിക്കുന്നു. എന്നാല്‍ ആ സമയത്ത് ലോന്‍മിന്‍ പ്ലാറ്റിനം ഖനിയുടെ പങ്കാളിയായിരുന്ന ഇദ്ദേഹത്തിന് പോലീസ് നടപടിയെ തുടര്‍ന്ന് ആരെങ്കിലും കൊല്ലപ്പെടുമോ എന്ന കാര്യം മുന്‍കൂട്ടി മനസ്സിലാക്കാന്‍ സാധിച്ചില്ലെന്നും വാദിക്കുന്നു.
2012 ആഗസ്റ്റ് 17ന് പോലീസ് ഖനിത്തൊഴിലാളികളുടെ സമരത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ 34 ഖനിത്തൊഴിലാളികളാണ് കൊല്ലപ്പെട്ടിരുന്നത്. മികച്ച വേതനം, മെച്ചപ്പെട്ട ജോലി സാഹചര്യം എന്നിവ ആവശ്യപ്പെട്ടായിരുന്നു തൊഴിലാളികള്‍ സമരം നടത്തിയിരുന്നത്.