വിദ്യാര്‍ഥിയില്‍ നിന്ന് നിര്‍ബന്ധപൂര്‍വം വാങ്ങിയ പണം തിരിച്ച് നല്‍കാന്‍ കോടതി ഉത്തരവ്

Posted on: November 5, 2014 10:01 am | Last updated: November 5, 2014 at 10:01 am

നിലമ്പൂര്‍/മഞ്ചേരി: എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയില്‍ നിന്ന് നിര്‍ബന്ധപൂര്‍വം വാങ്ങിയ ഒരുലക്ഷത്തിഅയ്യായിരം രൂപ പത്ത് ശതമാനം പലിശ സഹിതം തിരിച്ചു നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവായി.
ഇടക്ക് വെച്ച് പഠനം നിര്‍ത്തിയ കോഴിക്കോട് കൊയിലാണ്ടി കൊല്ലം ശാലോംവീട്ടില്‍ ജോജി എന്ന വിദ്യാര്‍ഥിക്ക് പട്ടിക്കാട് എം ഇ എ എന്‍ജിനിയറിംഗ് കോളജില്‍ സമര്‍പ്പിച്ച ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു കിട്ടാന്‍ മൂന്നു വര്‍ഷത്തെ മുഴുവന്‍ ട്യൂഷന്‍ ഫീസും ഒന്നിച്ചടക്കണമെന്ന എന്‍ജിനിയറിംഗ് കോളജ് പ്രിന്‍സിപ്പലിന്റെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഉപഭോക്തൃ കോടതിയുടെ വിധി. പ്രിന്‍സിപ്പലിനെ പ്രതിയാക്കി ജോജിയുടെ പിതാവ് രവീന്ദ്രന്‍ നല്‍കിയ ഹരജി ഫയല്‍ ചെയ്ത കേസില്‍ ജഡ്ജി കെ മുഹമ്മദലി, അംഗങ്ങളായ മദനവല്ലി, മിനി മാത്യു എന്നിവരടങ്ങിയ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. തന്റെ മകന് എന്‍ജിനിയറിംഗ് കോളജില്‍ മെറിറ്റ് ക്വാട്ടയില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിംഗില്‍ കോഴ്‌സിന് പ്രവേശനം ലഭിച്ചിരുന്നതായും തുടര്‍ന്ന് ഒരു മാസത്തിനുള്ളില്‍ കണ്ണൂര്‍ ഏഴിമല നേവല്‍ അക്കാഡമിയില്‍ അഡമിഷന്‍ ലഭിച്ചപ്പോള്‍ ഹാജരാക്കാനായി ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി സി, മാര്‍ക്ക് ലിസ്റ്റുകള്‍ എന്നിവ തിരിച്ചുതരണമെന്നാവശ്യപ്പെട്ടിരുന്നു. 2010 മുതല്‍ 2013 കൂടി മുഴുവന്‍ ട്യൂഷന്‍ ഫീസും അടച്ചാല്‍ മാത്രമേ ടി സിയും രേഖകളും തിരിച്ചു തരികയുള്ളൂവെന്നും ഗത്യന്തരമില്ലാതെ 105000 രൂപ അടവാക്കിയെന്നും പരാതിയില്‍ പറയുന്നു.
നേവല്‍ അക്കാഡമിയില്‍ പ്രവേശനം ലഭിച്ചാല്‍ ഫീസ് അടവാക്കേണ്ടതില്ലെന്ന് ചൂണ്ടികാട്ടിയപ്പോള്‍ കുട്ടി ഇവിടെ തന്നെ പഠിക്കട്ടെ എന്ന് പറഞ്ഞ് പണം തിരിച്ച തന്നില്ലെന്നുമാണ് പരാതി. സ്വാശ്രയ കോളജിന്റെ നിലനില്‍പ്പ് വിദ്യാര്‍ഥികളില്‍ നിന്ന് ലഭിക്കുന്ന ട്യൂഷന്‍ ഫീസിനെ ആശ്രയിച്ചാണെന്നും അഡ്മിഷന്‍ ക്ലോസ് ചെയ്താല്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുമെന്നും ഇത് കോളജിന്റെ ദൈനംദിന പ്രവര്‍ത്തനത്തെ ബാധിക്കുമെന്നുമായിരുന്നു പ്രിന്‍സിപ്പലിന്റെ പ്രസ്താവന. 2009ല്‍ സര്‍ക്കാര്‍ ഇറക്കിയ എന്‍ട്രന്‍സ് പരീക്ഷാ പ്രോസ്‌പെക്ടസിലെ വകുപ്പുകള്‍, 2013 സെപ്തംബര്‍ 19ന് പ്രസിദ്ധീകരിച്ച കേരള ഹൈക്കോടതി വിധിന്യായത്തില്‍ കുട്ടി സ്വമേധയാ പഠനം നിര്‍ത്തിയാല്‍ മുഴുവന്‍ ട്യൂഷനും ഫീസും നഷ്ടപരിഹാരമായി സ്ഥാപനത്തിന് വിദ്യാര്‍ഥി നല്‍കണമെന്നും പ്രിന്‍സിപ്പല്‍ വാദിച്ചു. രാജ്യ സുരക്ഷക്ക് വേണ്ടി നാഷനല്‍ ഡിഫന്‍സ് അക്കാഡമിയിലോ നേവല്‍ അക്കാഡമിയിലോ ചേര്‍ന്ന് പഠിക്കാന്‍ വേണ്ടി വിദ്യാര്‍ഥി ഇടക്കാലത്ത് പഠനം നിര്‍ത്തിയാല്‍ കോളജിനുണ്ടാകുന്ന നഷ്ടം നികത്താന്‍ മുഴുവന്‍ ട്യൂഷന്‍ ഫീസും അടക്കാന്‍ വിദ്യാര്‍ഥി ബാധ്യസ്ഥനല്ലെന്ന് സര്‍ക്കാര്‍ ഓര്‍ഡര്‍ എന്നു കോടതി നിരീക്ഷിച്ചു. എന്നിട്ടും വിദ്യാര്‍ഥിയെ നിര്‍ബന്ധിച്ച് ഫീസടപ്പിച്ചതിന് കോളജിന്റെ സേവനത്തില്‍ വന്ന വീഴ്ചയാണെന്നു കണ്ടെത്തിയാണ് തുക പലിശ സഹിതം ഒരു മാസത്തിനകം തിരിച്ചുകൊടുക്കണമെന്ന് കോടതി വിധിച്ചത്.