Connect with us

Editorial

ഡല്‍ഹി തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍

Published

|

Last Updated

എട്ട് മാസത്തെ അനിശ്ചിതത്വത്തിനൊടുവില്‍ ഡല്‍ഹി തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ഇടക്കാല തിരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തില്‍ കേന്ദ്ര മന്ത്രിസഭയുടെ ശിപാര്‍ശ പ്രകാരം രാഷ്ട്രപതി ഇന്നലെ നിയമസഭ പിരിച്ചുവിട്ടതോടെയാണ് ഫെബ്രുവരി മുതല്‍ രാഷ്ട്രപതി ഭരണത്തിലായിരുന്ന ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പിന് വഴിതെളിഞ്ഞത്. ജനുവരി അവസാനത്തിലോ ഫെബ്രുവരി ആദ്യത്തിലോ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന.
ഫെബ്രുവരിയില്‍ കെജ്‌രിവാള്‍ സര്‍ക്കാര്‍ രാജിവെച്ചതിനെത്തുടര്‍ന്ന് പുതിയ തിരഞ്ഞെടുപ്പു നടത്തണമെന്ന ആവശ്യവുമായി ആം ആദ്മി പാര്‍ട്ടി സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് നിയമസഭ പിരിച്ചുവിടാന്‍ കേന്ദ്രം നിര്‍ബന്ധിതമാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹി ബി ജെ പിക്കൊപ്പമായിരുന്നെങ്കിലും പിന്നീട് സ്ഥിതിഗതികളില്‍ മാറ്റം വന്നതായുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ അഭിപ്രായത്തെത്തുടര്‍ന്ന് ഉടനെ തിരഞ്ഞെടുപ്പ് വേണ്ടെന്നായിരുന്നു ബി ജെ പിയുടെയും കേന്ദ്ര സര്‍ക്കാറിന്റെയും നിലപാട്. തിരഞ്ഞെടുപ്പ് ഒഴിവാക്കാനും മന്ത്രിസഭ രൂപവത്കരിക്കാനും മറ്റു കക്ഷികളില്‍ നിന്ന് എം എല്‍ എമാരെ ചാക്കിടുന്നത് ഉള്‍പ്പെടെ എല്ലാ തന്ത്രങ്ങളും പാര്‍ട്ടി പയറ്റുകയും ചെയ്തു. നിയമസഭയില്‍ ബി ജെ പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 28 ആണ് അവരുടെ അംഗബലം. ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി 31 സീറ്റില്‍ വിജയിച്ചിരുന്നെങ്കിലും മൂന്ന് എം എല്‍ എമാര്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അംഗബലം 28 ആയി ചുരുങ്ങിയത്. സഖ്യകക്ഷിയായ ശിരോമണി അകാലിദളിന്റെ ഒരംഗത്തിന് പുറമെ സഭയില്‍ കേവല ഭൂരിപക്ഷം ഉറപ്പാക്കാന്‍ അവര്‍ക്ക് ഏഴ് എം എല്‍ എമാരുടെ പിന്തുണ കൂടി വേണം. 27 അംഗങ്ങളുള്ള ആം ആദ്മിയില്‍ നിന്നും എട്ട് പേരുള്ള കോണ്‍ഗ്രസില്‍ നിന്നും ഏതാനും പേരെ വശത്താക്കാന്‍ ബി ജെ പി ശ്രമിച്ചിരുന്നു. വന്‍ വാഗ്ദാനങ്ങള്‍ നല്‍കി പലരെയും സമീപിച്ചു വരുന്നതിനിടെ, ആം ആദ്മി എം എല്‍ എ ദിനേശ് മോഹനിയക്ക് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷേര്‍ സിംഗ് ദാഗര്‍ നാല് കോടി രൂപ വാഗ്ദാനം ചെയ്യുന്ന വീഡിയോ ദൃശ്യം പുറത്ത് വന്നതോടെ പാര്‍ട്ടിയുടെ ശ്രമം പാളുകയായിരുന്നു. ദാഗറിന്റെ വസതിയില്‍ ദിനേശ് മോഹനിയ തന്നെയാണ് ഒളിക്യാമറയിലൂടെ ഈ രംഗം പകര്‍ത്തിയത്. പാര്‍ട്ടിയുടെ സര്‍ക്കാര്‍ രൂപവത്കരണ നീക്കത്തിന് മാത്രമല്ല, പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് തന്നെ ഈ സംഭവം മങ്ങലേല്‍പ്പിക്കുകയുണ്ടായി. ഈ സാഹചര്യത്തിലാണ് എട്ട് മാസമായി മരവിപ്പിച്ചു നിര്‍ത്തിയ നിയമസഭ പിരിച്ചുവിടണമെന്ന ആം ആദ്മിയുടെയും കോണ്‍ഗ്രസിന്റെയും ആവശ്യത്തെ ബി ജി പിക്ക് പിന്തുണക്കേണ്ടി വന്നത്.
കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് നിയമസഭ പിരിച്ചുവിട്ടു തിരഞ്ഞെടുപ്പ് നടത്തുന്ന പ്രവണത പൊതുഖജനാവിന് അധികഭാരവും ജനാധിപത്യത്തിന്റെ അന്തഃസത്തക്ക് അനുയോജ്യവുമല്ലെങ്കിലും കുതിരക്കച്ചവടത്തിലൂടെ ജനപ്രതിനിധികളെ സ്വാധീനിച്ചു മന്ത്രി സഭ രൂപവത്കരിക്കുന്നതിനേക്കാള്‍ കരണീയം പുതിയ തിരെഞ്ഞടുപ്പ് തന്നെയാണ്. വളഞ്ഞ മാര്‍ഗത്തിലൂടെ അധികാരം പിടിച്ചെടുക്കുന്ന പ്രവണത പ്രോത്സാഹിപ്പിക്കപ്പെടാവതല്ല. എങ്കിലും മലീമസമായ ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തില്‍ ഇത്തരം പ്രവണതകള്‍ വര്‍ധിച്ചു വരുന്നുണ്ട്. 2010ല്‍ കര്‍ണാടകത്തിലെ യെദിയുരപ്പ സര്‍ക്കാറിനെ നിലനിര്‍ത്താന്‍ കോണ്‍ഗ്രസില്‍ നിന്നും ജനതാദളില്‍ നിന്നും എം എല്‍ എ മാരെ രാജിവെപ്പിച്ച് കൂറുമാറ്റിയത് കുതിരക്കച്ചവടത്തിലൂടെയായിരുന്നു. വന്‍തുകയും അധികാര സ്ഥാനങ്ങളുമാണ് കൂറുമാറ്റക്കാര്‍ക്ക് ബി ജെ പി നല്‍കിയതെന്ന് ജനതാദളും കോണ്‍ഗ്രസും ആരോപിച്ചിരുന്നു. ജനതാദള്‍ എം എല്‍ എ ശ്രീനിവാസക്ക് ബി ജെ പി എം എല്‍ എയായിരുന്ന സുരേഷ് ഗൗഡ 16 ലക്ഷം രൂപ വാഗ്ദാനം ചെയ്യുന്ന വീഡിയോ ദൃശ്യം അവരുടെ ആരോപണം സാധൂകരിക്കുകയുമുണ്ടായി. കഴിഞ്ഞ വര്‍ഷം ബീഹാറില്‍ ജെ ഡി യു നേതൃത്വവും ഇതേ തന്ത്രം പയറ്റിയിരുന്നു. ഇടഞ്ഞു നില്‍ക്കുന്ന ബി ജെ പി എം എല്‍ എമാരെയാണ് അന്ന് നിതീഷ്‌കുമാര്‍ സര്‍ക്കാര്‍ സ്വാധീനിച്ചത്. “പ്രബുദ്ധ” കേരളത്തിലുമുണ്ടായി ഇത്തരം സംഭവം. പിറവം മണ്ഡലത്തില്‍ നിന്ന് സി പി എം ടിക്കറ്റില്‍ വിജയിച്ച സെല്‍വരാജ് എം എല്‍ എ സ്ഥാനം രാജിവെച്ച് കൂറുമാറിയതിന്റെ പിന്നാമ്പുറം മാധ്യമങ്ങള്‍ വെളിച്ചത്തു കൊണ്ടുവന്നതാണ്. .
അക്രമാസക്തമായ മാര്‍ഗങ്ങള്‍ വെടിഞ്ഞു അഹിംസയുടെയും സഹന സമരത്തിന്റെയും പാതയിലൂടെ സ്വാതന്ത്ര്യം സമ്പാദിച്ച ഇന്ത്യ ലോകത്തെ ഏറ്റവും മഹത്തായ ജനാധിപത്യ വ്യവസ്ഥിതിയുടെ നാടായാണ് അറിയപ്പെടുന്നതെങ്കിലും രാഷ്ട്രീയ കുതിരക്കച്ചവടവും, അധികാര വടംവലിയും, കുറ്റവാളികളെ അധികാരത്തിന്റെ ഉന്നതങ്ങളില്‍ പ്രതിഷ്ഠിക്കുന്ന നെറികെട്ട പ്രവണതയുമെല്ലാം നമ്മുടെ മഹത്തായ ജനാധിപത്യത്തെ ദുര്‍ബലമാക്കുകയും ആഗോളതലത്തില്‍ രാജ്യത്തിനുണ്ടായിരുന്ന സത്‌പേര് നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കയുമാണ്. ഡല്‍ഹിയില്‍ സര്‍ക്കാറുണ്ടാക്കാന്‍ അരങ്ങേറിയ വഴിവിട്ട മാര്‍ഗങ്ങള്‍ വിജയിച്ചിരുന്നുവെങ്കില്‍ ജനാധിപത്യത്തിന് മറ്റൊരു ആഘാതമാകുമായിരുന്നു. സംസ്ഥാനത്ത് സ്വതന്ത്രമായ തിരഞ്ഞെടുപ്പ് നടത്തി ഭരണഘടനാ പരമായ മാര്‍ഗേന പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരട്ടെ. അതാണ് ജനാധിപത്യ വിശ്വാസികള്‍ ആഗ്രഹിക്കുന്നത്.

Latest