കോണ്‍ഗ്രസ് നേതൃസ്ഥാനം രാഹുല്‍ ഏറ്റെടുക്കണമെന്ന് ദിഗ്‌വിജയ് സിംഗ്

Posted on: November 2, 2014 10:11 am | Last updated: November 2, 2014 at 10:11 am

digvijay-singh01010ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് സംഘടനയെ നയിക്കണമെന്ന് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ്. രാഹുല്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് കടന്നുവരാനുള്ള സമയമായെന്നും രാഹുലിനു വേണ്ട പൂര്‍ണ പിന്തുണ തങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന് എന്നും യുവ നേതൃത്വത്തെ പ്രാത്സാഹിപ്പിച്ച ചരിത്രമാണുള്ളത്. പലരും നേതൃത്വത്തിലേക്ക് വന്നത് വളരെ ചെറു പ്രായത്തില്‍ തന്നെയാണ്. അങ്ങനെ നോക്കുകയാണെങ്കില്‍ രാഹുലിന് നേതൃസ്ഥാനം ഏറ്റെടുക്കാനുള്ള സമയമായെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുലിനെ മുന്‍നിര്‍ത്തിയായിരുന്നു കോണ്‍ഗ്രസ് പ്രചാരണം നടത്തിയത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ പരാജയമാണ് നേരിട്ടത്. തോല്‍വിയുടെ കാരണക്കാരന്‍ രാഹുല്‍ ഗാന്ധിയാണെന്നുള്ള വിമര്‍ശം പാര്‍ട്ടികകത്ത് നിന്നും പല തവണ ഉണ്ടായിരുന്നു.
എന്നാല്‍ ദിഗ്‌വിജയ് സിംഗിന്റെത് അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായമാണെന്നും കോണ്‍ഗ്രസിന്റെ അഭിപ്രായമല്ലെന്നും വക്താവ് ആനന്ദ് ശര്‍മ പറഞ്ഞു. നിലവില്‍ സോണിയയിലാണ് കോണ്‍ഗ്രസിന്റെ നേതൃത്വമെന്നും എന്നാല്‍ പാര്‍ട്ടിയുടെ ഭാവി രാഹുല്‍ ഗാന്ധിയിലാണെന്നും ആനന്ദ് ശര്‍മ പറഞ്ഞു.