Connect with us

International

ബന്‍ഗാസിയില്‍ ഷെല്ലാക്രമണം: നൂറുകണക്കിന് കുടുംബങ്ങള്‍ പലായനം ചെയ്തു

Published

|

Last Updated

ബന്‍ഗാസി: ലിബിയന്‍ നഗരമായ ബന്‍ഗാസിയില്‍ ശക്തമായ ഷെല്‍ വര്‍ഷം തുടരുന്ന സാഹചര്യത്തില്‍ നൂറുകണക്കിന് കുടുംബങ്ങള്‍ പലായനം ചെയ്തു. മേഖലയില്‍ തീവ്രവാദികളും സൈനികരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടലാണ് നടക്കുന്നത്. രണ്ട് ആഴ്ചക്കിടെ ബന്‍ഗാസിയില്‍ 200 പേര്‍ മരിച്ചിട്ടുണ്ടെന്ന് മെഡിക്കല്‍ അധികൃതര്‍ പറഞ്ഞു. ബന്‍ഗാസിയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ നിന്നുള്ള താമസക്കാരാണ് വീടൊഴിഞ്ഞു പോയത്. മുന്‍ സൈനിക ജനറല്‍ ഖലീഫ ഹഫ്തറിനെ പിന്തുണക്കുന്ന സൈനികരും സായുധ സംഘങ്ങളായ തീവ്രവാദ സംഘങ്ങളുമാണ് മേഖലയില്‍ ഏറ്റുമുട്ടുന്നത്.
ബന്‍ഗാസിയുടെ 70 ശതമാനത്തിലധികം പ്രദേശങ്ങള്‍ തങ്ങള്‍ കീഴടക്കിയിട്ടുണ്ടെന്നും ഇവിടെ നിന്ന് തീവ്രവാദികളെ പൂര്‍ണമായും തുരത്തിയിട്ടുണ്ടെന്നും സൈനിക കമാന്‍ഡര്‍ ഫറജ് ബരസി മാധ്യമങ്ങളോട് പറഞ്ഞു. റാസ അദിബ, അല്‍ സല്‍മാനി തുടങ്ങിയവയോട് ചേര്‍ന്ന പ്രദേശങ്ങളാണ് ഇപ്പോള്‍ സൈന്യം കൈയേറിയത്. ഈ മേഖലകള്‍ പൂര്‍ണമായും തീവ്രവാദികളുടെ കൈകളിലായിരുന്നെന്നും സൈന്യം വ്യക്തമാക്കി. 2012ല്‍ അമേരിക്കന്‍ കോണ്‍സുലേറ്റ് ആക്രമിച്ച് അംബാസിഡറെ കൊലപ്പെടുത്തിയ അന്‍സാര്‍ അല്‍ ശരീഅ പോലുള്ള തീവ്രവാദ സംഘങ്ങളോടാണ് ഹഫ്തറിന്റെ സൈന്യം പോരാട്ടം നടത്തുന്നത്. ബന്‍ഗാസിയില്‍ നിരവധി എണ്ണ കേന്ദ്രങ്ങള്‍ ഉള്ളതിനാല്‍ മേഖലക്ക് വേണ്ടിയുള്ള പോരാട്ടം കടുത്തതായിട്ടുണ്ട്.