സ്‌കൂളുകളുടെ വിവരങ്ങളെല്ലാം ഇനി ബ്ലോഗിലൂടെ

Posted on: November 7, 2014 12:02 am | Last updated: November 6, 2014 at 10:11 pm

കാസര്‍കോട്: സമ്പൂര്‍ണ ബ്ലന്റ് പദ്ധതി ജില്ലയില്‍ നടപ്പായതോടെ സ്‌കൂള്‍ പ്രവര്‍ത്തനങ്ങളുടെ ജീവസുറ്റ പ്രകാശ വേദികളായി പല സ്‌കൂള്‍ ബ്ലോഗുകളും മാറിക്കഴിഞ്ഞു. ഓരോ സ്‌കൂളിന്റെയും ലഘുവായ ചരിത്രം ബ്ലോഗുകളില്‍ വായിക്കാം. പ്രധാനാധ്യാപകന്‍, പി ടി എ പ്രസിഡണ്ട്, മാനേജര്‍, സ്‌കൂള്‍ ലീഡര്‍, അധ്യാപകര്‍ എന്നിവരെ ഫോട്ടോകളിലൂടെ പരിചയപ്പെടുത്തുന്നുണ്ട്. സ്‌കൂളില്‍ നടക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളാണ് ഹോം പേജില്‍ വരുന്ന പോസ്റ്റുകളില്‍ മുഖ്യം. ദിനങ്ങളുടെ പ്രധാന്യം വ്യക്തമാക്കുന്ന കുറിപ്പുകളും വായിക്കാം.
കുട്ടികളുടെ രചനകള്‍, അധ്യാപകരുടെ സൃഷ്ടികള്‍ എന്നിവ ചേര്‍ക്കാനുളള പേജുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂളില്‍ ആരൊക്കെ ഈ വര്‍ഷം സന്ദര്‍ശിച്ചു എന്നറിയാന്‍ കഴിയും. സ്‌കൂള്‍ പ്രവര്‍ത്തന കലണ്ടര്‍, ഫോട്ടോ ഗാലറി, ബന്ധപ്പെടാനുള്ള വിലാസങ്ങള്‍ എന്നിവയും ബ്ലോഗില്‍ ചേര്‍ക്കാന്‍ സംവിധാനമുണ്ട്. അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഉപകാരപ്പെടുന്ന റിസോഴ്‌സുകളാണ് മറ്റൊരു ഉള്ളടക്കം.
പത്താംക്ലാസ്സിലെ പഠിതാക്കള്‍ക്ക് ആവശ്യമായ കൈപ്പുസ്തകങ്ങളും ചോദ്യശേഖരങ്ങളും ചേര്‍ത്ത് ബ്ലോഗിനെ സമ്പുഷ്ടമാക്കിയവരുമുണ്ട്. ഫോമുകളും സര്‍ക്കുലറുകളും ചേര്‍ത്ത് ബ്ലോഗുകളുടെ പ്രയോജനം വര്‍ദ്ധിപ്പിക്കാനും പല സ്‌കൂളുകളും ശ്രമിച്ചിട്ടുണ്ട്. കൂടാതെ വായനക്കാര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനുളള ഇടവും ഒരുക്കിയിട്ടുണ്ട്. മറ്റേനകം തരത്തിലുളള പേജുകളും ചില ബ്ലോഗുകളില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
ഭൂരിപക്ഷം ബ്ലോഗുകള്‍ക്കും ആകര്‍ഷകമായ ഹെഡ്ഡറുകള്‍ നല്‍കിയിട്ടുണ്ട്. കൂടാതെ ഇരുവശങ്ങളിലുമുളള ഗാഡ്ജറ്റുകളിലൂടെ ഹിറ്റ് നമ്പര്‍, തത്സമയവാര്‍ത്തകള്‍, ഓഫീസ് ബ്ലോഗുകളിലേക്കുള്ള ലിങ്കുകള്‍ തുടങ്ങി ഒട്ടനേകം സാധ്യതകളും പ്രയോജനപ്പെടുത്തുവാന്‍ മത്സരബുദ്ധിയോടെ സ്‌കൂളുകള്‍ മുന്നോട്ട് വന്നിട്ടുണ്ട്.
ഓഫീസ് ബ്ലോഗുകളിലും സമാനമായ അനേകം പേജുകള്‍ കാണാം. ഓരോ ദിവസവും ഇറങ്ങുന്ന സര്‍ക്കാര്‍ ഉത്തരവുകളും ഓഫീസ് ഉത്തരവുകളും ചേര്‍ത്ത് ഔദ്യോഗിക വിവരങ്ങള്‍ യഥാസമയം സ്‌കൂളുകള്‍ക്കും പൊതുസമൂഹത്തിനും ലഭ്യമാക്കുന്നതിനാണ് ഓഫീസ് ബ്ലോഗുകള്‍ ശ്രദ്ധിച്ചിട്ടുള്ളത്. പ്രസ്തുത ഓഫീസ് പരിധിയിലുള്ള മുഴുവന്‍ വിദ്യാലയ ബ്ലോഗുകളിലേക്കുമുള്ള ലിങ്കുകള്‍ ലഭ്യമാക്കി എന്നതാണ് ഓഫീസ് ബ്ലോഗുകളുടെ പ്രധാനനേട്ടം. ഒപ്പം മറ്റ് ഓഫീസുകളുടെ ലിങ്കും നല്‍കിയതിനാല്‍ ഓഫീസ് ബ്ലോഗുകളില്‍നിന്നും സ്‌കൂള്‍ ബ്ലോഗില്‍നിന്നും ജില്ലയിലെ മറ്റേത് ബ്ലോഗുകളിലേക്കും ഏതാനും ക്ലിക്കുകളിലൂടെ എത്തിച്ചേരാനാകും.
മറ്റ് സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ അറിയാനും അതില്‍നിന്ന് പഠിക്കാനും കഴിയുന്ന വിധത്തില്‍ നെറ്റ് വര്‍ക്ക് സാധ്യമാക്കുന്നതിന്റെ മുഖ്യറോള്‍ ഓഫീസ് ബ്ലോഗുകള്‍ നിര്‍വഹിക്കുന്നു.