ഇസില്‍ തീവ്രവാദികള്‍ 200 ഓളം പേരെ കൊലചെയ്തു

Posted on: November 4, 2014 2:56 am | Last updated: November 3, 2014 at 10:56 pm

ബാഗ്ദാദ്: ഇറാഖില്‍ ഇസില്‍ തീവ്രവാദികള്‍ അല്‍ബു നിമര്‍ ഗോത്രത്തില്‍പ്പെട്ട 200 ഓളം പേരെ കൊലപ്പെടുത്തിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
പടിഞ്ഞാറന്‍ ഇറാഖിലെ അന്‍ബാര്‍ പ്രവിശ്യയില്‍ ഇസില്‍ വിമതര്‍ പത്ത് ദിവസത്തിനുള്ളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെയാണ് കൊലപ്പെടുത്തിയത്. 200 ഓളം പേര്‍ സമീപ ദിവസങ്ങളിലാണ് കൊല്ലപ്പെട്ടതെങ്കിലും എപ്പോള്‍ കൊലപ്പെടുത്തിയെന്നോ കൊല്ലപ്പെട്ടവരുടെ യഥാര്‍ഥ കണക്കുകളോ ലഭ്യമായിട്ടില്ല.
പോലീസ് കേണല്‍ ഷബാന്‍ അല്‍ ഉബൈദി 200 പേര്‍ കൊല്ലപ്പെട്ടുവെന്ന് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞപ്പോള്‍ അന്‍ബാര്‍ പ്രവിശ്യാ കൗണ്‍സിലിലെ ഉപമേധാവി 258 പേര്‍ കൊല്ലപ്പെട്ടതായി പറഞ്ഞു. ഇറാഖിലെ ഇസില്‍ കേന്ദ്രങ്ങള്‍ക്കു നേരെ കാനഡ ആദ്യമായി ഞായറാഴ്ച വ്യോമാക്രമണം നടത്തിയതിന് തൊട്ടുപിറകെയാണ് കൂട്ടക്കൊല സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ഇസില്‍ തീവ്രവാദികള്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെയും തീവ്രവാദത്തിനെതിരായ സഖ്യത്തോടൊപ്പം നില്‍ക്കുന്ന നിലപാടിന്റെ ഭാഗമായാണ് തങ്ങളുടെ ആദ്യ വ്യോമാക്രമണമെന്ന് കനേഡിയന്‍ പ്രതിരോധ മന്ത്രി റോബ് നിക്കോള്‍സണ്‍ പറഞ്ഞു.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കാനഡ ഇസില്‍ വിരുദ്ധ സഖ്യത്തില്‍ ചേര്‍ന്നത്.