ബുര്‍കിനാ ഫാസോയില്‍ അനിശ്ചിതത്വം തുടരുന്നു

Posted on: November 2, 2014 12:02 pm | Last updated: November 2, 2014 at 12:02 pm

download (1)ഒവാഗദൗഗോ: പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയില്‍ അധികാരം സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ തുടരുന്നു. രാജ്യത്തെ ജനാധിപത്യത്തിലേക്ക് നയിക്കുമെന്ന് പ്രഖ്യാപിച്ച് സൈനിക മേധാവിയും ഒരു കേണലും ഒരുമിച്ച് രംഗത്തെത്തി. മുന്‍ പ്രസിഡന്റ് ബ്ലയിസ് കോംപോര്‍, തെരുവ് പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് 27 വര്‍ഷം നീണ്ടുനിന്ന തന്റെ അധികാരത്തില്‍ നിന്ന് പിന്മാറുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
രാജ്യത്തെ സമാധാനപരമായി ജനാധിപത്യത്തിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, സാമൂഹിക സംഘടനകള്‍ തുടങ്ങിയവരുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് കേണല്‍ യാക്കൂബ് സിദ ദേശീയ ടെലിവിഷന്‍ വഴി അറിയിച്ചു. അതുവരെ രാജ്യത്തിന്റെ തലവനും ജനാധിപത്യ പ്രക്രിയകളിലേക്കുള്ള മാറ്റത്തിന്റെ നേതൃത്വവും തനിക്കായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍ പ്രസിഡന്റ് ബ്ലയിസ് കോംപോറിന്റെ അടുത്തയാളും സൈനിക ജനറലുമായ ഹോണോര്‍ ട്രയോര്‍ ഇതേ തരത്തിലുള്ള പ്രഖ്യാപനം നടത്തിയതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് കേണലിന്റെ പ്രസ്താവനയും ടെലിവിഷന്‍ വഴി സംപ്രേഷണം ചെയ്തത്. എന്നാല്‍, സിദയുടെ പ്രഖ്യാപനം സൈനിക ജനറല്‍ അംഗീകരിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
അധികാരത്തില്‍ നിന്ന് രാജിവെച്ച ഉടനെ, അടുത്ത 90 ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുമെന്ന് ബ്ലയിസ് കോംപോര്‍ വ്യക്തമാക്കിയിരുന്നു. അതിനിടെ ബുര്‍ക്കിനാ ഫാസോയില്‍ ജനാധിപത്യപരമായ തിരഞ്ഞെടുപ്പിന് അവസരം സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. നിലവിലെ കുഴഞ്ഞുമറിഞ്ഞ സാഹചര്യങ്ങള്‍ മുതലെടുക്കാന്‍ സൈന്യമോ മറ്റു പാര്‍ട്ടികളോ ശ്രമിക്കുന്നത് അപലപനീയമാണെന്നും ജനാധിപത്യത്തിന് വേണ്ടിയുള്ള ജനങ്ങളുടെ വികാരം എല്ലാ പാര്‍ട്ടികളും മുഖവിലക്കെടുക്കണമെന്നും യു എസ് വിദേശകാര്യ വക്താവ് ജെന്‍ പാസ്‌കി പറഞ്ഞു.
അഞ്ചാം തവണയും ബുര്‍ക്കിനാ ഫാസോയിലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഭരണഘടനാ ഭേദഗതിക്ക് മുന്‍ പ്രസിഡന്റ് ശ്രമം തുടങ്ങിയതോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ക്രുദ്ധരായ ജനക്കൂട്ടം ഈ നടപടിയില്‍ പ്രതിഷേധിച്ച് പാര്‍ലിമെന്റ് കെട്ടിടത്തിന് തീവെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മുന്‍ പ്രസിഡന്റ് രാജിവെക്കാന്‍ നിര്‍ബന്ധിതനായത്.
ബുര്‍ക്കിനാ ഫാസോയിലെ ജനസംഖ്യ ഏകദേശം രണ്ട് കോടിയോളം വരും. കടുത്ത വരള്‍ച്ച ആവര്‍ത്തിക്കുന്ന ഇവിടെ ഭൂരിഭാഗവും ദരിദ്രാവസ്ഥയിലുള്ളവരാണ്.