റോഡ് നിയമങ്ങള്‍ നോക്കുകുത്തി; വിദ്യാര്‍ഥികള്‍ക്ക് പീഡനം തുടര്‍ക്കഥ

Posted on: November 4, 2014 3:01 am | Last updated: November 3, 2014 at 11:02 pm

കല്‍പ്പറ്റ: സൗക്വാര്യബസുകളില്‍ യാത്രക്കാരായ വിദ്യാര്‍ഥികളോട് ജീവനക്കാര്‍ സ്വീകരിക്കുന്നത് രണ്ടാംതരം സമീപനമാണെന്ന് ആക്ഷേപം.
സ്റ്റാന്റില്‍ നിന്ന് ബസ് പുറപ്പെടുന്നതിന് മുന്‍പ് വിദ്യാര്‍ഥികള്‍ സീറ്റില്‍ കയറി ഇരുന്നാല്‍ യാത്രസൗകര്യം നിഷേധിക്കുമെന്ന ഭീഷണി നീതീകരിക്കാനാവുന്നതല്ല. പുറപ്പെടാനൊരുങ്ങുന്ന ബസില്‍ കുട്ടികള്‍ കൂട്ടത്തോടെ തള്ളിക്കയറുന്നത് പലപ്പോഴും മറ്റ് യാത്രക്കാര്‍ക്കും ബുദ്ധിമുട്ടാകാറുണ്ട്. വിദ്യാര്‍ഥികള്‍ കൈകാണിച്ചാല്‍ ബസ് നിര്‍ത്താതെ പോകുന്നതും പതിവവണ്. ഇതൊന്നും കണ്ടതായിപോലും സമീപത്ത് ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ നടിക്കാറില്ല. പൊതുനിരത്തില്‍ സീബ്രാവരകളില്‍ കാല്‍നടക്കാര്‍ റോഡ് മുറിച്ചുകടക്കുമ്പോഴും പാലിക്കേണ്ട മര്യാദ പല ഡ്രൈവര്‍മാരും പാലിക്കാറില്ല. സീബ്രാവരകളുടെ അര്‍ത്ഥമെന്താണെന്നുപോലും മനസിലാക്കാത്തവര്‍ ഡ്രൈവര്‍മാരായി കടന്നുവരുന്ന പ്രവണത വര്‍ദ്ധിക്കുകയാണ്. ജില്ലയില്‍ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷാഡ്രൈവര്‍മാരില്‍ നല്ലൊരുവിഭാഗം ഈ ഗണത്തില്‍പ്പെട്ടവരാണ്. ഡ്രൈവിംഗ് ലൈസന്‍സോ ആവശ്യമായ മറ്റ് രേഖകളോ ഇല്ലാതെ പൊതുനിരത്തിലിറങ്ങുന്ന ഇവരെ നിയന്ത്രിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കാറുമില്ല. ജില്ലയിലെ പല റൂട്ടുകളിലും രാത്രികാലങ്ങളില്‍ സര്‍വീസ് നടത്താതെ സ്വകാര്യബസുകാര്‍ യാത്രക്കാര്‍ക്ക് നീതിനിഷേധിക്കുന്നതും നിത്യസംഭവമാണ്. മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥന്മാര്‍ ഇത് സംബന്ധിച്ച പരാതികളോട് പുറംതിരിഞ്ഞ് നില്‍ക്കുന്ന സമീപനമാണ് എപ്പോഴുമുണ്ടാകുന്നത്. ജില്ലയിലെ പൊതുഗതാഗതരംഗത്ത് യാത്രക്കാര്‍ക്കെതിരായി ഇത്തരം നിരവധി പ്രശ്‌നങ്ങളുണ്ടെങ്കിലും മോട്ടോര്‍ വാഹനവകുപ്പും പോലീസും ഇതൊന്നും പരിഗണിക്കുന്നതേയില്ല. എപ്പോഴെങ്കിലും ഒരു സംഘര്‍ഷമുണ്ടായാല്‍ മാത്രം ഇടപെടുകയും പെറ്റിക്കേസില്‍ പ്രശ്‌നങ്ങളവസാനിപ്പിക്കാനുമാണ് ശ്രമിക്കുന്നത്.