കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവം; പ്രചാരണം കുറ്റമറ്റതാക്കും

Posted on: November 5, 2014 9:56 am | Last updated: November 5, 2014 at 9:56 am

തിരൂര്‍: ഈ മാസം 26 മുതല്‍ 30 വരെ തിരൂരില്‍ നടക്കുന്ന കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ പ്രചരണ പരിപാടികള്‍ കുറ്റമറ്റതാക്കാന്‍ ചെയര്‍മാന്‍ കെ ടി ജലീല്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ തിരൂര്‍ ടി ബിയില്‍ ചേര്‍ന്ന പബ്ലിസിറ്റി കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.
ശാസ്ത്ര പ്രതിഭകളെ വരവേല്‍ക്കാന്‍ കമാനങ്ങളും ബോര്‍ഡുകളും സ്ഥാപിക്കാന്‍ തീരുമാനമായി. താനൂര്‍, എടരിക്കോട്, പുത്തനത്താണി, കുറ്റിപ്പുറം, ചമ്രവട്ടം എന്നിവിടങ്ങളില്‍ ല്വാഗതമോതിക്കൊണ്ടുള്ള കമാനങ്ങള്‍ സ്ഥാപിക്കും. കൂടാതെ മത്സര വേദികളിലും സ്വാഗത കമാനങ്ങള്‍ ഒരുക്കും. നഗരത്തില്‍ വ്യാപാര, വ്യവസായ, വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് നൂറ് ബോര്‍ഡുകള്‍ സ്ഥാപിക്കും. ശാസ്‌ത്രോത്സവത്തിന്റെ വാര്‍ത്തകള്‍, ഫോട്ടോ, മറ്റു ഫോട്ടോകള്‍ എന്നിവ ഉള്‍പ്പെടുത്തി ‘ശാസ്‌ത്രോത്സവം മാധ്യമങ്ങളിലൂടെ’ എന്ന പ്രദര്‍ശനമൊരുക്കും. തിരൂരിന്റെ സവിശേഷതകളും മാധ്യമങ്ങളുടെയും മറ്റു പ്രത്യേകതകളും ഉള്‍പ്പെടുത്തി ‘തുഞ്ചന്റെ മണ്ണില്‍’ എന്ന ലഘുപുസ്തകം പ്രസിദ്ധീകരിക്കും. തിരൂര്‍ ടി ബിയില്‍ നടന്ന യോഗത്തില്‍ കണ്‍വീനര്‍ വി ഉണ്ണികൃഷ്ണന്‍, ഡി ഇ ഒ കെ കെ കമലം, കൗണ്‍സിലര്‍ നിര്‍മലാ കുട്ടികൃഷ്ണന്‍, കെ ജനചന്ദ്രന്‍, പ്രദീപ് പയ്യോളി, പി കെ രതീഷ്, പി എ റഷീദ്, അഡ്വ. വിക്രം കുമാര്‍, എം ബാലമുരളി, സി ശ്രീധരന്‍ പ്രസംഗിച്ചു.