പുലിപ്പേടിയില്‍ വിറച്ച് തീരദേശം

Posted on: November 4, 2014 10:46 am | Last updated: November 4, 2014 at 10:46 am

LEOPARDതിരൂര്‍: ജില്ലയിലെ തീര പ്രദേശം പുലിപ്പേടിയില്‍. തീരപ്രദേശങ്ങളില്‍ അജ്ഞാത ജീവിയെ കാണല്‍ തുടര്‍ക്കഥയാകുന്നു. കടലോര മേഖലയായ വാടിക്കല്‍, പറവണ്ണ, വാക്കാട് എന്നിവിടങ്ങളിലാണ് പ്രദേശ വാസികള്‍ അജ്ഞാത ജീവിയെ കാണുന്നത്.
ദിവസങ്ങളായി പരിസരങ്ങളില്‍ പുലിപ്പേടി തുടരുകയാണ്. ഇന്നലെ പറവണ്ണ തെക്കേപള്ളിക്കു സമീപം അജ്ഞാത ജീവിയെ കണ്ടതോടെയാണ് സംശയം ബലപ്പെട്ടത്. ഇന്നലെ രാത്രി പള്ളിയില്‍ പോകും വഴിയായിരുന്നു കാടുപിടിച്ചു കിടക്കുന്ന ഭാഗത്ത് നിന്നും ജീവിയെ കണ്ടത്. ശേഷം പോലീസും നാട്ടുകാരും പരിശോധന നടത്തിയെങ്കിലും ജീവിയെ കണ്ടെത്താനായില്ല. ജീവിയുടെ കാല്‍പാടുകള്‍ പരിശോധനക്ക് വിധേയമാക്കുമെന്ന് തിരൂര്‍ സി ഐ അറിയിച്ചു.
തെരുവ് നായകളെയും കുറുക്കനെയും കഴുത്തിന് കടിച്ച നിലയില്‍ ഇന്നലെ കൂട്ടായി വാടിക്കലില്‍ നിന്നും കണ്ടെത്തിയിരുന്നു. അജ്ഞാത ജീവിയുടെ കാല്‍പാടുകള്‍ മൂന്ന് ദിവസം മുമ്പ് ഇവിടെ നിന്നും കണ്ടെത്തിയിരുന്നു. ഫോറസ്റ്റ് വിഭാഗത്തിന്റെ പരിശോധനയില്‍ ചെന്നായയുടെ കാല്‍പാടുകളാകാമെന്നാണ് നിഗമനം. ഒന്നര വര്‍ഷം മുമ്പ് സമാനമായ പുലിപ്പേടി തീരദേശത്ത് പടര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചെന്നായയുടേതാണെന്ന് കണ്ടെത്തിയെങ്കിലുംപിന്നീട് പുലിയെ പിടികൂടുകയായിരുന്നു.