Connect with us

International

മസ്ജിദുല്‍ അഖ്‌സയില്‍ വീണ്ടും ഫലസ്തീന്‍- ഇസ്‌റാഈല്‍ സംഘര്‍ഷം

Published

|

Last Updated

ജറൂസലം: അല്‍ അഖ്‌സ പള്ളിയിലേക്ക് ജൂതര്‍ കടന്നുകയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇസ്‌റാഈല്‍ സൈന്യവും ഫലസ്തീന്‍ പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം ശക്തമായി. ഇന്നലെയാണ് അല്‍ അഖ്‌സ പള്ളിയിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ചില ജൂതര്‍ ശ്രമം നടത്തിയത്. ഇതിന് പുറമെ നഗരത്തില്‍ രണ്ടിടങ്ങളിലായി ഉണ്ടായ മറ്റു രണ്ട് അനിഷ്ട സംഭവങ്ങള്‍ കൂടി ആയതോടെ പ്രദേശം ഇപ്പോള്‍ കനത്ത സംഘര്‍ഷ ഭീതിയിലാണ്. പടിഞ്ഞാറന്‍ ജറൂസലമില്‍ ട്രെയിന്‍ കാത്തുനില്‍ക്കുകയായിരുന്ന ജൂതര്‍ക്കിടയിലേക്ക് ഒരു ട്രക്ക് പാഞ്ഞുകയറിയതാണ് ഒരു സംഭവം. എന്നാല്‍ മനഃപൂര്‍വം ഇടിച്ചുകയറ്റിയതാണെന്ന് ആരോപിച്ച് ഇസ്‌റാഈല്‍ സൈന്യം സംഭവ സ്ഥലത്തെത്തുകയും ഡ്രൈവറെ വെടിവെച്ച് കൊല്ലുകയും ചെയ്തു. ഇതിന് പുറമെ മറ്റൊരു സംഭവത്തില്‍, ശൈഖ് ജിറാ പ്രദേശത്ത് രണ്ട് പോലീസുകാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറിയതും സംഘര്‍ഷത്തിനിടയാക്കി. എന്നാല്‍ ഇത് ആക്രമണമാണോ എന്ന കാര്യം ഇസ്‌റാഈലും സ്ഥിരീകരിച്ചിട്ടില്ല. ഇപ്പോള്‍ ജറൂസലമില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണെന്നും ഇവിടെ കനത്ത പോലീസ് കാവലിലാണെന്നും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
പള്ളി കോമ്പൗണ്ടിലേക്ക് പ്രവേശിക്കാന്‍ ശ്രമം നടത്തിയ ജൂതരുമായി ഫലസ്തീനികള്‍ സംഘര്‍ഷമുണ്ടായി. ഇതിനെ തുടര്‍ന്നാണ് ഇസ്‌റാഈലിന്റെ സൈന്യവും ഇവിടെയെത്തിയത്. അല്‍ അഖ്‌സ പള്ളിക്കുള്ളിലേക്ക് ഇസ്‌റാഈല്‍ സൈന്യം പ്രവേശിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പ്രവേശന കവാടം അടക്കാനാണ് തങ്ങള്‍ കയറിയതെന്ന് ഇസ്‌റാഈല്‍ വാദിക്കുന്നുണ്ടെങ്കിലും, പ്രദേശത്തെ സംഘര്‍ഷം ശക്തമാക്കുക എന്ന ലക്ഷ്യമാണ് അവര്‍ക്കുള്ളതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ ഫലസ്തീനികള്‍ക്ക് മുമ്പില്‍ വെച്ച് ആവര്‍ത്തിക്കുന്നത് സാഹചര്യം കൂടുതല്‍ വഷളാകാനേ ഉപകരിക്കൂവെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.
ഇസ്‌റാഈല്‍ സൈന്യവും ഫലസ്തീനികളും തമ്മില്‍ രൂക്ഷമാകുന്ന സംഘര്‍ഷം മറ്റൊരു ഇന്‍തിഫാദയിലേക്ക് ഫലസ്തീനെ നിര്‍ബന്ധിക്കുകയാണ്. പള്ളി കോമ്പൗണ്ട് വീണ്ടും തുറന്നിട്ടുണ്ടെങ്കിലും ഇപ്പോഴും സാഹചര്യം നല്ല നിലയിലെത്തിയിട്ടില്ല.
സംഘര്‍ഷത്തില്‍ 20 പേര്‍ക്കെങ്കിലും പരുക്കേറ്റു. അതിനിടെ നിരായുധരായ ഫലസ്തീനികള്‍, ഇസ്‌റാഈല്‍ സൈന്യത്തിന്റെ അതിക്രമങ്ങള്‍ക്കെതിരെ നടത്താറുള്ള കല്ലേറ് ക്രിമിനല്‍ കുറ്റമായി ഇസ്‌റാഈല്‍ സര്‍ക്കാര്‍ വ്യാഖ്യാനിച്ചു. ഇതനുസരിച്ച് ഇസ്‌റാഈല്‍ സൈന്യത്തിന് നേരെ കല്ലേറ് നടത്തിയാല്‍ 20 വര്‍ഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും.