Connect with us

Wayanad

കാട്ടാന തകര്‍ത്ത ചെക്ക്‌പോസ്റ്റ് ബാരിക്കേഡ് മാസങ്ങള്‍ കഴിഞ്ഞിട്ടും പുനഃസ്ഥാപിച്ചില്ല

Published

|

Last Updated

തോല്‍പ്പെട്ടി: തോല്‍പ്പെട്ടിയില്‍ കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ കാട്ടാന തകര്‍ത്ത എക്‌സൈസ് ചെക്ക്‌പോസ്റ്റ് ഇനിയും പുന:സ്ഥാപിച്ചില്ല.
രാപകല്‍ ഇടതടവില്ലാതെ കര്‍ണാടകയില്‍ നിന്ന് കടന്നുവരുന്ന വാഹനങ്ങള്‍ പലതും പരിശോധിക്കാന്‍ പോലും കഴിയുന്നുമില്ല. ബാവലി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ചെക്‌പോസ്റ്റിന് കീഴിലാണ് തോല്‍പ്പെട്ടിയിലെ ചെക്ക്‌പോസ്റ്റ്. ബാവലിയില്‍ നിന്ന് രണ്ട് ഉദ്യോഗസ്ഥരെ താല്‍ക്കാലിമായി തോല്‍പ്പെട്ടിയിലേക്ക് നിയമിക്കുകയാണ് എക്‌സൈസ് വകുപ്പ് ചെയ്യുന്നത്. മാനന്തവാടി-ബാവലി-മൈസൂര്‍ പാതയില്‍ വര്‍ഷങ്ങളായി രാത്രി യാത്രാ നിരോധനം നിലവിലുണ്ട്. അതിനാല്‍ രാത്രിയില്‍ ബാവലി വഴി രാത്രി വാഹനങ്ങള്‍ വരുന്നില്ലെങ്കിലും പ്രധാന എക്‌സൈസ് ചെക്ക്‌പോസ്റ്റ് ഇപ്പോഴും ബാവലിയില്‍ തന്നെ നിലനിര്‍ത്തിയിരിക്കുകയാണ്. അതതേസമയം അതേസമയം ബാവലി വഴിയും മുത്തങ്ങ-ഗുണ്ടല്‍പേട്ട വഴിയും രാത്രി യാത്രാനിരോധനം ഉള്ളതിനാല്‍ കര്‍ണാടകയില്‍ നിന്നുള്ള വാഹനങ്ങളെല്ലാം തോല്‍പ്പെട്ടിയിലൂടെയൈണ് കേരളത്തിലേക്ക് പ്രവേശിക്കുന്നത്. തോല്‍പ്പെട്ടി വില്‍പന നികുതി ചെക്ക്‌പോസ്റ്റില്‍ നിന്ന് നൂറ് മീറ്ററോളം മാറി താല്‍ക്കാലിക ഷെഡിലാണ് എക്‌സൈസ് ചെക്ക്‌പോസ്റ്റ് പ്രവര്‍ത്തിക്കുന്നത്. വില്‍പന നികുതി ചെക്‌പോസ്റ്റില്‍ പരിസോധന കഴിഞ്ഞെത്തുന്ന വാഹനങ്ങള്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കൈ കാണിച്ചാലൂം പലപ്പോഴും നിര്‍ത്താറില്ല. ബാരിക്കേഡ് ഉണ്ടായിരുന്നുവെങ്കില്‍ ഈ പ്രശ്‌നം വരില്ലായിരുന്നു. കാട്ടാനക്കൂട്ടം എത്തിയാണ് എക്‌സൈസ് ചെക്‌പോസ്റ്റ് തകര്‍ത്തത്. ആയിരം രൂപ മുടക്കിയാല്‍ പോലും താല്‍ക്കാലികമായി പുന:സ്ഥാപിക്കാവുന്നതാണ് ബാരിക്കേഡ്. എന്നാല്‍ അധികൃതര്‍ ഇതിനുള്ള നടപടി സ്വീകരിച്ചില്ല. കാട്ടാന ശല്യം ഭയപ്പാടോടെയാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ താല്‍ക്കാലിക ചെക്ക്‌പോസ്റ്റില്‍ ജോലി ചെയ്യുന്നത്.
കാട്ടാനകള്‍ ചെക്ക്‌പോസ്റ്റ് തകര്‍ത്ത ദിവസം തലനാരിഴയ്ക്കാണ് ജീവനക്കാര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇവിടെ വൈദ്യുതി വിരുന്നുകാരനാണ്. പലപ്പോഴും ദിവസങ്ങളോളം വൈദ്യുതി ഉണ്ടാവാറില്ല. പകരം വെളിച്ചത്തിന്റെ സംവിധാനത്തിനായി ഇന്‍വേര്‍ട്ടരും എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ ഇല്ല. മദ്യവും സ്പിരിറ്റും പാന്‍മസാലയും അടക്കം അനധികൃത ഇടപാടുകള്‍ പലതും ഈ റൂട്ടിലാണ് കൂടുതലായി നടക്കുന്നത്. എന്നിട്ടും എക്‌സൈസ് അധികൃതര്‍ ഇക്കാര്യം ഗൗരവത്തിലെടുക്കുന്നില്ലെന്നാണ് ജീവനക്കാരുടെയും നാട്ടുകാരുടെയും പരാതി. കേരളത്തില്‍ ബാറുകള്‍ ഭാഗീകമായി പൂട്ടിയപ്പോള്‍ മുതല്‍ തോല്‍പ്പെട്ടി, ബാവലി വഴിയുള്ള മദ്യക്കടത്ത് കൂടിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം.
എന്നിട്ടും ഭൗതിക സൗകര്യമൊരുക്കി ചെക്ക്‌പോസ്റ്റ് പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കാത്തതിന് പിന്നില്‍ ഗൂഢതാല്‍പര്യങ്ങളുണ്ടെന്നും സംശയിക്കപ്പെടുന്നു.