നെല്ലാക്കോട്ട ഗവ. ആശുപത്രി ഡോക്ടറെ നാട്ടുകാര്‍ ഉപരോധിച്ചു

Posted on: November 4, 2014 12:03 am | Last updated: November 3, 2014 at 11:03 pm

ഗൂഡല്ലൂര്‍: കൃത്യമായി ജോലിക്ക് ഹാജരാകാത്ത നെല്ലാക്കോട്ട ഗവ. ആശുപത്രി ഡോക്ടറെ നാട്ടുകാര്‍ ഉപരോധിച്ചു. വൈകി ജോലിക്കെത്തിയ ഡോക്ടര്‍ വെങ്കിടേഷിനെയാണ് മോഹന്‍ മേഫീല്‍ഡ്, സി എച്ച് മുഹമ്മദ് ഹാജി, മൊയ്തീന്‍ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ നെല്ലാക്കോട്ട ടൗണിന് സമീപം ഉപരോധിച്ചത്. നെല്ലാക്കോട്ടക്ക് സമീപത്ത് വെച്ച് ഇന്നലെ കെ എസ് ആര്‍ ടി സി ഡ്രൈവര്‍ ഹൃദയാഘാതംമൂലം മരിച്ചിരുന്നു.
കടുത്ത നെഞ്ച് വേദന അനുഭവപ്പെട്ട ഡ്രൈവറെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍ സ്ഥലത്തില്ലായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ ഡോക്ടറെ ഉപരോധിച്ചത്. ഇതുസംബന്ധിച്ച് നാട്ടുകാര്‍ ജില്ലാകലക്ടര്‍, ആര്‍ ഡി ഒ, വി എം ഒ എന്നിവര്‍ക്ക് പരാതി നല്‍കി. ഇതേത്തുടര്‍ന്ന് സ്ഥലത്തെത്തിയ വി എം ഒ കതിര്‍വേലു, ദേവാല ഇന്‍സ്‌പെക്ടര്‍ സുബ്രഹ്മണ്യന്‍, എസ് ഐ സൗന്ധര്‍രാജന്‍ എന്നിവര്‍ സമരക്കാരുമായി ചര്‍ച്ച നടത്തി. 24 മണിക്കൂറും ഡോക്ടറുടെ സേവനം ഉറപ്പ് വരുത്തുമെന്നും ലേഡി ഡോക്ടറെ ഉടന്‍ നിയമിക്കുമെന്നും ഉറപ്പ് നല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്. ഡ്രൈവറുടെ മനസാന്നിധ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. നൂറോളം യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. ഡ്രൈവര്‍ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടപ്പോള്‍ തന്നെ ബസ് നെല്ലാക്കോട്ട കുവ്വച്ചോലയില്‍ പാതയോരത്തെ മണ്‍ഭിത്തിയിലേക്ക് ചേര്‍ത്ത് നിര്‍ത്തുകയായിരുന്നു. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് ഇന്നലെ രാവിലെ ഗൂഡല്ലൂരിലേക്ക് പുറപ്പെട്ട കെ എസ് ആര്‍ ടി സി ബസിലെ ഡ്രൈവര്‍ കൊടുവള്ളി സ്വദേശി എം സി അബ്ദുറഹ്മാനാണ് ഹൃദയാഘാതംമൂലം മരിച്ചത്.