സിനായില്‍ ഈജിപ്ത് ബോംബാക്രമണം നടത്തി

Posted on: November 2, 2014 12:47 am | Last updated: November 2, 2014 at 11:49 am

bombകൈറോ: സിനായിലെ ഗ്രാമങ്ങള്‍ക്ക് നേരെ ഈജിപ്ത് ഹെലികോപ്റ്ററുകള്‍ ബോംബാക്രമണം നടത്തി. സൈനികര്‍ക്ക് നേരെ ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈജിപ്ത് ഇവിടെ ആക്രമണം ആരംഭിച്ചത്. അല്‍ മഹദിയ്യ, തുമ അല്‍ മുകത്ത എന്നീ ഗ്രാമങ്ങളിലാണ് ഹെലികോപ്റ്ററുകള്‍ ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എന്നാല്‍, ആക്രമണത്തില്‍ ആര്‍ക്കെങ്കിലും പരുക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.
അതിനിടെ, റോഡ് അരികില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് ഏഴ് സൈനികര്‍ക്ക് പരുക്കേറ്റതായി ഈജിപ്ത് സുരക്ഷാ സൈന്യം പറഞ്ഞു.
പതിറ്റാണ്ടുകളായി സിനായിലെ സായുധ സംഘങ്ങള്‍ ഈജിപ്ത് സൈന്യത്തിന് നേരെ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച നടന്ന ഒരു ആക്രമണത്തില്‍ 31 ഈജിപ്ത് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന അടിയന്തരാവസ്ഥയും നിലവില്‍ വന്നു. മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി ജനകീയ വിപ്ലവത്തിനൊടുവില്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതിന് ശേഷം ഇത്ര ശക്തമായി സൈന്യത്തിന് നേരെ ആക്രമണം നടക്കുന്നത് ഇപ്പോഴാണ്.
ഭുഗര്‍ഭ വഴികളിലൂടെ ആക്രമികള്‍ ആയുധങ്ങള്‍ ഈജിപ്തിലേക്ക് കടത്തുന്നത് തടയുക ലക്ഷ്യമിട്ട് ഗാസ അതിര്‍ത്തിയില്‍ താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളെ ഈജിപ്ത് മാറ്റിപ്പാര്‍പ്പിച്ചിരുന്നു.
ആക്രമണത്തിന് പിന്നില്‍ മുര്‍സിയുടെ മുസ്‌ലിം ബ്രദര്‍ഹുഡാണെന്ന് ഈജിപ്ത് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം മുസ്‌ലിം ബ്രദര്‍ഹുഡിനെ ഭീകരസംഘടനയായി ഈജിപ്ത് പ്രഖ്യാപിച്ചിരുന്നു.