Connect with us

Kollam

പുതിയകാവ് നെഞ്ചുരോഗാശുപത്രിയിലെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം വൈകുന്നു

Published

|

Last Updated

കരുനാഗപ്പള്ളി: പുതിയകാവ് നെഞ്ചുരോഗാശുപത്രിയില്‍ നെഞ്ചുരോഗ ചികിത്സയും അത്യാഹിത വിഭാഗത്തിനുമായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം വൈകുന്നു. ഒരുകോടി രൂപാ ചെലവില്‍ നിര്‍മിച്ച പുതിയ ബ്ലോക്ക് നിര്‍മാണം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ കഴിഞ്ഞിട്ടില്ല.
പുതിയാതായി നിര്‍മിച്ച കെട്ടിടത്തില്‍ നെഞ്ചുരോഗ ചികിത്സയും അത്യാഹിത വിഭാഗത്തിനും ആവശ്യത്തിനുള്ള അത്യാധുനിക ഉപകരണങ്ങളും ഫര്‍ണിച്ചറുകളും ഇനിയുമെത്തിയിട്ടില്ല. പുതിയ ബ്ലോക്ക് തുടങ്ങുന്നതിനുവേണ്ടി ഡോക്ടര്‍മാരെയും ജീവനക്കാരെയും ഇനിയും നിയമിച്ചിട്ടില്ല. പുതിയ ബ്ലോക്കിന്റെ പ്രവര്‍ത്തനം തുടങ്ങിയാല്‍ കരുനാഗപ്പള്ളി, കുന്നത്തൂര്‍, മാവേലിക്കര എന്നീ താലൂക്കുകളില്‍ നിന്നുമെത്തുന്ന നൂറുകണക്കിനു രോഗികള്‍ക്ക് കുറഞ്ഞ നിരക്കില്‍ വിദഗ്ധ ചികിത്സ ലഭിക്കും. കരുനാഗപ്പള്ളി താലൂക്കില്‍ നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രിയുള്‍പ്പടെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലും നെഞ്ചുരോഗവിഭാഗമില്ല. താലൂക്കില്‍ ആദ്യമായിട്ടാണ് വര്‍ഷങ്ങളായി നെഞ്ചുരോഗാശുപത്രിയെന്ന പേരില്‍ അറിയപ്പെടുന്ന പുതിയകാവ് നെഞ്ചുരോഗാശുപത്രിയില്‍ പുതിയ ബ്ലോക്ക് ആരംഭിക്കുന്നത്.
പുതിയ ബ്ലോക്കിനകത്ത് പ്രവേശിക്കാന്‍ ഒരു വാതില്‍ മാത്രമാണുള്ളത്. കെട്ടിടത്തിന്റെ നിര്‍മാണം അശാസ്ത്രിയമാണെന്ന് തുടക്കം മുതല്‍ പരാതിയുണ്ടായിരുന്നു. അകത്ത് കാറ്റും വെളിച്ചവും ലഭിക്കാത്ത രീതിയിലാണ് എന്‍ജിനീയര്‍മാരുടെ നേരിട്ടുള്ള നിര്‍ദ്ദേശത്തിലും മേല്‍നോട്ടത്തിലും നിര്‍മിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ സാങ്കേതിക തടസങ്ങളും ആശുപത്രി കെട്ടിടമെന്ന നിലവാരം നിലനിര്‍ത്തുന്നതിനും ആവശ്യമായ സജ്ജീകരണങ്ങള്‍ ഉണ്ടാവണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
നിലവിലുള്ള ആശുപത്രി കെട്ടിടം പൂര്‍ണമായി 75ലക്ഷംരൂപാ ചെലവില്‍ അറ്റകുറ്റപണികള്‍ നടത്തികഴിഞ്ഞു. ആറുമാസങ്ങള്‍ക്കുമുമ്പ് പണിപൂര്‍ത്തിയായെങ്കിലും ഇനിയും ഉദ്ഘാടനം നടത്താന്‍ കഴിഞ്ഞിട്ടില്ല.
ഇപ്പോള്‍ ആശുപത്രിയില്‍ ടി ബി രോഗികള്‍ക്കായി ഒരു വാര്‍ഡും ജനറല്‍ വാര്‍ഡുകളായി മൂന്നു വാര്‍ഡുകളുമുള്‍പ്പടെ നാല് വാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നു. മൊത്തം 50 കിടക്കകളുണ്ട്. കരുനാഗപ്പള്ളി, കുന്നത്തൂര്‍, മാവേലിക്കര താലൂക്കുകളില്‍ നിന്നും ദിനംപ്രതി അഞ്ഞൂറിലധികം രോഗികളെത്തുമ്പോള്‍ രണ്ട് ഡോക്ടര്‍മാരുടെ സേവനം മാത്രമാണുള്ളത്.

---- facebook comment plugin here -----

Latest