നെടുമ്പാശ്ശേരിയില്‍ രണ്ട് കോടിയുടെ സ്വര്‍ണം പിടികൂടി

Posted on: November 5, 2014 11:24 pm | Last updated: November 5, 2014 at 11:24 pm

gold_bars_01നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ട് കോടിയോളം രൂപ വിലവരുന്ന സ്വര്‍ണ പിടികൂടി. ദുബൈയില്‍ നിന്നുള്ള യാത്രക്കാരനില്‍ നിന്നാണ് ഏഴര കിലോ സ്വര്‍ണം വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.
ഇന്നലെ രാവിലെ ഒമ്പതിന് ദുബൈയില്‍ നിന്ന് ദോഹ വഴി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് ഇല്യാസി(25)നെയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിന് പിടികൂടിയത്. ഇലക്ട്രിക്കല്‍ ട്രാന്‍സ്‌ഫോമര്‍, ലേഡീസ് ബാഗേജ്, മുക്കുപണ്ടങ്ങള്‍, വാച്ചുകള്‍ എന്നിവയില്‍ ഒളിപ്പിച്ചായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
നാല് ഇലക്ട്രിക്കല്‍ ട്രാന്‍സ്‌ഫോമറുകളിലായി ആറര കിലോ സ്വര്‍ണം 56 ചെറുകഷണങ്ങളാക്കി കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞ നിലയിലും ഒരു കിലോ സ്വര്‍ണം ബീഡ്‌സ് ചെയിന്‍, ടൈഗര്‍ ബാമിന്റെ അടപ്പ്, വാച്ച് സ്ട്രാപ്പ്, ബാഗിന്റെ സിബ്, കീചെയിന്‍ തുടങ്ങിയ രൂപങ്ങളിലുമാക്കിയാണ് കടത്താന്‍ ശ്രമിച്ചത്.
മൂന്ന് മാസം മുമ്പ് വിസിറ്റിംഗ് വിസയില്‍ ദുബൈയിലേക്ക് പോയ ഇല്യാസ് തിരിച്ചു വന്നപ്പോള്‍ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. പരിശോധനക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ സജ്ഞയ് ബാഗറേട്ടല്‍, സൂപ്രണ്ടുമാരായ എം. ഷൈരാജ്, കോശി അലക്‌സ്, എം. ആര്‍ രാമചന്ദ്രന്‍, കെ കെ. സോമസുന്ദരന്‍, കെ. ഷനോജ്കുമാര്‍, കെ പി മജീദ്, മൊയ്ദീന്‍ നൈന, എം ആര്‍ ഹജോംഗ്, സണ്ണി കെ ജോസഫ്, ഇന്‍സ്‌പെക്ടര്‍മാരായ ഒ എഫ് ജോസ്, മുഹമ്മദ് സക്കീര്‍ അലി, കെ. സുനില്‍കുമാര്‍, കെ ജനാര്‍ദ്ദനന്‍, പി ഗോപിനാഥന്‍നായര്‍, എം കെ ഫഹാദ് നേതൃത്വം നല്‍കി.