ഷാര്‍ജ രാജ്യാന്തര പുസ്തകമേളക്ക ഗംഭീര തുടക്കം

Posted on: November 6, 2014 6:41 pm | Last updated: November 6, 2014 at 6:41 pm

dubai book melaഷാര്‍ജ: സാംസ്‌കാരിക നഗരിയില്‍ ഇനി അക്ഷരങ്ങളുടെ ദിന രാത്രങ്ങള്‍. 33-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേളക്ക് ഗംഭീര തുടക്കമായി. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് മേള ഉദ്ഘാടനം ചെയ്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ബുദ്ധിജീവികളും പ്രസാധകരും സന്ദര്‍ശകരും ഉദ്ഘാടന സംഗമത്തെ ധന്യമാക്കി. ഷാര്‍ജ എക്‌സ്‌പോ സെന്ററിലെ വിശാലമായ ഹാളുകളില്‍ 1,256 പ്രസാധകരാണ് പവലിയനുകള്‍ ഒരുക്കിയിരിക്കുന്നത്. മേളയുടെ ആദ്യ ദിവസം തന്നെ സന്ദര്‍ശക പ്രവാഹമായിരുന്നു. ആയിരക്കണക്കിനാളുകളാണ് പുസ്തകോത്സവത്തിന് എക്‌സ്‌പോ സെന്ററില്‍ എത്തിയത്.
ഏതാണ്ട് പത്ത് ലക്ഷത്തോളം ശീര്‍ഷകങ്ങളിലായി കോടിയിലധികം പുസ്തകങ്ങളാണ് പവലിയനുകളെ അലങ്കരിച്ചിരിക്കുന്നത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ശൈഖ് ഡോ. സുല്‍ത്താന്‍ അല്‍ ഖാസിമി പ്രഭാഷണം നടത്തി. ഇസ്‌ലാമിക മൂല്യങ്ങളോ അറബ് സംസ്‌കൃതിയോ ഒരിക്കലും അംഗീകരിക്കാത്ത സംഹാര പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അദ്ദേഹം അറബ് ലോകത്തെ ആഹ്വാനം ചെയ്തു. ലജ്ജാകരമാണ് ഇന്നത്തെ സാഹചര്യങ്ങള്‍. മനുഷ്യത്വരഹിതമായ ഇത്തരം നീക്കങ്ങള്‍ അവസാനിപ്പിച്ച് ബൗദ്ധികമായി മുന്നേറാന്‍ അറബ് ലോകം തയ്യാറാവണം.
‘ഇന്നത്തെ പ്രസംഗം എന്താവണമെന്ന് ചിന്തിച്ചപ്പോള്‍ എന്റെ മനസിലേക്ക് അറബ് ലോകത്തെ ഇന്നത്തെ ദുരവസ്ഥയാണ് കയറിവന്നത്. അറബ് ലോകത്തെ സംഹാര പ്രവര്‍ത്തനങ്ങള്‍ ആരെങ്കിലും ഇഷ്ടപ്പെടുന്നുണ്ടോ? മനുഷ്യത്വപരമാണോ ഈ നീക്കങ്ങള്‍. ധീരോദാത്തമായ അറബ് സംസ്‌കൃതിയുടെ ഭാഗമാണോ ഇത്? ഇസ്‌ലാമിന്റെ അധ്യാപനങ്ങളുമായി ഇതിനു ബന്ധമുണ്ടോ? അറിവും സംസ്‌കാരവും വളര്‍ത്തി അരുതായ്മകള്‍ക്കെതിരെ പട നയിക്കേണ്ടതുണ്ട്. അത്തരം ശ്രമങ്ങളാണ് ഷാര്‍ജ മുന്നോട്ടു വെക്കുന്നത്’ അദ്ദേഹം പറഞ്ഞു.
ശൈഖ് ഡോ. സുല്‍ത്താന്‍ രചിച്ച ഏറ്റവും പുതിയ ഗ്രന്ഥം തഹ്ത റിഹായതില്‍ ഇഹ്തിലാല്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. ഡിപാര്‍ട്‌മെന്റ് ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഉവൈസ് പ്രസംഗിച്ചു. ഷാര്‍ജ ഉപ ഭരണാധികാരിയും കിരീടാവകാശിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി, നിരവധി ശൈഖുമാര്‍, ഡിപ്പാര്‍ട്‌മെന്റ് പ്രതിനിധികള്‍ ചടങ്ങില്‍ സംബന്ധിച്ചു. ഉദ്ഘാടന ശേഷം ശൈഖ് ഡോ. സുല്‍ത്താന്‍ അല്‍ ഖാസിമി, വിവിധ പവലിയനുകള്‍ സന്ദര്‍ശിച്ചു. സിറാജ് ഗള്‍ഫ് ജനറല്‍ മാനേജര്‍ ശരീഫ് കാരശ്ശേരി ശൈഖ് സുല്‍ത്താന് പുസ്തകം സമ്മാനിച്ചു.
മികച്ച ഇമാറാത്തി പുസ്തകം, മികച്ച രാജ്യാന്തര പ്രസാധകര്‍ തുടങ്ങിയ വിഭാഗങ്ങളിലുള്ള പുരസ്‌കാരം ശൈഖ് സുല്‍ത്താന്‍ വിതരണം ചെയ്തു.
ഇന്നലെ വൈകുന്നേരം ആറിന് സ്മാര്‍ട് ഗവണ്‍മെന്റ് എന്ന പേരില്‍ ബുക് ഫോറത്തില്‍ ചര്‍ച്ച നടന്നു. ഡോ. ഉബൈദ് സാലിഹ് ചര്‍ച്ച നയിച്ചു. യു എ ഇ പ്രസാധക രംഗം ഇന്നും ഇന്നലെയും നാളെയും എന്ന വിഷയത്തില്‍ സെമിനാര്‍ ഉണ്ടായിരുന്നു. ഇന്ന് രാവിലെ ഒമ്പതിന് വായനയുടെയും സ്വപ്‌നം കാണലിന്റെയും എഴുത്തിന്റെയും ലോകത്തെക്കുറിച്ചുള്ള സെമിനാര്‍ നടക്കും. ഇന്റലക്ച്വല്‍ ഹാളിലാണ് പരിപാടി.
മേളയിലെ ഏറ്റവും അകര്‍ഷകമായ ഇന്ത്യന്‍ പവലിയന്റെ ഉദ്ഘാടനം യു എ ഇ ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം നിര്‍വഹിച്ചു. ഇന്ത്യയില്‍ നിന്ന് 50ല്‍ അധികം പ്രസാധകരാണ് പവലിയന്‍ ഒരുക്കിയിട്ടുള്ളത്. സിറാജ് ദിനപത്രത്തിന്റെ പവലിയന്‍ ഉദ്ഘാടനവും ടി പി സീതാറാം നിര്‍വഹിച്ചു. മലയാള പ്രസിദ്ധീകരണ ശാലകളുടെ വിവിധ പവലിയനുകളും ടി പി സീതാറാം സന്ദര്‍ശിച്ചു. മേള ഈ മാസം 15ന് അവസാനിക്കും.
ഇന്ന് രാവിലെ 10ന് വിദ്യാര്‍ഥികളുമായി അമീഷ് തൃപ്യാതി സംവദിക്കും. വൈകുന്നേരം നാലരക്ക് സി വി രവീന്ദ്രനാഥിന്റെ പുസ്തകം പ്രകാശനം ചെയ്യപ്പെടും. വൈകുന്നേരം 7.30ന് വിശ്വപ്രശസ്ത എഴുത്തുകാരനായ ഡാന്‍ ബ്രൗണ്‍ ബാള്‍റൂമില്‍ സംസാരിക്കും. രാത്രി ഒമ്പതിന് നടി മഞ്ജുവാര്യര്‍ ആസ്വാദകരെ അഭിമുഖീകരിക്കും.