ചാപ്പല്‍ തമ്മിലടിപ്പിക്കാന്‍ ശ്രമിച്ചു: ഹര്‍ഭജന്‍

Posted on: November 5, 2014 1:11 am | Last updated: November 5, 2014 at 1:11 am

മുംബൈ: ഗ്രെഗ് ചാപ്പല്‍ ഇരട്ടമുഖമുള്ള വ്യക്തിത്വത്തിന് ഉടമയാണെന്ന് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. സച്ചിന്റെ ആത്മകഥയിലെ ചാപ്പലിനെതിരായ പരാമര്‍ശത്തെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തുകയായിരുന്നു ഹര്‍ഭജന്‍ സിംഗ്. ടീമിനുള്ളിലെ സൗഹൃദ അന്തരീക്ഷം നശിപ്പിച്ചത് ചാപ്പലാണ്. നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുകയായിരുന്നു അദ്ദേഹം.
മനസ്സില്‍ പലതും ഉറപ്പിച്ചിട്ടാണ് ചാപ്പല്‍ പെരുമാറുക. തനിക്കിഷ്ടമില്ലാത്തവരെ ടീമിനുള്ളില്‍ നിന്ന് പുകച്ച് ചാടിക്കാന്‍ കളിക്കാരെ തമ്മിലടിപ്പിക്കാന്‍ ശ്രമിച്ചു.
ഏതെങ്കിലും ഒരു താരം പറഞ്ഞതായി മറ്റൊരു താരത്തോട് നുണ പറയുക ചാപ്പലിന്റെ കുതന്ത്രത്തിന്റെ ഭാഗമായിരുന്നു. കളിക്കാരോട് ഒന്ന് പറയും മാധ്യമങ്ങളോട് മറ്റൊന്നും പറയും. ഇരട്ടമുഖമുള്ള വ്യക്തിത്വം. സച്ചിന്‍ പുസ്തകത്തിലെഴുതിയത് തികച്ചും സത്യം- ഹര്‍ഭജന്‍ പറഞ്ഞു.