ജില്ലയില്‍ പ്രതിഷേധം നിലനില്‍ക്കെ ബേങ്കിന്റെ കരസ്ഥപ്പെടുത്തല്‍ നോട്ടീസും

Posted on: November 3, 2014 11:07 am | Last updated: November 3, 2014 at 11:07 am

കല്‍പ്പറ്റ: ജപ്തിക്കെതിരേ ജില്ലയില്‍ വലിയ പ്രതിഷേധം നിലനില്‍ക്കുന്നതിനിടെയാണ് ബാങ്കിന്റെ കരസ്ഥപ്പെടുത്തല്‍ നോട്ടീസ്. വയനാട് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ജില്ലയിലെ സഹകരണ സ്ഥാപനങ്ങള്‍ സര്‍ഫാസി ആക്റ്റ് പ്രകാരമുള്ള കരസ്ഥപ്പെടുത്തല്‍ തുടങ്ങി. സുല്‍ത്താന്‍ ബത്തേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ കോ-ഓപറേറ്റീവ് ബാങ്ക് നിരവധി പേരുടെ സ്ഥാവരജംഗമ വസ്തുക്കള്‍ കരസ്ഥപ്പെടുത്തുന്നതായി പ്രമുഖ പത്രങ്ങളില്‍ പരസ്യം നല്‍കി.വായ്പാ കുടിശ്ശിക ഒരാഴ്ചയ്ക്കകം തിരിച്ചടച്ചില്ലെങ്കില്‍ സര്‍ഫാസി ആക്റ്റ് പ്രകാരം ജാമ്യമായി കൊടുത്തിട്ടുള്ള വസ്തുവഹകള്‍ മറ്റൊരു അറിയിപ്പില്ലാതെ ബാങ്കിന്റേതായി മാറുമെന്നാണു പരസ്യം. രണ്ടു പ്രമുഖ പത്രങ്ങളില്‍ കൊടുത്തിട്ടുള്ള പരസ്യത്തിനു തന്നെ രണ്ടു ലക്ഷത്തോളം രൂപയാണ് ചാര്‍ജ്. ഈ തുകയും വായ്പക്കാരുടെ ബാധ്യതയില്‍ ചേര്‍ക്കും. വായ്പയെടുത്ത കര്‍ഷരുടെ വസ്തുവഹകള്‍ ഒരാഴ്ച കഴിഞ്ഞാല്‍ ബാങ്കിന്റെ പേരിലാവും. പിന്നീട് ഇതു തിരികെ ലഭിക്കണമെങ്കില്‍ ബാങ്കിലെ വായ്പാ തുകയും പലിശയും പരസ്യത്തിന്റേതടക്കമുള്ള പിഴകളും ചേര്‍ത്ത് തിരിച്ചടയ്ക്കുകയും സര്‍ക്കാര്‍ വിജ്ഞാപന പ്രകാരമുള്ള താരിഫ് വില കണക്കാക്കി മുദ്രപ്പത്രം വാങ്ങി സബ് രജിസ്ട്രാര്‍ ഓഫിസിലെ രജിസ്‌ട്രേഷന്‍ ചാര്‍ജും എഴുത്തുകൂലിയുമെല്ലാം മുടക്കി ബാങ്കില്‍ നിന്നു തിരിച്ച് എഴുതിവാങ്ങുകയും വേണം. ഫലത്തില്‍ വായ്പയെടുത്ത തുകയുടെ മൂന്നും നാലും ഇരട്ടി പാവപ്പെട്ട ഇടപാടുകാര്‍ മുടക്കേണ്ടി വരും. അര്‍ബന്‍ ബാങ്കുകള്‍ കാര്‍ഷിക വായ്പ വിതരണം ചെയ്യുന്നില്ലെന്ന സാങ്കേതികത്വത്തിന്റെ മറവിലാണ് സര്‍ഫാസി പ്രകാരമുള്ള കരസ്ഥപ്പെടുത്തല്‍. എന്നാല്‍, പരസ്യത്തില്‍ പറഞ്ഞിട്ടുള്ള കുടിശ്ശികക്കാരില്‍ ഏറെയും കര്‍ഷകരാണ്.
ജപ്തിനടപടികളുടെ കാര്യത്തില്‍ മുന്നാക്കമാണെന്നു തെളിയിക്കുകയാണ് സര്‍ക്കാര്‍ സ്ഥാപനമായ പിന്നാക്ക വികസന കോര്‍പറേഷനും. ജില്ലയില്‍ വ്യാപകമായി കോര്‍പറേഷന്‍ ജപ്തി നടപടികള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ നാലു മാസത്തിനിടെ പിന്നാക്ക വികസന കോര്‍പറേഷന്‍ 50ലധികം പാവങ്ങളുടെ കിടപ്പാടം ജപ്തിചെയ്തു. ഒരോ മാസവും അമ്പലവയല്‍ റവന്യൂ റിക്കവറി തഹസില്‍ദാര്‍ ഓഫിസ് മുഖേന നിരവധി നിര്‍ധനരുടെ വസ്തുവഹകളാണ് ജപ്തി നടപടി പൂര്‍ത്തിയാക്കി ലേലം ചെയ്യുന്നത്. കാര്‍ഷിക മേഖലയില്‍ കടുത്ത പ്രതിസന്ധിയാണ് ജില്ലയില്‍ ഇപ്പോഴും നിലനില്‍ക്കുന്നത്. കാപ്പിക്കും കുരുമുളകിനുമെല്ലാം ഭേദപ്പെട്ട വിലയുണ്ടെങ്കിലും സാധാരണക്കാരുടെ പക്കല്‍ ഉല്‍പ്പന്നമില്ല. പ്രതികൂല കാലാവസ്ഥയിലും കാലവര്‍ഷക്കെടുതിയിലും നശിച്ച കൃഷിക്കുള്ള നഷ്ടപരിഹാരം പോലും വര്‍ഷങ്ങളായി കര്‍ഷകര്‍ക്കു ലഭിക്കുന്നില്ല. കവുങ്ങിന്റെ മാഹാളിരോഗവും ഇഞ്ചിയുടെ രോഗബാധയും റബറിന്റെ വിലയിടിവുമെല്ലാം കാര്‍ഷിക മേഖലയില്‍ സാധാരണക്കാര്‍ക്ക് പിടിച്ചുനില്‍പ്പു പോലും അസാധ്യമാക്കിയിട്ടുണ്ട്. പലരും ദാരിദ്ര്യം പുറത്തറിയിക്കാതെ കഷ്ടിച്ച് കഴിഞ്ഞുകൂടുകയാണ്. നിര്‍മാണത്തൊഴിലാളികള്‍ക്ക് പല ദിവസങ്ങളിലും ജോലിയില്ല. കര്‍ണാടകയില്‍ നിന്നെത്തിയ തൊഴിലാളികളില്‍ പലരും തിരിച്ചുപോയി. ഭൂമിയുടെ ക്രയവിക്രയം പോലും നിലച്ചിരിക്കുകയാണ്. അതിനാല്‍ ഉള്ളതില്‍ എട്ടോ പത്തോ സെന്റ് വിറ്റിട്ടാണെങ്കിലും കടത്തില്‍ നിന്നു മോചിതരാവാന്‍ ശ്രമിക്കുന്നവര്‍ക്ക് അതു നടക്കുന്നില്ല. ഈ സാഹചര്യത്തിലും സഹകരണ മേഖലയിലെ കരസ്ഥപ്പെടുത്തലും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തന്നെയുള്ള ധനകാര്യ സ്ഥാപനത്തിന്റെ ജപ്തിയുമെല്ലാം വലിയ ഭീതിയാണ് സൃഷ്ടിക്കുന്നത്.