എയര്‍ ഇന്ത്യ ലഗേജ് വര്‍ധിപ്പിച്ചു നിരക്കിലും വന്‍ ഇളവ്

Posted on: November 5, 2014 5:00 pm | Last updated: November 5, 2014 at 5:25 pm

അബുദാബി: ലഗേജ് വര്‍ധിപ്പിച്ചതിന് പുറമെ എയര്‍ ഇന്ത്യ നിരക്കിലും വന്‍കുറവ് വരുത്തി. കഴിഞ്ഞ ദിവസം മുതലാണ് ലഗേജ് മുപ്പത് കിലോയില്‍ നിന്നും നാല്‍പത് കിലോയായി ഉയര്‍ത്തിയത്.
യു എ ഇയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നും ഇന്ത്യയിലേക്കാണ് വര്‍ധനവ്. നവംബര്‍ 30 വരെ നിലവിലുണ്ടാകുമെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചു.
ലഗേജ് വര്‍ധനവ് കൂടാതെ നിരക്കിലും വന്‍ കുറവ് വരുത്തിയിട്ടുണ്ട്. ഷാര്‍ജയില്‍ നിന്നും കൊച്ചിയിലേക്ക് പോയിവരുന്നതിന് ആയിരം ദിര്‍ഹമിന് താഴെയാണ് ഇപ്പോള്‍ നിരക്ക്. കൂടാതെ കോഴിക്കോട്, തിരുവനന്തപുരം, കോയമ്പത്തൂര്‍ വിമാനത്താവളങ്ങളിലേക്കും ടിക്കറ്റ് നിരക്കില്‍ കുറവുണ്ടെന്നും ഇനി മുതല്‍ സീസണല്ലാത്ത സമയങ്ങളില്‍ സാമൂഹിക പരിഗണനയില്‍ കഴിവതും ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
എയര്‍ ഇന്ത്യ ലഗേജ് വര്‍ധിപ്പിച്ച് ടിക്കറ്റ് നിരക്ക് കുറച്ചതായുള്ള വാര്‍ത്ത പുറത്ത് വന്നതോടെ യാത്രക്കാര്‍ ട്രാവല്‍സുകളില്‍ അന്വേഷിച്ച് വരികയാണെന്ന് ട്രാവല്‍സ് വൃത്തങ്ങള്‍ പറഞ്ഞു.
പുതിയ വ്യവസ്ഥ അനുസരിച്ച് 40 കിലോ ലഗേജും ഏഴ് കിലോ ഹാന്‍ബാഗുമാണ് അനുവദിച്ചിട്ടുള്ളത്. ഇതിന് പുറമെ ഡ്യൂട്ടിഫ്രീ ഷോപ്പുകളില്‍ നിന്ന് അമിതമായി സാധനങ്ങള്‍ വാങ്ങി കയ്യില്‍ കരുതുന്നതാണ് എയര്‍ ഇന്ത്യ ലഗേജിന്റെ തൂക്കം കുറക്കുവാനുള്ള കാരണം. സ്വകാര്യ വിമാനക്കമ്പനികളെ അപേക്ഷിച്ച് കൃത്യമായി സര്‍വീസ് നടത്തിയും കേരളീയ ഭക്ഷണം വിതരണം ചെയ്തും എയര്‍ ഇന്ത്യ പുതിയ മാറ്റത്തിന്റെ പാതയിലാണ്. ഗള്‍ഫ് മേഖലയില്‍ നിന്നു ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ആശ്രയിക്കുന്നത് എയര്‍ ഇന്ത്യയെയാണ്.