Connect with us

Palakkad

പാചക വാതക പ്രശ്‌നപരിഹാരത്തിന് താലൂക്ക്തല അദാലത്തുകള്‍ നടത്തും

Published

|

Last Updated

പാലക്കാട്: പാചക വാതക ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നതിന് താലൂക്ക്തല അദാലത്തുകള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്‍ പറഞ്ഞു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ എല്‍ പി ജി ഓപ്പണ്‍ ഫോറത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പരാതികള്‍ പരിഹരിക്കും. ഇവിടെ പരിഹരിക്കാത്തവ ജില്ലാതല ഓപ്പണ്‍ ഫോറത്തില്‍ ചര്‍ച്ച ചെയ്യും. ഗുണഭോക്താക്കളുടെ നിര്‍ദ്ദേശങ്ങള്‍ ഗ്യാസ് ഏജന്‍സികളെ അറിയിക്കും.
ജില്ലയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഉപഭോക്താക്കള്‍ക്ക് സിലിണ്ടര്‍ ലഭിക്കുന്നതില്‍ കാലതാമസമുണ്ടാകുന്ന സാഹചര്യത്തില്‍ സിലിണ്ടര്‍ ക്ഷാമം കോര്‍പ്പറേഷനെയും സര്‍ക്കാരിനെയും രേഖാമൂലം അറിയിക്കുമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
എല്ലാ ഏജന്‍സികളും പാചകവാതകം വിതരണം ചെയ്യുന്ന വാഹനങ്ങളില്‍ കിലോമീറ്ററനുസരിച്ചുളള വിലയും ഏജന്‍സിയുടെ ഫോണ്‍ നമ്പറും രേഖപ്പെടുത്തണം. പാചക വാതക സിലിണ്ടറുകള്‍ വാഹനങ്ങളില്‍ നിന്ന് അലക്ഷ്യമായി വലിച്ചെറിയരുത്. ഗ്യാസ് സിലിണ്ടര്‍ റീഫില്‍ ചെയ്ത് ലഭിക്കുന്നതില്‍ കാലതാമസം പരിഹരിക്കണം. പുതിയ കണക്ഷനോ സെക്കന്റ് സിലിണ്ടറോ എടുക്കുമ്പോള്‍ ഗ്യാസ് സ്റ്റൗ, കുക്കര്‍ തുടങ്ങിയ സാധനങ്ങള്‍ വാങ്ങുന്നതിന് ഉപ‘ോക്താക്കളെ നിര്‍ബന്ധിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഓപ്പണ്‍ ഫോറത്തിലുണ്ടാകുന്ന തീരുമാനങ്ങളില്‍ തുടര്‍ നടപടികള്‍ ഉറപ്പു വരുത്തുമെന്ന് എ ഡി എം കെ ഗണേശന്‍ അറിയിച്ചു.
ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ഗ്യാസ് ഏജന്‍സികള്‍ അനുവദിക്കണമെന്ന ആവശ്യം ബന്ധപ്പെട്ടവരെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. താലൂക്ക് തല മോണിറ്ററിങ് സമിതികള്‍ ശക്തിപ്പെടുത്തും. ഉപഭോക്താക്കളുടെ പരാതികളിന്മേല്‍ ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ 30 എല്‍ പി ജി ഔട്ട് ലെറ്റുകളില്‍ പരിശോധന നടത്തിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ പി എം കെ ഉണ്ണി യോഗത്തില്‍ അറിയിച്ചു.
എല്‍ പി ജി ഗോഡൗണുകളില്‍ കിട്ടിയ സിലിണ്ടറുകളുടേയും കൊടുത്ത സിലിണ്ടറുകളുടേയും വിവരങ്ങളുടെ രജിസ്റ്റര്‍ കൃത്യമായി സൂക്ഷിക്കാത്ത ഏജന്‍സികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ചില ഔട്ട് ലെറ്റുകളില്‍ കംപ്യൂട്ടര്‍ രേഖകളിലും മാന്വല്‍ രജിസ്റ്ററിലും വ്യത്യാസം കണ്ടെത്തി.
ഡെലിവറി ബോയ്‌സ് സുരക്ഷ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നില്ലെന്നും കണ്ടെത്തി. ഔട്ട് ലെറ്റുകളില്‍ ഉപഭോക്താക്കളുടെ എണ്ണത്തിന് ആനുപാതികമായി ജീവനക്കാരും വാഹനങ്ങളുമില്ല. കഴിഞ്ഞ ഓപ്പണ്‍ ഫോറത്തില്‍ ലഭിച്ച 61 പരാതികളില്‍ 31 പരാതികളും പരിഹരിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ പറഞ്ഞു.
പരാതികളിലധികവും ഗ്യാസ് സിലിണ്ടര്‍ റീഫില്‍ ചെയ്ത് ലഭിക്കുന്നതിലുളള കാലതാമസം, വാഹനസൗകര്യം ഉണ്ടായിട്ടും സിലിണ്ടര്‍ വീട്ടിലെത്തിക്കുന്നില്ല. സിലിണ്ടര്‍ തൂക്കി നല്‍കുന്നില്ല,
ബില്‍ നല്‍കുന്നില്ല, അഞ്ച് കിലോമീറ്ററിനകത്തേക്കുളള സ്ഥലത്തേക്ക് പോലും ഗ്യാസ് വിതരണം ചെയ്യുമ്പോള്‍ ട്രാന്‍സ്‌പോര്‍ട്ടിങ് ചാര്‍ജ് ഈടാക്കുന്നു. ഗ്യാസ് ബുക്ക് ചെയ്യുന്നതിനായി ഏജന്‍സികളില്‍ വിളിക്കുമ്പോള്‍ മോശമായ പെരുമാറ്റം.
പുതിയ കണക്ഷനെടുക്കുമ്പോള്‍ ഗ്യാസ് സ്റ്റൗ വാങ്ങാന്‍ പ്രേരിപ്പിക്കുന്നു തുടങ്ങിയ പരാതികളാണ് കൂടുതല്‍ ലഭിച്ചത്. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ഏജന്‍സി മണ്ണാര്‍ക്കാട് ടൗണിലെ ഉപഭോക്താക്കളെ അലനല്ലൂര്‍ ഏജന്‍സി പരിധിയിലേക്ക് മാറ്റുകയും ഗോഡൗണില്‍ നിന്ന് കൂടുതല്‍ ദൂരത്തിലായതിനാല്‍ അമിതചാര്‍ജ് ഈടാക്കുകയും ചെയ്യുന്നതായുളള പരാതിയും പരിശോധിച്ച് നടപടിയെടുക്കാന്‍ തീരുമാനമായി. ഒറ്റപ്പാലം താലൂക്കിലെ ഒരു ബി പി എല്‍ ഗ്യാസ് ഏജന്‍സിക്കെതിരെ തുടര്‍ച്ചയായി പരാതികള്‍ ലഭിക്കുന്ന സാഹചര്യത്തില്‍ നടപടി സ്വീകരിക്കുമെന്ന് ബി പി സിഎല്‍ പ്രതിനിധി അറിയിച്ചു.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ തൊഴില്‍ സമരം തുടരുന്ന സാഹചര്യത്തില്‍ 25 ലോഡ് സിലിണ്ടറിന്റെ കുറവുണ്ടെന്നും ഇത് പരിഹരിക്കാന്‍ ഒരു മാസത്തിലേറെ സമയം വേണ്ടിവരുമെന്നും ഐ ഒ സി ഡെപ്യൂട്ടി മാനേജര്‍ ആര്‍ മലര്‍വിഴി പറഞ്ഞു.
കോയമ്പത്തൂരില്‍ നിന്നുളള 24 ലോഡ് സിലിണ്ടര്‍ ഇപ്പോള്‍ ലഭിക്കുന്നില്ല. കോഴിക്കോട് ചേളാരി പ്ലാന്റില്‍ നിന്ന് 60 നും 65 നും ഇടയില്‍ ലോഡ് സിലിണ്ടറാണ് ലഭിക്കുന്നത്.
ഐ ഒ സി യുടെ മൂന്ന് ലക്ഷം ഉപഭോക്താക്കള്‍ക്ക് 17 ഏജന്‍സികളിലായി 85 ലോഡ് സിലിണ്ടര്‍ ആണ് ആവശ്യം. നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് പൂര്‍ണ്ണമായും സിലിണ്ടര്‍ അനുവദിക്കുന്നതില്‍ കാലതാമസമുണ്ടാവുമെന്നും മലര്‍വിഴി പറഞ്ഞു.
എച്ച് പി സി എല്‍ പ്രതിനിധി സുനില്‍കുമാര്‍ മാരോ ബി പി സി എല്‍ സെയില്‍സ് ഓഫീസര്‍ സുരേഷ് ബാബു, താലൂക്ക് സപ്ലൈ ഓഫീസര്‍മാരായ കെ അജിത് കുമാര്‍ (പാലക്കാട്), എം സെയ്ത് ഇബ്രാഹിം (ചിറ്റൂര്‍), കെ സുരേഷ് കുമാര്‍ (ഒറ്റപ്പാലം), ബെന്നി സ്‌കറിയ (ആലത്തൂര്‍), മുഹമ്മദ് റാഫി (മണ്ണാര്‍ക്കാട്) എന്നിവരും വിവിധ ഉപഭോക്തൃ സംഘടനാ പ്രതിനിധികളും ഉപഭോക്താക്കളും ഗ്യാസ് ഏജന്‍സി പ്രതിനിധികളും യോഗത്തില്‍ സംബന്ധിച്ചു.

---- facebook comment plugin here -----