കാശ്മീരില്‍ കുടുംബ സീറ്റ് ഉമര്‍ അബ്ദുല്ല ഉപേക്ഷിച്ചു

Posted on: November 3, 2014 5:09 am | Last updated: November 2, 2014 at 11:11 pm

OMAR PTI 1ശ്രീനഗര്‍: ജമ്മു കാശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരമ്പരാഗതമായി മത്സരിക്കുന്ന ഗന്ദേര്‍ബാല്‍ മണ്ഡലം നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല ഉപേക്ഷിച്ചത് രാഷ്ട്രീയ രംഗത്ത് അമ്പരപ്പുണ്ടാക്കി. അദ്ദേഹത്തിന്റെ അനുയായികളെ മാത്രമല്ല എതിരാളികളെയും ഈ തീരുമാനം അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
ഗന്ദേര്‍ബാലില്‍ ഉമര്‍ അബ്ദുല്ല വീണ്ടും മത്സരിക്കുന്നില്ലെന്നും സോനാവാറിലും ബീര്‍വയിലുമാണ് മത്സരിക്കുന്നതെന്നും വെള്ളിയാഴ്ചയാണ് നാഷനല്‍ കോണ്‍ഫറന്‍സ് അറിയിച്ചത്. സോനാവാര്‍ ശ്രീനഗര്‍ ജില്ലയിലും മറ്റേത് ബദ്ഗാം ജില്ലയിലുമാണ്. പരമ്പരാഗതമായി കുടുംബം മത്സരിക്കുന്ന ഗന്ദേര്‍ബാല്‍ ഉപേക്ഷിച്ചതിന്റെ രാഷ്ട്രീയ യുക്തി ബോധ്യപ്പെടുത്താന്‍ ഒരു സീറ്റിലെങ്കിലും വിജയം അനിവാര്യമാണ്. ഈ തീരുമാനം പാര്‍ട്ടിയിലെ ഒട്ടുമിക്ക നേതാക്കളെയും അമ്പരിപ്പിച്ചിട്ടുണ്ട്. മത്സരിക്കുക പോലും ചെയ്യാതെ 39 വര്‍ഷം പാരമ്പര്യം ഉപേക്ഷിക്കാന്‍ അബ്ദുല്ല കുടുംബത്തിന് എങ്ങനെയാണ് കഴിഞ്ഞതെന്ന് ഒരു മുതിര്‍ന്ന നേതാവ് അഭിപ്രായപ്പെട്ടു.
തീരുമാനം രണ്ട് വര്‍ഷം മുമ്പ് കൈക്കൊണ്ടതാണെന്നും ഗന്ദേര്‍ബാല്‍ മണ്ഡലത്തിന് വേണ്ടി തുടര്‍ന്നും സേവനം ചെയ്യുമെന്നും ഉമര്‍ അബ്ദുല്ല ട്വിറ്ററില്‍ കുറിച്ചു. രണ്ട് മണ്ഡലത്തില്‍ മത്സരിക്കുന്നതിനെ സംബന്ധിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘പ്രധാനമന്ത്രി രണ്ട് സീറ്റില്‍ മത്സരിച്ചത് ദുര്‍ബലനായത് കൊണ്ടാണോ? അന്ന് ആരും അതേക്കുറിച്ച് ചര്‍ച്ച ചെയ്തില്ലല്ലോ?’.
1975ല്‍ മുഖ്യധാരാ രാഷ്ട്രീയത്തില്‍ പ്രവേശിച്ച ശേഷം നാഷനല്‍ കോണ്‍ഫറന്‍സ് സ്ഥാപകന്‍ ശൈഖ് മുഹമ്മദ് അബ്ദുല്ല, ഗന്ദേര്‍ബാലില്‍ നിന്നാണ് മത്സരിച്ചത്. 1977ല്‍ അദ്ദേഹം വീണ്ടും മത്സരിച്ച് വിജയിച്ചു. ഉമറിന്റെ പിതാവ് ഫാറൂഖ് അബ്ദുല്ല, 1983ലും 87ലും 96ലും ഇവിടെ മത്സരിച്ചു. 2002ല്‍ ഉമര്‍ അബ്ദുല്ല ഇവിടെ മത്സരിച്ചെങ്കിലും പി ഡി പിയുടെ ഖാസി മുഹമ്മദ് അഫ്‌സലിനോട് പരാജയപ്പെട്ടു. എന്നാല്‍ 2008ല്‍ അഫ്‌സലിനെ പരാജയപ്പെടുത്തി. 2008ല്‍ തനിക്കെതിരെ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച ശൈഖ് അഷ്ഫഖ് ജബ്ബാറാണ് ഇവിടെ മത്സരിക്കുന്നത്.