ഹസനെ പരിഹസിച്ച് ജോര്‍ജിന്റെ ബ്ലോഗ്‌

Posted on: November 5, 2014 1:01 am | Last updated: November 5, 2014 at 1:01 am

തിരുവനന്തപുരം: കെ പി സി സി ഉപാധ്യക്ഷന്‍ എം എം ഹസനെ പരിഹസിച്ച് ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ ബ്ലോഗ്. ബാര്‍ കോഴ വിവാദത്തില്‍ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം ജോര്‍ജാണെന്ന ഹസന്റെ പരാമര്‍ശത്തിനുള്ള മറുപടിയിലാണ് പേര് പറയാതെ അധിക്ഷേപിക്കുന്നത്.
സ്വന്തം ഗ്രൂപ്പ് നേതാവിന്റെ ഉച്ഛിഷ്ടഭോജിയായ ദേശാടനക്കിളി രാഷ്ട്രീയത്തില്‍ നഞ്ചുകലക്കി മീന്‍ പിടിക്കുന്നതില്‍ അതിവിദഗ്ധനാണെന്ന് ജോര്‍ജ്് പറയുന്നു.
ഈ വിരുതന്‍ എവിടെയൊക്കെ മത്സരിച്ചിട്ടുണ്ടോ അവിടുള്ള ജനങ്ങള്‍ സ്ഥിരമായി സഹിക്കാത്തതിനാല്‍ നിയോജകമണ്ഡലങ്ങള്‍ തേടി പറക്കുകയെന്നതാണ് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ദേശാടനക്കിളിയെന്ന് വിളിക്കുന്ന ഈ നഞ്ചുകലക്കിയുടെ സ്ഥിരവിനോദം.
മഹാനായ കെ കരുണാകരനെയും ശാസ്ത്രജ്ഞനായ നമ്പിനാരായണനെയും ബഹിരാകാശരംഗത്തുള്ള ഇന്ത്യയുടെ സാധ്യതകളെയും തകര്‍ത്തുതരിപ്പണമാക്കിക്കൊണ്ടാണ് ചാരക്കേസ് സൃഷ്ടിക്കപ്പെട്ടത്. സാങ്കല്‍പ്പിക സൃഷ്ടിയായ ഈ ചാരക്കേസ് മെനഞ്ഞെടുക്കുന്നതില്‍ അന്ന് അണിയറയില്‍ പ്രവര്‍ത്തിച്ചതില്‍ പ്രമുഖനായ കേരള രാഷ്ട്രീയത്തിലെ ദേശാടനക്കിളി വീണ്ടും സജീവമാവുകയാണ്.
ഇതിനിടയില്‍ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലെങ്കിലും ഒരു സീറ്റ് തരപ്പെടുത്താന്‍ പുതിയ വെളിപ്പെടുത്തലുമായെത്തിയിരിക്കുകയാണ്. കാളകൂട വിഷത്തേക്കാള്‍ വലിയ മാരകക്കൂട്ടുമായി തനിക്കുള്ള മീന്‍ രാഷ്ട്രീയനദിയില്‍ നിന്ന് കൊത്തിയെടുക്കാന്‍ നഞ്ചും കലക്കി ദേശാടനക്കിളി പിന്നെയും തയ്യാറെടുക്കുന്നുവെന്ന് പറഞ്ഞാണ് ബ്ലോഗ് അവസാനിക്കുന്നത്. എന്നാല്‍, പി സി ജോര്‍ജിന്റെ അഭിപ്രായം കേട്ടാല്‍ അദ്ദേഹം കെ എം മാണിയുടെ മിത്രമാണോ ശത്രുവാണോ എന്ന് സംശയം തോന്നുമെന്നായിരുന്നു ഹസന്റെ മറുപടി. അദ്ദേഹം മാണിയുടെ മിത്രശത്രുവാണ്. പി സി ജോര്‍ജിന്റെ വിലകുറഞ്ഞ അഭിപ്രായത്തിന് മറുപടിയില്ലെന്നും ഹസന്‍ പ്രതികരിച്ചു.