Connect with us

Wayanad

തോട്ടം മേഖലയിലെ പഠന റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല

Published

|

Last Updated

കല്‍പ്പറ്റ: മാരക രോഗങ്ങള്‍ പിടിപെടുന്നത് സംബന്ധിച്ച് തോട്ടം മേഖലയിലെ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ഉദ്യോഗസ്ഥ സംഘം നടത്തിയ പഠന റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല. മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറിന് കൈമാറുകയാണുണ്ടായത്. എന്നാല്‍ പ്രാദേശിക തലത്തില്‍ പഞ്ചായത്തുകളും സന്നദ്ധ സംഘടനകളും നേരത്തെ നടത്തിയ പല പഠനത്തിലും വയനാട്ടില്‍ ക്യാന്‍സറും ആസ്തമ പോലുള്ള ശ്വാസകോശ രോഗങ്ങളും ഗണ്യമായ തോതില്‍ വര്‍ധിക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. വയനാട്ടിലെ തോട്ടം മേഖലകളായ മേപ്പാടി,. മൂപ്പൈനാട്, തവിഞ്ഞാല്‍ പഞ്ചായത്തുകളില്‍ കാന്‍സര്‍ രോഗികള്‍ മറ്റ് പ്രദേശങ്ങളേക്കാള്‍ കൂടുതലായുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മാരക രോഗങ്ങളിലേക്ക് നയിക്കുന്ന എന്‍ഡോസള്‍ഫാന്‍ അടക്കം നിരോധിത കീടനാശിനികളുടെ പ്രയോഗവും വില്‍പനയും ജില്ലയില്‍ വ്യാപകമെന്നാണ് പരാതി ഉയരുന്നത്. ബന്ധപ്പെട്ട വകുപ്പുകളൊന്നും ഇക്കാര്യം ശ്രദ്ധിക്കുന്നേയില്ല. തോട്ടം മേഖലയില്‍ എന്‍ഡോസള്‍ഫാനെ വെല്ലുന്ന കീട-കളനാശികള്‍ പ്രയോഗിക്കുന്നതായി നേരത്തെ മുതല്‍ പരാതി ഉയര്‍ന്നിരുന്നു. വയനാട്ടില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നുണ്ടോയെന്നും മറ്റ് കീടനാശികളുടെ പ്രയോഗഫലമായി മാരകരോഗങ്ങള്‍, കുട്ടികളുടെ ബുദ്ധിമാന്ദ്യം, ശാരീക വൈകല്യങ്ങള്‍ തുടങ്ങിയവ സംഭവിക്കുന്നുണ്ടോയെന്നും 2012 സെപ്തംബറില്‍ ആരോഗ്യ വകുപ്പ് സര്‍വെ നടത്തിയിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പതിറ്റാണ്ടുകളായി മാരക കീടനാശിനി പ്രയോഗിക്കുന്ന മേപ്പാടി പഞ്ചായത്തില്‍ പലയിടത്തും ബുദ്ധിമാന്ദ്യം അടക്കം വൈകല്യമുള്ള കുട്ടികളുടെ എണ്ണം കൂടുന്നതായും കണ്ടെത്തിയിരുന്നു. ഇത്തരം കുട്ടികളെ പഠിപ്പിക്കാന്‍ ആദ്യം ചൂരല്‍മലയിലാണ് സ്‌കൂള്‍ ആരംഭിച്ചത്. പിന്നീട് ഈ സ്‌കൂള്‍ മേപ്പാടിയിലേക്ക് മാറ്റി. ഇപ്പോള്‍ മൂപ്പൈനാട് പഞ്ചായത്തില്‍ ഉള്‍പ്പെട്ട അരപ്പറ്റയിലും ഇത്തരം കുട്ടികളെ പഠിപ്പിക്കാനുള്ള സ്‌പെഷല്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സ തേടിയ എത്തുന്ന ക്യാന്‍സര്‍ രോഗികളില്‍ 20 ശതമാനത്തോളം പേര്‍ മേപ്പാടി, മൂപ്പൈനാട്, തവിഞ്ഞാല്‍ മേഖലയില്‍ നിന്നുള്ളവരാണ്. 

ചൂരല്‍മല, മുണ്ടക്കൈ, അട്ടമല പ്രദേശങ്ങളിലാണ് ജില്ലയില്‍ ഏലത്തോട്ടങ്ങള്‍ ഏറെയുള്ളത്. ഇവിടേക്ക് തമിഴ്‌നാട്ടില്‍ നിന്ന് എന്‍ഡോസള്‍ഫാന്‍ ഇപ്പോഴും മറ്റ് പല ലേബലുകളിലായി എത്തുന്നുണ്ടെന്നാണ് വിവരം. എന്‍ഡോസള്‍ഫാന്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതം മാധ്യമങ്ങളിലിലൂടെ ബോധ്യപ്പെട്ട തൊഴിലാളികള്‍ ചെറുക്കുമെന്ന് അറിഞ്ഞാണ് മറ്റ് ലേബകളില്‍ ഈ കീടനാശിനി കൊണ്ടുവരുന്നത്. മറ്റ് കീടനാശികളെ അപേക്ഷിച്ച് ഗുണമേന്മ കൂടുതലും പണം മുടക്ക് കുറവും എന്നതാണ് പ്രത്യാഘാതങ്ങള്‍ പരിഗണിക്കാതെ തോട്ടങ്ങളില്‍ തളിക്കാന്‍ ഇത് കൊണ്ടുവരുന്ന ഉടമകളുടെ ആകര്‍ഷണം. അമേരിക്ക അടക്കം ലോകത്തെ പല രാജ്യങ്ങളിലും നിരോധിച്ച റൗണ്ട് അപ്പ് എന്ന കളനാശിനി നിരോധനം വന്നശേഷവും വയനാട്ടിലെ വന്‍കിട തോട്ടങ്ങളില്‍ പ്രയോഗത്തിലുണ്ടായിരുന്നു. മാസ്‌ക്ക് പോലും ധരിക്കാതെയാണ് മാരക കീടനാശിനികളും കളനാശിനികളും വന്‍കിട തോട്ടങ്ങളില്‍ തൊഴിലാളികള്‍ തളിക്കുന്നത്. മരുന്നുതളിക്കുന്നതിനിടെ കൈകാലുകള്‍ പോലും കഴുകാതെ ചായയും പലഹാരവും കഴിക്കുന്നവരും ഉണ്ട്. റൗണ്ട്അപ്പിന് പകരമായി ഇപ്പോള്‍ ചായത്തോട്ടങ്ങളില്‍ പ്രയോഗിക്കുന്നത് ഗ്ലൈസെല്‍, ഗോള്‍ തുടങ്ങിയ കളനാശിനികളാണ്. റൗണ്ട്അപ്പ് പോലെ പുല്ലുകള്‍ കരിയുകയും ചെടിയുടെ വേരുകളടക്കം ദ്രവിക്കുകയും ചെയ്യുന്നതാണ് ഈ കളനാശികള്‍. ഡയറ്റോണ്‍, പൊന്‍പിഫ്, കാലക്‌സിന്‍, ഇന്റോസിന്‍, ബറോസല്‍, ബാബറ്റോണ്‍, ഡി എ പി തുടങ്ങിയ കീടനാശികളുടെ പ്രയോഗം സര്‍വസാധാരണമാണ്. ഇവ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് കാര്യമായ അറിവൊന്നും തൊഴിലാളികള്‍ക്കില്ല. തേയില തോട്ടങ്ങളില്‍ ഇപ്പോള്‍ പ്രയോഗിക്കുന്ന ടുഫോര്‍ ഡി എന്ന കീടനാശിനി മാരവിഷമുള്ളതാണ്. ഇത് ദേഹത്ത് തട്ടിയാല്‍ സോറിയാസിസ് പോലുള്ള രോഗങ്ങള്‍ ഉണ്ടാവുന്നുണ്ട്. തേയില ചപ്പില്‍ നിന്ന് കീടങ്ങളെ അകറ്റാന്‍ പ്രയോഗിക്കുന്ന മരുന്നുകളില്‍ പലതും ഗുരുതരമായ ഭവിഷ്യത്തുള്ളതാണെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് പോലുള്ള സംഘടനകള്‍ നടത്തിയ പഠനത്തില്‍ ബോധ്യപ്പെട്ടതാണ്. തോട്ടം മേഖലയില്‍ കീടനാശിനി പ്രയോഗത്തിന് നിയോഗിക്കുന്ന തൊഴിലാളികള്‍ക്ക് മുഖം മറയക്കാന്‍ മാസ്‌ക്കും കൈകാലുകളും ശരീരവും കഴുകാന്‍ സോപ്പും കൊടുക്കണമെന്ന ട്രേഡ് യൂണിയനുകളുടെ ആവശ്യം വന്‍കിട തോട്ടം ഉടമകളില്‍ പലരും ഇനിയും നടപ്പാക്കിയിട്ടില്ല. ഇത്തരം കീടനാശിനികളുടെ വില്‍പനയും പ്രയോഗവും തടയേണ്ട ബാധ്യത കൃഷി, ആരോഗ്യ വകുപ്പുകള്‍ക്കാണ്. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു ഇടപെടലും ബന്ധപ്പെട്ടവര്‍ നടത്തുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.