Connect with us

Kerala

കേന്ദ്ര സര്‍വകലാശാല: നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂന്ന് മാസത്തിനകം

Published

|

Last Updated

തിരുവനന്തപുരം: കാസര്‍കോട്ടെ നിര്‍ദിഷ്ട കേന്ദ്ര സര്‍വകലാശാലക്ക് പെരിയ വില്ലേജിലെ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഭൂമിയില്‍ നിന്ന് 51 ഏക്കര്‍ അനുവദിക്കാനും അവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂന്ന് മാസത്തിനകം ആരംഭിക്കാനും തീരുമാനിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ ചേംബറില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്.
സര്‍വകലാശാലക്ക് ഭൂമി നല്‍കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കും. കേന്ദ്ര സര്‍വകലാശാലക്ക് നല്‍കുന്ന ഭൂമിക്ക് പകരം പ്ലാന്റേഷന്‍ കോര്‍പറേഷന് സര്‍വകലാശാല ചീമേനിയില്‍ ഭൂമി നല്‍കും. ഇതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
കേന്ദ്ര സര്‍വകലാശാലക്ക് ശാഖകള്‍ ആരംഭിക്കുന്നതിന് വിവിധയിടങ്ങളില്‍ സ്ഥലം വേണമെന്ന് യോഗത്തില്‍ സര്‍വകലാശാലാ അധികൃതര്‍ ആവശ്യപ്പെട്ടു. ഇതിന് ഓരോന്നിനും പ്രത്യേകം നിര്‍ദേശം സമര്‍പ്പിക്കണമെന്നും ബന്ധപ്പെട്ട പ്രദേശങ്ങളില്‍ നടത്താന്‍ പോകുന്ന വികസന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമായി നിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവല്ലയില്‍ കണ്ടെത്തിയിരിക്കുന്ന 10 ഏക്കര്‍ ഭൂമി സംബന്ധിച്ച് ജില്ലാ കലക്ടര്‍ ഉടന്‍ മന്ത്രിസഭക്ക് നിര്‍ദേശം സമര്‍പ്പിക്കണം. കുടപ്പനക്കുന്നില്‍ ലഭ്യമാക്കാന്‍ തീരുമാനിച്ചിരിക്കുന്ന അഞ്ച് ഏക്കര്‍ ഭൂമി എവിടെയായിരിക്കണമെന്നതു സംബന്ധിച്ച് അടിയന്തരമായി കൂടിയാലോചനകള്‍ നടത്തി മന്ത്രിസഭയെ അറിയിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. കൃഷി മന്ത്രി കെ പി മോഹനന്‍ യോഗത്തില്‍ സംബന്ധിച്ചു.

 

Latest