ശിവസേനയുടെ അന്ത്യശാസനം ഫട്‌നാവിസ് തള്ളി

Posted on: November 6, 2014 5:57 am | Last updated: November 5, 2014 at 10:58 pm

shivsena logoമുംബൈ: മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാര്‍ വിശ്വാസവോട്ട് തേടുംമുമ്പ് തങ്ങളുടെ രണ്ട് എം എല്‍ എമാരെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യിക്കണമെന്ന ശിവസേനയുടെ ആവശ്യം ബി ജെ പി നിരാകരിച്ചതായി റിപ്പോര്‍ട്ട്. ശിവസേനയുമായി സഖ്യം സംബന്ധിച്ച ചര്‍ച്ച നടക്കുന്നുണ്ടെന്നും എന്നാല്‍, നിയമസഭയില്‍ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയ ശേഷമേ മന്ത്രിസഭാ വികസനം സംഭവിക്കൂവെന്നും മുഖ്യമന്ത്രി ഫട്‌നാവിസ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
തങ്ങളുടെ ആവശ്യം അംഗീകരിച്ച് കിട്ടാന്‍ നവംബര്‍ 15 വരെ സമയമുണ്ടെന്ന് ശിവസേന വ്യക്തമാക്കിയതായും വാര്‍ത്തയുണ്ട്. ബി ജെ പി നയിക്കുന്ന മന്ത്രിസഭയില്‍ ശിവസേന ചേരാന്‍ ഇടയില്ലെന്ന വാര്‍ത്തകള്‍ക്കിടെയാണ് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന പുതിയ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. തങ്ങള്‍ക്ക് ഉപമുഖ്യമന്ത്രിപദം ലഭിക്കണമെന്ന ശിവസേനയുടെ ആവശ്യം അംഗീകരിക്കാന്‍ ബി ജെ പിക്ക് വൈമുഖ്യമുണ്ട്. ഇത് ഭാവിയില്‍ തങ്ങള്‍ക്ക് വിനയാകുമെന്ന് അവര്‍ ഭയപ്പെടുന്നു. നിയമസഭയില്‍ വിശ്വാസവോട്ട് നേടുന്നതിന് മുമ്പ് ഉപമുഖ്യമന്ത്രിസ്ഥാനം ഉറപ്പാക്കിയില്ലെങ്കില്‍ അത് കിട്ടാക്കനിയായി അവസാനിക്കുമെന്ന് ശിവസേനയും ഭയപ്പെടുന്നുണ്ട്.
ഭരണത്തില്‍ മാന്യമായ പങ്ക് നല്‍കിയില്ലെങ്കില്‍ ഉദ്ധവ് താക്കറെ നയിക്കുന്ന പാര്‍ട്ടി നിയമസഭയില്‍ പ്രതിപക്ഷത്തിരിക്കുമെന്ന് ശിവസേനാ വൃത്തങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ഫട്‌നാവിസിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഉദ്ധവ് താക്കറെ പങ്കെടുത്തതിന് ശേഷം ഇരുപാര്‍ട്ടികളും തമ്മില്‍ സഖ്യത്തിനായി ചര്‍ച്ച നടക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും ചര്‍ച്ചയില്‍ ഒരു ഇഞ്ച് പോലും മുന്നേറ്റമുണ്ടായിട്ടില്ലെന്ന് ശിവസേനാ വൃത്തങ്ങള്‍ പറയുന്നു. ഉപമുഖ്യമന്ത്രി പദം ശിവസേനക്ക് നല്‍കുന്നതിലാണ് രൂക്ഷമായ അഭിപ്രായ ഭിന്നത.
രണ്ട് കാവി സംഘടനകളും ചേര്‍ന്ന് ആദ്യമായി കൂട്ടുകക്ഷി സര്‍ക്കാര്‍ ഉണ്ടാക്കിയപ്പോള്‍, അന്നത്തെ ഫോര്‍മുല അനുസരിച്ച് മുന്നണിയിലെ ജൂനിയര്‍ അംഗമായിരുന്ന ബി ജെ പിക്ക് ഉപമുഖ്യമന്ത്രിസ്ഥാനം ലഭിച്ചിരുന്നു. ഇപ്പോള്‍ തങ്ങള്‍ക്കും പ്രസ്തുത നീതി ലഭിക്കണമെന്നാണ് ശിവസേനയുടെ നിലപാട്. അതേസമയം, മഹാരാഷ്ട്ര വിഭജിച്ച് വിദര്‍ഭ സംസ്ഥാനം രൂപവത്കരിക്കണമെന്ന ഫട്‌നാവിസിന്റെ നയം ഒരിക്കലും അംഗീകരിക്കില്ലെന്ന് ശിവസേന വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ നിന്ന് വിദര്‍ഭയെ മുറിക്കുന്നത് കുട്ടിയെ മാതാവില്‍ നിന്ന് അടര്‍ത്തിമാറ്റുന്നതിന് തുല്യമാണെന്നും പാര്‍ട്ടി മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തില്‍ പറയുന്നു.