ജമ്മു കാശ്മീരില്‍ ബി ജെ പി സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ച് 12 മുസ്‌ലിംകളും

Posted on: November 4, 2014 1:07 am | Last updated: November 3, 2014 at 11:07 pm

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ബി ജെ പി 12 മുസ്‌ലിം സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കും. ജമ്മുകാശ്മീര്‍ അസംബ്ലി തിരഞ്ഞെടുപ്പിലേക്ക് 45 സ്ഥാനാര്‍ഥികളുടെ പേര് ബി ജെ പി പുറത്തുവിട്ടതില്‍ 12 പേര്‍ മുസ്‌ലിംകളാണ്. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തുടങ്ങിയ പ്രമുഖരും യോഗത്തില്‍ സംബന്ധിച്ചിരുന്നു. മത്സരാര്‍ഥികളുടെ രണ്ടാം ഘട്ട ലിസ്റ്റ് ഉടന്‍ ബി ജെ പി പുറത്തുവിടും.
ജമ്മുകാശ്മീരില്‍ ആകെ 87 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. ഇവരില്‍ 45 പേരുടെ പേരുകളാണ് ഇന്നലെ പുറത്തുവിട്ടത്. ജമ്മുകാശ്മീരില്‍ 44 സീറ്റുകളെങ്കിലും പാര്‍ട്ടിക്ക് ലഭിക്കുമെന്നാണ് ബി ജെ പി കരുതുന്നത്. ഇപ്പോള്‍ പേരുകള്‍ പുറത്തുവിട്ടരില്‍ ഭൂരിഭാഗവും കാശ്മീരി പണ്ഡിറ്റുകളാണ്. പുറത്തുവിട്ട മത്സരാര്‍ഥികളുടെ കൂട്ടത്തില്‍ ഹിന ഭട്ട് എന്ന മുസ്‌ലിം സ്ത്രീയും ഉണ്ട്. ശ്രീനഗര്‍ സിറ്റിയിലെ അമിറ കഥല്‍ നിയോജക മണ്ഡലത്തില്‍ നിന്നാണ് ഇവര്‍ മത്സരിക്കുക. നാഷ്ണല്‍ കോണ്‍ഫറന്‍സ് എം പിയും മുന്‍ കോണ്‍ഗ്രസ് എം എല്‍ എയുമായ മുഹമ്മദ് ശാഫി ഭട്ടിന്റെ മകളാണ് ഹിന ഭട്ട്. നേരത്തെ ഇവര്‍ നാഷനല്‍ കോണ്‍ഫറന്‍സില്‍ അംഗമായിരുന്നു. എന്നാല്‍ അവഗണിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ ഈ വര്‍ഷം ബി ജെ പിയില്‍ ചേരുന്നത്.
87 സീറ്റുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ പാര്‍ട്ടി തീരുമാനിച്ചതായി ബി ജെ പി വ്യക്തമാക്കിയിട്ടുണ്ട്. മൊത്തം 11 സിറ്റിംഗ് എം എല്‍ എമാരില്‍ നിന്ന് രണ്ട് പേര്‍ക്ക് മാത്രമാണ് നറുക്ക് വീണിരിക്കന്നത്. മുതിര്‍ന്ന ബി ജെ പി നേതാവും സിറ്റിംഗ് എം എല്‍ എയുമായ അശോക് ഖുജാരിയക്ക് ജമ്മു(കിഴക്ക്)വില്‍ നിന്നുള്ള സീറ്റ് നിരസിക്കപ്പെട്ടു. നാഷ്ണല്‍ കോണ്‍ഫറന്‍സിനോട് ഇദ്ദേഹത്തിന് കൂടുതല്‍ അടുപ്പമുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. മുന്‍ കോണ്‍ഗ്രസ് എം പി ലാല്‍ സിംഗിന് ബാശോലിയില്‍ നിന്ന് ബി ജെ പിക്ക് വേണ്ടി മത്സരിക്കും.