Connect with us

Palakkad

പൊതു ശൗചാലയങ്ങില്ല; വിനോദസഞ്ചാരികള്‍ ദുരിതത്തില്‍

Published

|

Last Updated

നെല്ലിയാമ്പതി: സര്‍ക്കാര്‍ വിശ്രമകേന്ദ്രങ്ങളോ ഉപയോഗയോഗ്യമായ പൊതു ശൗചാലയങ്ങളോ ഇല്ലെന്നതാണ് നെല്ലിയാമ്പതിയില്‍ എത്തുന്നവരുടെ പ്രധാന പരാതി.
സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചെങ്കിലും മിക്ക കവലകളിലും പണിതീര്‍ത്ത ശൗചാലയങ്ങള്‍ക്കു ബോര്‍ഡുകള്‍ മാത്രം. വിവിധ വര്‍ഷങ്ങളില്‍ പല പദ്ധതികളിലൂടെ പണിതീര്‍ത്ത ശൗചാലയങ്ങള്‍ മിക്കതും തുറന്നതുപോലുമില്ല. നെന്മാറ ബ്ലോക്ക് പഞ്ചായത്ത്, നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത്, ടൂറിസംവകുപ്പ് തുടങ്ങിയവയുടെ പദ്ധതിയിലൂടെ പണിതീര്‍ത്ത കെട്ടിടങ്ങളാണ് നോക്കുകുത്തിയായത്.
2011-12 ല്‍ സമ്പൂര്‍ണ ശുചിത്വയജ്ഞം പദ്ധതി നടപ്പാക്കിയപ്പോഴാണ് കൂടുതലും നിര്‍മ്മിച്ചത്. കൈകാട്ടി-പുലയമ്പാറ റോഡില്‍ സഹകരണ ബേങ്കിനടുത്തും കൈകാട്ടി-നൂറടി റോഡില്‍ തേയില ഫാക്ടറിക്കടുത്തും നൂറടി കവലയിലും നിര്‍മ്മിച്ചവയൊന്നും പിന്നീട് തുറന്നില്ല. ശൗചാലയങ്ങളിലേക്ക് വെള്ളം എത്തിക്കാന്‍ കഴിയാത്തതാണ് പ്രശ്‌നമെന്നു പറഞ്ഞ അധികൃതര്‍ക്ക് പിന്നീട് വര്‍ഷങ്ങളായി പരിഹാരം കാണാനായില്ല.
പഞ്ചായത്തിലെ പ്രധാന കവലയായ നൂറടിയില്‍ ടൂറിസം വകുപ്പ് പണിതീര്‍ത്ത കംഫര്‍ട്ട് സ്‌റ്റേഷനും 10 വര്‍ഷമായി തുറന്നിട്ടില്ല. വിനോദസഞ്ചാരികളെയും മറ്റു യാത്രക്കാരെയും ലക്ഷ്യമാക്കി പുലയമ്പാറയിലും നൂറടിയിലും ലക്ഷങ്ങള്‍ മുടക്കി ഡിടിപിസി കംഫര്‍ട്ട് സ്‌റ്റേഷന്‍ പണിതെങ്കിലും നൂറടി അവഗണിക്കപ്പെട്ടു. നെല്ലിയാമ്പതിയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് മതിയായ അടിസ്ഥാന സൗകര്യം ഒരുക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമാണ്.