അറബ് വിമണ്‍ ലീഡര്‍ഷിപ്പ് ഫോറം സമാപിച്ചു

Posted on: November 6, 2014 8:25 pm | Last updated: November 6, 2014 at 8:25 pm

During the Event (1)ദുബൈ: രണ്ടു ദിവസം നീണ്ടുനിന്ന നാലാമത് അറബ് വിമണ്‍ ലീഡര്‍ഷിപ്പ് ഫോറം ഇന്നലെ സമാപിച്ചു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമായിരുന്നു ചൊവ്വാഴ്ച എമിറേറ്റ്‌സ് ടവേഴ്‌സില്‍ ലീഡര്‍ഷിപ്പ് ഫോറത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഫോറത്തില്‍ സംബന്ധിക്കാന്‍ എത്തിയ ശൈഖ് മുഹമ്മദ്, ശൈഖ മനാല്‍ ബിന്‍ത് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ കള്‍ച്ചറല്‍ ഓഫീസ് സംഘടിപ്പിച്ച ആര്‍ട് ഓഫ് കോംപിറ്റിറ്റീവ്‌നസ് എക്‌സ്ബിഷനിലും സന്ദര്‍ശനം നടത്തി.
ദുബൈ വിമണ്‍ എസ്റ്റാബ്ലിഷ്‌മെന്റി(ഡി ഡബ്ലിയു ഇ)ന്റെ നേതൃത്വത്തിലാണ് ശൈഖ മനാല്‍ ബിന്‍ത് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശാനുസരണം പരിപാടി സംഘടിപ്പിച്ചത്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ഉപഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം എന്നിവരും സന്നിഹിതരായിരുന്നു. ആഗോള മത്സരക്ഷമതയിലേക്ക് സ്വദേശി വനിതകളെ ഉയര്‍ത്തിക്കൊണ്ടുവരികയെന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച സമ്മേളനത്തില്‍ എങ്ങിനെ കൂടുതല്‍ ഉയര്‍ന്ന പദവിയിലേക്കു സ്വദേശി വനിതകള്‍ക്ക് എത്തിച്ചേരാമെന്നും വിശദമായി ചര്‍ച്ച ചെയ്തു. ഗള്‍ഫ് കോ-ഓപറേഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ സയാനിയും ഇന്റര്‍നാഷനല്‍ കോഓപറേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് മന്ത്രിയും സായിദ് യൂണിവേഴ്‌സിറ്റി പ്രസിഡന്റുമായ ശൈഖ ലുബ്‌ന അല്‍ ഖാസിമിയും മുഖ്യപ്രഭാഷണം നടത്തി. ലോകത്തിലെ വിവിധ സ്ഥാപനങ്ങളുടെ മേലധികാരികള്‍ സമ്മേളനത്തില്‍ സംസാരിച്ചു.