ഡല്‍ഹി വീണ്ടും തിരഞ്ഞെടുപ്പിലേക്ക്

Posted on: November 5, 2014 4:07 am | Last updated: November 5, 2014 at 10:14 am

delhi assembli

>>>>>നിയമസഭ പിരിച്ചുവിടാന്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യുഡല്‍ഹി: മരവിപ്പിച്ച് നിര്‍ത്തിയ ഡല്‍ഹി നിയമസഭ പിരിച്ചുവിടാനും വീണ്ടും തിരഞ്ഞെടുപ്പ് നടത്താനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് നിയമസഭ പിരിച്ചുവിടാനുള്ള തീരുമാനമെടുത്തത്. പ്രധാനമന്ത്രിയുടെ 7- റെയ്‌സ് കോഴ്‌സ് റോഡിലെ വസതിയിലാണ് യോഗം ചേര്‍ന്നത്. എട്ട് മാസത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഡല്‍ഹിയില്‍ സ്ഥിരതയുള്ള ഒരു മന്ത്രിസഭ രൂപവത്കരിക്കുക അസാധ്യമാണെന്ന് പ്രധാന രാഷ്ട്രീയ കക്ഷികളെല്ലാം കൂടിക്കാഴ്ചാ വേളയില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗിനെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഡല്‍ഹി നിയമസഭ പിരിച്ചുവിടാന്‍ അദ്ദേഹം രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയോട് ശിപാര്‍ശ ചെയ്തിരുന്നു.
സംസ്ഥാനത്ത് മന്ത്രിസഭ രൂപവത്കരിക്കാനുള്ള സാധ്യതകള്‍ സംബന്ധിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍ തിങ്കളാഴ്ച ബി ജെ പി, ആം ആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ് എന്നീ കക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ആര്‍ക്കും നിയമസഭയില്‍ കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ സഭ പിരിച്ചുവിട്ട് വീണ്ടും തിരഞ്ഞെടുപ്പ് നടത്തുന്നതാണ് നല്ലതെന്നായിരുന്നു പാര്‍ട്ടി നേതാക്കളുടെ അഭിപ്രായം. ദേശീയ തലസ്ഥാനത്ത് എട്ട് മാസമായി നിലനില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വം അവസാനിപ്പിക്കാന്‍ അതാണ് ഉചിതമായ മാര്‍ഗമെന്നും രാഷ്ട്രീയ കക്ഷി നേതാക്കള്‍ ലഫ്റ്റനന്റ് ഗവര്‍ണറെ അറിയിച്ചു.
എഴുപത് അംഗ നിയമസഭയിലേക്ക് കഴിഞ്ഞ ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും കക്ഷിക്കോ സഖ്യത്തിനോ ഭൂരിപക്ഷം നേടാനായിരുന്നില്ല. ബി ജെ പി- ശിരോമണി അകാലിദള്‍ സഖ്യത്തിന് 32 സീറ്റുകള്‍ ലഭിച്ചിരുന്നു. എ എ പി 28 സീറ്റ് നേടി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് എട്ട് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. എം എല്‍ എമാരില്‍ മൂന്ന് പേര്‍ തുടര്‍ന്ന് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്ന് നിയമസഭാംഗത്വം രാജിവെച്ചിരുന്നു. കോണ്‍ഗ്രസിന്റെ പിന്തുണയോടെ രണ്ടാമത്തെ വലിയ കക്ഷിയായ എ എ പി ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപവത്കരിച്ചെങ്കിലും 45 ദിവസത്തെ ഭരണത്തിനു ശേഷം അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെക്കുകയായിരുന്നു. ജന്‍ ലോക്പാലിനെ ചൊല്ലി കോണ്‍ഗ്രസുമായി ഇടഞ്ഞതിനെ തുടര്‍ന്ന് ഫെബ്രുവരി പതിനാലിനായിരുന്നു രാജി. ലോക്പാല്‍ ബില്ലിനെ കോണ്‍ഗ്രസും ബി ജെ പിയും ശക്തിയായി എതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഫെബ്രുവരി പതിനേഴിന് നിയമസഭ മരവിപ്പിച്ച് നിര്‍ത്തി സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ ഉണ്ടാക്കാന്‍ വൈകുന്നതില്‍ സുപ്രീം കോടതി ലഫ്റ്റനന്റ് ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ജമ്മു കാശ്മീര്‍, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനൊപ്പം ഡല്‍ഹിയില്‍ ഒഴിവുവന്ന മൂന്ന് നിയമസഭാ മണ്ഡലങ്ങളില്‍ ഈ മാസം 25ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. നിയമസഭ പിരിച്ചുവിടാനുള്ള ലഫ്റ്റനന്റ് ഗവര്‍ണറുടെ ശിപാര്‍ശ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച സാഹചര്യത്തില്‍ ഇത് റദ്ദാക്കി സംസ്ഥാനത്ത് വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുക്കും. അടുത്ത ഫെബ്രുവരിക്ക് മുമ്പ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഡല്‍ഹിയില്‍ ബി ജെ പി. എം എല്‍ എമാരുടെ യോഗം ഇന്നലെ ചേര്‍ന്നിട്ടുണ്ട്.

ALSO READ  ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 400ലേറെ പേര്‍ക്ക് കൊവിഡ്; മുന്നറിയിപ്പുമായി കേന്ദ്രം