ഷാര്‍ജയുടെ വീഥികളില്‍ തരൂരിന്റെയും മഞ്ജുവാര്യരുടെയും ചിത്രങ്ങള്‍

Posted on: November 2, 2014 6:24 pm | Last updated: November 2, 2014 at 6:28 pm

ഷാര്‍ജ: മുന്‍കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവും എം പിയുമായ ശശി തരൂരിന്റെയും പ്രശസ്ത മലയാള ചലച്ചിത്ര നടി മഞ്ജു വാര്യരുടെയും ചിത്രങ്ങള്‍ എമിറേറ്റിന്റെ വീഥികളില്‍ സ്ഥാനം പിടിച്ചു.

ഈ മാസം അഞ്ചു മുതല്‍ 15 വരെ നടക്കുന്ന രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഭാഗമായാണ് ഇരുവരുടെയും ചിത്രങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. മലയാളക്കരയിലെ ഈ രണ്ടു പ്രമുഖരും പുസ്തകോത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്. സംബന്ധിക്കുന്ന മറ്റു ലോക പ്രശസ്തരായ എഴുത്തുകാരുടെയും സാഹിത്യകാരന്‍മാരുടെയും മറ്റും ചിത്രങ്ങള്‍ക്കൊപ്പമാണ് തരൂരിന്റെയും മഞ്ജുവിന്റെയും മനോഹരമായ കൂറ്റന്‍ കളര്‍ ചിത്രങ്ങള്‍ പാതയോരങ്ങളിലെ വിളക്കുകാലുകളിലും മറ്റും സ്ഥാപിച്ചിട്ടുള്ളത്. ഷാര്‍ജയുടെ പ്രധാന പാതയോരങ്ങളിലെല്ലാം ഇരുവരുടെയും ചിത്രങ്ങള്‍ ഉണ്ട്. മലയാളികളുടെ ഇഷ്ട താരത്തിന്റെയും തരൂരിന്റെയും ചിത്രങ്ങള്‍ മലയാളികളെ ഏറെ ആകര്‍ഷിക്കുന്നു. ഇവരോടൊപ്പം ഇന്ത്യയില്‍ നിന്നു പ്രത്യേകിച്ച് കേരളത്തില്‍ നിന്നുള്ള ഏതാനും പ്രമുഖ എഴുത്തുകാരും സാഹിത്യകാരന്‍മാരും മറ്റും പുസ്തകോത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്. നിരവധി പ്രസാധകരും സംബന്ധിക്കുന്നു. മലപ്പുറം മഅ്ദിന്‍ ചെയര്‍മാനും പ്രമുഖ പണ്ഡിതനുമായ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി 12ന് വൈകുന്നേരം എട്ടിന് പുസ്തകോത്സവത്തിന്റെ ഭാഗമായി പ്രഭാഷണം നടത്തുന്നുണ്ട്.