സ്വര്‍ണക്കടത്തിന് പിന്നില്‍ വന്‍കിടക്കാര്‍: ഒത്താശ ചെയ്യുന്ന ജീവനക്കാരെ പിരിച്ചുവിട്ടാല്‍ പകരം ജോലി

Posted on: November 1, 2014 5:47 am | Last updated: October 31, 2014 at 11:50 pm

gold barകൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തിനു പിന്നില്‍ വന്‍ കിട ജ്വല്ലറി ഉടമകളെന്ന് വ്യക്തമായി. എയര്‍പോര്‍ട്ടിലെ ഒരു വിമാനക്കമ്പനിയിലെ താത്കാലിക ജീവനക്കാരെ വിലക്കെടുത്താണ് വന്‍ കിട ജ്വല്ലറിക്കാര്‍ സ്വര്‍ണകടത്തിനു വഴിയൊരുക്കുന്നത്. സ്വര്‍ണം അടങ്ങിയ പൊതികളും മറ്റും വിമാനത്തില്‍ സീറ്റിനടിയില്‍ ഒളിപ്പിച്ചും, വിമാനത്തിലെ ടോയിലെറ്റിലെ മാലിന്യ കുട്ടയില്‍ ഒളിപ്പിച്ച് പിന്നീട് ഈ വിഭാഗം ജീവനക്കാര്‍ വഴി പുറത്തെത്തിക്കുകയാണ് ജ്വല്ലറി ഉടമകള്‍ ചെയ്യുന്നത്. അടുത്തിടെ ഇപ്രകാരം ആളില്ലാത്ത നിലയില്‍ കോടികളുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടിയിരുന്നു.
സ്വര്‍ണം പുറത്തെത്തിക്കുമ്പോള്‍ പിടികൂടപ്പെടുകയാണങ്കില്‍ പകരം ഇതേ ശമ്പളത്തില്‍ പുറത്ത് ജോലി തരാം എന്ന വാഗ്ദാനമാണ് ജ്വല്ലറി ഉടമകള്‍ താത്കാലിക ജീവനക്കാര്‍ക്ക് നല്‍കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ഇപ്രകാരം കള്ളകടത്തുമായി ബന്ധപ്പെട്ട് വിമാനത്താവളത്തില്‍ നിന്ന് പുറത്താക്കിയ ഒരാള്‍ ഒരു പ്രമുഖ ജ്വല്ലറിയുടെ വടകര ശാഖയില്‍ ജോലി ചെയ്യുന്നതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇപ്രകാരം പിരിച്ചുവിട്ട മറ്റുള്ളവരുടെ വിവരങ്ങളും ശേഖരിച്ചു വരുന്നുണ്ട് . സ്വര്‍ണക്കടത്തിനു പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ ജ്വല്ലറി ഉടമകള്‍ക്കെതിരെയും അന്വേഷണം വരുന്നതായാണ് വിവരം.