കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന് വീണ്ടും പ്രധാനമന്ത്രി

Posted on: November 2, 2014 2:47 pm | Last updated: November 3, 2014 at 12:33 am

pm_radio_modiന്യൂഡല്‍ഹി: വിദേശത്തുള്ള കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന് വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദി. കള്ളപ്പണത്തിന്റെ തോത് അറിയില്ലെങ്കിലും സര്‍ക്കാര്‍ ശരിയായ ദിശയിലേക്കാണ് പോകുന്നതെന്നും ഇക്കാര്യത്തില്‍ തന്നെ വിശ്വസിക്കണമെന്നും അദ്ദേഹം പറഞ്ഞു. റേഡിയോയിലൂടെ പ്രധാനമന്ത്രി നടത്തുന്ന പ്രഭാഷണമായ മന്‍ കീ ബാത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കള്ളപ്പണം തിരിച്ചു പിടിക്കാന്‍ സമയം ആവശ്യമുണ്ട്. ജനങ്ങളുടെ വിശ്വാസവും ആവശ്യമാണ്. രണ്ടും തനിക്ക് തരൂ. മുഴുവന്‍ കള്ളപ്പണവും തിരികെ കൊണ്ടുവന്ന് രാഷ്ട്രപുരോഗതിക്കായി ചെലവഴിക്കും. മുന്‍സര്‍ക്കാറിനോ തന്റെ സര്‍ക്കാറിനോ വിദേശത്തുള്ള കള്ളപ്പണത്തിന്റെ തോത് അറിയില്ല. എന്നാല്‍ അധികം വൈകാതെ എല്ലാം കൃത്യമായി മനസ്സിലാക്കാനാകുമെന്നും മോദി പറഞ്ഞു.
കേന്ദ്ര സര്‍ക്കാറിന്റെ മാത്രമല്ല സംസ്ഥാന സര്‍ക്കാറുകളുടെ പ്രവര്‍ത്തന രീതിയും മാറണം. വികസനത്തിനും പുരോഗതിക്കും വേണ്ടിയാകണം നമ്മുടെ പ്രവര്‍ത്തനങ്ങളെന്നും പ്രധാനമന്ത്രി പറഞ്ഞു.