Connect with us

National

രാജ്‌നാഥ് സിംഗ് ഇസ്‌റാഈലില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഔദ്യോഗിക സന്ദര്‍ശനത്തിന് ഇസ്‌റാഈലിലെത്തി. രാവിലെ ജറൂസലമില്‍ എത്തുമെന്നാണ് പദ്ധതിയിട്ടതെങ്കിലും മൊണോക്കോയില്‍ നിന്നുള്ള വിമാനം സര്‍വീസ് റദ്ദാക്കിയതിനാല്‍ രാത്രിയോടെയാണ് അദ്ദേഹം എത്തിയത്. പ്രതികൂല കാലാവസ്ഥ കാരണമാണ് വിമാനം റദ്ദാക്കിയത്. ഇതിനെ തുടര്‍ന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായിട്ടുള്ള കൂടിക്കാഴ്ച ഇന്നാണ്. നാല് ദിവസത്തെ സന്ദര്‍ശനത്തില്‍ നിരവധി ഉന്നതതല കൂടിക്കാഴ്ചകള്‍ നടക്കും.
സന്ദര്‍ശനം വളരെ പ്രധാനപ്പെട്ടതാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. 2000ത്തില്‍ അന്നത്തെ ആഭ്യന്തര മന്ത്രി എല്‍ കെ അഡ്വാനി ഇസ്‌റാഈല്‍ സന്ദര്‍ശിച്ച ശേഷം ഇതാദ്യമായാണ് ഒരു ആഭ്യന്തര മന്ത്രി ജൂത രാഷ്ട്രത്തില്‍ എത്തുന്നത്. സെപ്തംബറില്‍ ന്യൂയോര്‍ക്കില്‍ നടന്ന യു എന്‍ പൊതുസഭയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇസ്‌റാഈല്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന ഉഭയകക്ഷി സഹകരണ വിഷയങ്ങളുടെ തുടര്‍ച്ചയായിരിക്കും നെതന്യാഹു- രാജ്‌നാഥ് കൂടിക്കാഴ്ചയില്‍ ഉണ്ടാകുക. ഇന്ത്യയുമായുള്ള സഹകരണത്തിന് “ആകാശമാണ് അതിര്‍ത്തി” എന്നായിരുന്നു മോദിയുമായുള്ള ചര്‍ച്ചയില്‍ നെതന്യാഹു പറഞ്ഞിരുന്നത്. മോദി വിജയശ്രീലാളിതനായപ്പോള്‍ ആദ്യം അദ്ദേഹത്തെ വിളിച്ച് അഭിനന്ദിച്ച രാഷ്ട്രത്തലവനായിരുന്നു നെതന്യാഹു. ഇസ്‌റാഈലുമായുള്ള സഹകരണത്തിനെതിരെ രാജ്യത്ത് ശക്തമായ വികാരം നിലനില്‍ക്കുമ്പോഴും ആ രാജ്യവുമായി തന്ത്രപരമായ സഹകരണം ശക്തമാക്കണമെന്ന നിലപാടാണ് ബി ജെ പിക്കുള്ളത്. ഇന്ത്യക്ക് സൈനിക ആയുധങ്ങളും ഉപകരണങ്ങളും വില്‍ക്കുന്നതില്‍ രണ്ടാം സ്ഥാനം ഇസ്‌റാഈലിനാണ്. ഒന്നാം സ്ഥാനത്ത് റഷ്യയും. ഇരുരാജ്യങ്ങളും ചേര്‍ന്ന് തീവ്രവാദവിരുദ്ധ പ്രവര്‍ത്തനത്തില്‍ സംയുക്ത കര്‍മ സമിതി രൂപവത്കരിച്ചിട്ടുണ്ട്. ഗാസയിലും ഫലസ്തീനിലാകെയും ഇസ്‌റാഈല്‍ നടത്തുന്ന ക്രൂരതകളെ ശക്തമായ ഭാഷയില്‍ അപലപിക്കാന്‍ ബി ജെ പി സര്‍ക്കാര്‍ ഇതേവരെ തയ്യാറായിട്ടില്ല.