അനുമതിയില്ലാതെ പ്രകടനം; 20 യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Posted on: November 1, 2014 6:04 am | Last updated: October 31, 2014 at 10:05 pm

ഉപ്പള: അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും റോഡ് ഉപരോധിച്ചിതനും 20 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. മഞ്ചേശ്വരം എം എല്‍ എ. പി ബി അബ്ദുറസാഖിന്റെ വസതിയിലേക്ക് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധിച്ചാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചത്. എസ് ഡി പി ഐ-യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഒരേ സമയം നടത്തിയ മാര്‍ച്ചും റോഡ് ഉപരോധവും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു.
മഞ്ചേശ്വരം മിനി ഹാര്‍ബര്‍ ഉദ്ഘാടനം ചെയ്ത് ഒരു വര്‍ഷം കഴിഞ്ഞിട്ടും നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എസ് ഡി പി ഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എം എല്‍ എയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയത്. എസ് ഡി പി ഐ മാര്‍ച്ചിന് പോലീസില്‍ നിന്നും അനുമതി വാങ്ങിയിരുന്നു. എന്നാല്‍, അനുമതി വാങ്ങാതെയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.
ഉപ്പളയിലെ ലീഗ് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എം എല്‍ എയുടെ ഓഫീസിലേക്കാണ് എസ് ഡി പി ഐ ആദ്യം മാര്‍ച്ചുമായി എത്തിയത്. എന്നാല്‍, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഇത് തടയുകയും പാര്‍ട്ടി ഓഫീസിലേക്കല്ല എം എല്‍ എയുടെ വസതിയിലേക്കാണ് മാര്‍ച്ച് നടത്തേണ്ടതെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
പോലീസും എസ് ഡി പി ഐ പ്രവര്‍ത്തകരുടെ മാര്‍ച്ച് തടഞ്ഞിരുന്നു. സംഘര്‍ഷം ഉടലെടുത്തതോടെ മാര്‍ച്ച് പിന്നീട് ഉപ്പളയിലെ എം എല്‍ എ താമസിക്കുന്ന ഫ്‌ലറ്റിലേക്ക് മാറ്റിയത്. ഇതിനിടയില്‍ പാര്‍ട്ടി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയും 15 മിനുട്ടോളം റോഡ് ഉപരോധിക്കുകയുമായിരുന്നു. പോലീസ് ഇടപെട്ടാണ് ഇവരെ പിരിച്ചയച്ചത്.