Connect with us

Malappuram

ജില്ലയിലെ അഞ്ച് പഞ്ചായത്തുകള്‍ ഇനി അഴിമതി രഹിതം

Published

|

Last Updated

തിരൂരങ്ങാടി: ജില്ലയിലെ അഞ്ച് പഞ്ചായത്തുകള്‍ അഴിമതി രഹിത പഞ്ചായത്തുകളാകുന്നു. പെരുവള്ളൂര്‍, എടക്കര, ഏലംകുളം, ആല്‍പറമ്പ്, വണ്ടൂര്‍ എന്നീ പഞ്ചായത്തുകളാണ് അഴിമതി രഹിത പഞ്ചായത്തുകളാകുക. സംസ്ഥാന വിജിലന്‍സ് വിഭാഗത്തിന്റെ സഹകരണത്തോടെയാണ് ഇവ നടത്തുന്നത്. ഈ പഞ്ചായത്തുകളെ സമ്പൂര്‍ണ അഴിമതി വിമുക്ത പഞ്ചായത്തുകളാക്കുന്നതിന് വിജിലന്‍സ് വിഭാഗം വിവിധ കര്‍മ പദ്ധതികളാണ് നടത്തുക. സംസ്ഥാന വിജിലന്‍സ് വിഭാഗത്തിന്റെ സുവര്‍ണ ജൂബിലിയുടെ ഭാഗമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളായ പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, റേഷന്‍ഷാപ്പ്, മാവേലി സ്റ്റോര്‍, ആശുപത്രി, മൃഗാശുപത്രി കൃഷിഓഫീസ്, സ്‌കൂളുകള്‍, സര്‍വീസ് സഹകരണ സ്ഥാപനങ്ങള്‍ അങ്കണ്‍വാടികള്‍ തുടങ്ങിയവയിലെ ഉദ്യോഗസ്ഥരുടെ ജോലിയിലുള്ള കൃത്യനിഷ്ഠതയോടൊപ്പം അഴിമതി പൂര്‍ണമായും തുടച്ചുമാറ്റുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഉയര്‍ന്ന ഓഫീസുകള്‍ തൊട്ട് താഴെക്കിടയിലുള്ള ഓഫീസുകള്‍ വരെ ഇതിന്റെ പരിധിയില്‍ പെടും.
ഒരു സി ഐ അടക്കമുള്ള ഒരുസംഘം വിജിലന്‍സ് പോലീസിന്റെ നിയന്ത്രണത്തില്‍ പഞ്ചായത്തിലെ എന്‍ ജിഒകളുടെയും ക്ലബ്ബുകളുടേയും സന്നദ്ധ പ്രവര്‍ത്തകരുടേയും യുവാക്കളുടേയും സഹായത്തോടെയാണ് പദ്ധതികള്‍ നടപ്പിലാക്കുക. ഇതിനായി പഞ്ചായത്ത് തലങ്ങളില്‍ സ്‌ക്വാഡ് രൂപവത്കരിക്കുകയും അതിന് പുറമെ ഓരോ വാര്‍ഡുകളിലും അഞ്ച് വീതം സ്‌ക്വാഡുകളും വാര്‍ഡ് തല കമ്മിറ്റികളും രൂപവത്കരിക്കും.
പൊതു ജനങ്ങള്‍ക്ക് ഇതേകുറിച്ച് ബോധവത്കരണം നല്‍കും. പരാതികള്‍ നല്‍കാന്‍ വാര്‍ഡ് തലങ്ങളില്‍ തന്നെ സൗകര്യം ഒരുക്കും. വിവിധ ഫോണ്‍ നമ്പറുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. പെരുവള്ളൂര്‍ പഞ്ചായത്തില്‍ ഇത് നടപ്പിലാക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന യോഗം മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പി. കെ സലീം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെടി കുഞ്ഞാപ്പുട്ടി അധ്യക്ഷത വഹിച്ചു. ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് കെ യൂസുഫ്, പഞ്ചായത്ത് വൈസ്പ്രസിഡന്റ് സി വിലാസിനി, കെ ടി ഹസന്‍കോയ, എ പി അശ്‌റഫ്, ചൊക്ലി മൊയ്തീന്‍ പ്രസംഗിച്ചു. അടുത്ത മാര്‍ച്ച് 31ന് പെരുവള്ളൂര്‍ പഞ്ചായത്തിനെ സമ്പൂര്‍ണ അഴിമതി വിമുക്ത പഞ്ചായത്തായി പ്രഖാപിക്കും.

 

Latest