Connect with us

Wayanad

സര്‍ക്കാര്‍ രേഖകളില്‍ ഇനി മൈലാടിപ്പാറക്കുന്ന് ആദിവാസികളും

Published

|

Last Updated

കൊപ്പം: മൈലാടിപ്പാറക്കുന്നില്‍ പട്ടിണിയോട് മല്ലിട്ട്കഴിയുന്ന ആദിവാസികുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി ജില്ലാ സപ്ലൈഓഫീസറും പട്ടാമ്പി താലൂക്ക് തഹസില്‍ദാറും എത്തി. മൂന്ന് മാസത്തിനകം ട്രൈബല്‍കാര്‍ഡ് നല്‍കാനും റോഷന്‍കാര്‍ഡ് ഉള്‍പ്പെടെ തിരിച്ചറിയല്‍ രേഖകള്‍ ലഭ്യമാക്കാനും നടപടി സ്വീകരിക്കുമെന്ന് പട്ടാമ്പി തഹസില്‍ദാര്‍ വിജയന്‍ അറിയിച്ചു.
കൊപ്പം, മുതുതല ഗ്രാമ പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ മൈലാടിപ്പാറക്കുന്നില്‍ “ക്ഷണവും പാര്‍പ്പിടവും വിദ്യാഭ്യാസവമില്ലാതെ പട്ടിണിയും പരിവട്ടവുമായി കഴിയുന്ന ആദിവാസികുടുംബങ്ങളുടെ ദുരിതജീവിതത്തെ കുറിച്ച് ഇന്നലെ സിറാജ് വാര്‍ത്ത കൊടുത്തിരുന്നു. സിറാജില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നാണ് ജില്ലാ സപ്ലൈഓഫീസറുടെ നടപടി. മലയസമുദായത്തില്‍ പെട്ട ഏഴ് സ്ത്രീകളും മൂന്ന് കുട്ടികളും ഉല്‍പ്പെടെ രണ്ട് ആദിവാസികുടുംബങ്ങളാണ് ആരും തിരിഞ്ഞുനോക്കാനില്ലാതെ ദുരിതത്തില്‍ കഴിയുന്നത്.വര്‍ഷങ്ങളായി ഇവിടെ സ്ഥിരതാമസക്കാരാണിവര്‍. പാവപ്പെട്ട കുടുംബങ്ങളെ പഞ്ചായത്തുകളും അധികൃതരും അവഗണിക്കുകയായിരുന്നു. വോട്ടര്‍പട്ടികില്‍ ഇവരുടെ പേരുപോലുമില്ല.
കുടിവെള്ളത്തിനായി മലയ്ക്ക് താഴെ ഇറങ്ങി കുടങ്ങളില്‍ നിറച്ച് മലമുകളില്‍ ഏറെ പ്രയാസം സഹിച്ചാണ് എത്തിക്കുന്നത്. രോഗമോ മറ്റോ ഉണ്ടായാല്‍ ചികിത്സിക്കാന്‍ സംവിധാനമില്ല. കാട്ടില്‍ പോയി തേന്‍ശേഖരിച്ച് ഉപജീവനം നടത്തുന്ന കുടുംബങ്ങള്‍ക്ക് നാട്ടുകാര്‍ വല്ലതും കൊടുത്താല്‍ അടുപ്പ് പുകയും. ഇല്ലെങ്കില്‍ മുഴുപ്പട്ടിണി തന്നെ.
തിരിച്ചറിയല്‍ രേഖകളോ റേഷന്‍ കാര്‍ഡോ ഇല്ലാത്തതാണ് ഇവര്‍ സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ക്ക് പുറത്താകാന്‍ കാരണം. എന്നാല്‍ തിരഞ്ഞെടുപ്പ് വരുമ്പോള്‍ വോട്ടെടുപ്പിന് ഇവരെ രാഷ്ട്രീയപാര്‍ട്ടികള്‍ ഉപയോഗിക്കുമെന്നല്ലാതെ യാതൊരുവിധ സഹായങ്ങളോ ആനുകൂല്യങ്ങളോ നല്‍കാറില്ലെന്ന് ആദിവാസികുടുംബങ്ങള്‍ പരാതിപ്പെടുന്നു. തെങ്ങിന്‍പട്ടയും തുണിയും ചാക്കുകളും കൊണ്ട് മറച്ചുണ്ടാക്കിയ കുടിലിലാണ് ഇവരുടെ താമസം. കഴിഞ്ഞ വര്‍ഷം ഇവിടുത്തെ കുട്ടികളില്‍ വിളര്‍ച്ചരോഗം കണ്ടെത്തിയിരുന്നു. അന്ന് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് മരുന്നുകളും മറ്റും വിതരണം ചെയ്തിരുന്നുവെങ്കിലുംപുനരവധിവാസ നടപടികളെന്നുമുണ്ടായില്ല. എന്നാല്‍ സിറാജ് വാര്‍ത്തയെ തുടര്‍ന്ന് പട്ടാമ്പി താലൂക്ക് തഹസില്‍ദാര്‍ വിജയന്‍ പട്ടികജാതി വികസന വകുപ്പ് അധികൃതരുമായി ഇതേ കുറിച്ച് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ആദിവാസി കുടുംബങ്ങള്‍ പട്ടികവര്‍ഗക്കാരാണെന്നും എസ് സി, എസ്ടി വിഭാഗത്തിന് നല്‍കുന്ന ആനുകൂല്യങ്ങള്‍ക്ക് ഇവരും അര്‍ഹരാണെന്ന് കണ്ടെത്തുകയും സഹായം നല്‍കുന്നതിന് ട്രൈബല്‍കാര്‍ഡുകള്‍ മല്‍കാന്‍ ധാരണയായെതെന്നുംജില്ലാ സപ്ലൈ ഓഫീസര്‍ പറഞ്ഞു.
ഇതനുസരിച്ച് ഇവര്‍ താമസിക്കുന്ന കുടിലുകള്‍ക്ക് താത്കാലിക നമ്പറുകള്‍ നല്‍കുമെന്നും വൈകാതെ റേഷന്‍കാര്‍ഡ് ലഭ്യമാക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.