Connect with us

Kozhikode

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ഐപിബി പവലിയന്‍

Published

|

Last Updated

കോഴിക്കോട്: യു എ ഇയിലെ സാംസ്‌കാരിക തലസ്ഥാനമായ ഷാര്‍ജയില്‍ ഇന്നു മുതല്‍ നടക്കുന്ന 33ാമത് രാജ്യാന്തര പുസ്തക മേളയില്‍ ഐപിബി പവലിയന്‍ ഒരുക്കും. ലോകത്തെ അമ്പതിലധികം രാജ്യങ്ങളില്‍ നിന്ന് ആയിരത്തിലധികം പ്രസാധകര്‍ പങ്കെടുക്കുന്ന മേളയിലാണ് മലയാളത്തെ പ്രതിനിധീകരിച്ച് രിസാല, പ്രവാസി രിസാല പ്രസാധകരായ ഐ പി ബി പവലിയന്‍ ഒരുക്കുന്നത്. പത്തു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ ഐ പി ബിയുടെ നൂറിലധികം പുസ്തകങ്ങള്‍ വായനക്കാര്‍ക്കു വേണ്ടി ലഭ്യമാക്കും. ഐ പി ബി പുറത്തിറക്കുന്ന എട്ടു പുതിയ പുസ്തകങ്ങള്‍ മേളയില്‍ പ്രകാശനം ചെയ്യും. കേരളത്തില്‍ നിന്നെത്തുന്ന പ്രമുഖ എഴുത്തുകാരാണ് പ്രകാശനം നിര്‍വഹിക്കുക. രിസാല മാനേജിംഗ് എഡിറ്റര്‍ എസ് ശറഫുദ്ദീന്‍ മേളയില്‍ പങ്കെടുക്കും.

പ്രസിദ്ധീകരണമാരംഭിച്ച് അഞ്ചു വര്‍ഷത്തിനകം പ്രവാസി മലയാളികളുടെ സാംസ്‌കാരിക വായനാ പരിസരത്ത് കൂടുതല്‍ വരിക്കാരുമായി ഇടം പിടിച്ച പ്രവാസി രിസാല മാസികയെയും രിസാല വാരികയെയും യു എ ഇയിലെ മലയാളി സമൂഹത്തിനു മുന്നില്‍ പരിചയപ്പെടുത്തുന്നതിനും ഐ പി ബി പ്രസിദ്ധീകരണങ്ങള്‍ പ്രവാസി വായനക്കാരിലെത്തിക്കുന്നതിനും അവസരം ലഭിക്കുന്നതാണ് മേളയിലെ പങ്കാളിത്തമെന്ന് ഐ പി ബി ഡയറക്ടര്‍ എം മുഹമ്മദ് സ്വാദിഖ് പറഞ്ഞു. ഐ പി ബി കുട്ടികള്‍ക്കായി പ്രസിദ്ധീകരിക്കുന്ന തേന്‍തുള്ളി എന്ന സീരിസിലുള്ള ചെറു പുസ്തകങ്ങളുടെ മലയാളം, ഇംഗ്ലീഷ് പതിപ്പുകള്‍ മേളയില്‍ പുറത്തിറക്കും. രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രവര്‍ത്തകരാണ് പവലിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. മേളയോടനുബന്ധിച്ച് ആര്‍ എസ് സി കലാലയത്തിന്റെ നേതൃത്വത്തില്‍ സാഹിത്യ സംവാദങ്ങളും സാംസ്‌കാരിക സദസ്സുകളും സംഘടിപ്പിക്കുന്നുണ്ട്.

 

Latest