Connect with us

Gulf

ഹലാല്‍ ഉല്‍പന്നങ്ങള്‍ക്ക് അടയാളം;മാനദണ്ഡങ്ങള്‍ തയ്യാറെന്ന് നഗരസഭ

Published

|

Last Updated

ദുബൈ: ഹലാല്‍ ഉത്പന്നങ്ങള്‍ക്ക് പ്രത്യേക അടയാളം (ഹലാല്‍ നാഷനല്‍ മാര്‍ക്ക്) നല്‍കുമെന്ന് ദുബൈ നഗരസഭാ ഡയറക്ടര്‍ ജനറല്‍ എഞ്ചി. ഹുസൈന്‍ നാസര്‍ ലൂത്ത അറിയിച്ചു. ദുബൈയില്‍ പത്താമത് ലോക ഇസ്‌ലാമിക സാമ്പത്തിക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടയാളം നല്‍കാന്‍ എമിറേറ്റ്‌സ് സ്റ്റാന്റേര്‍ഡൈസേഷന്‍ ആന്‍ഡ് മെട്രോളജി അതോറിറ്റി (എസ്മ)ക്ക് നിര്‍ദേശം നല്‍കും. ഇതിന് മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ അവരെ ചുമതലപ്പെടുത്തും.
ഹലാല്‍ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നവര്‍ക്ക് ഉപഭോക്താക്കള്‍ക്കു ഇത് ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. ഇക്കാര്യത്തില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശമുണ്ട്. ദുബൈയെ ലോക ഇസ്‌ലാമിക സമ്പദ്‌വ്യവസ്ഥയുടെ കേന്ദ്രമാക്കുകയാണ് പരമമായ ലക്ഷ്യം.
മാനദണ്ഡങ്ങള്‍ ഇതിനകം ഏതാണ്ട് നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഉത്പന്നത്തിന്റെ സ്വഭാവം, മേന്മ, വലുപ്പം തുടങ്ങിയവയും പരിഗണിക്കേണ്ടതുണ്ട്. ശരീഅ നിബന്ധിത ഉത്പന്നങ്ങള്‍ക്കു ലോകമാകെ ആവശ്യക്കാര്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ ദുബൈയുടേത് വലിയ ചുവടുവെപ്പാണെന്നും ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു.

Latest