Connect with us

Gulf

ലോക ഇസ്‌ലാമിക സാമ്പത്തിക ഫോറത്തിന് ഉജ്വല തുടക്കം

Published

|

Last Updated

ദുബൈ: ഇസ്‌ലാമിക സമ്പദ്‌വ്യവസ്ഥയുടെ സ്വീകാര്യത വിളംബരം ചെയ്ത് 10-ാമത് ലോക ഇസ്‌ലാമിക സാമ്പത്തിക എക്കോണോമിക് ഫോറം ദുബൈയില്‍ തുടങ്ങി. മൂന്നു ദിവസം നീണ്ടു നില്‍ക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭരണാധികാരികളും സാമ്പത്തിക വിദഗ്ധരും വാണിജ്യ പ്രമുഖരും പങ്കെടുക്കുന്നു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു.
ദുബൈ ഉപഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, മലേഷ്യന്‍ പ്രധാനമന്ത്രി ദാത്തോശ്രീ നജീബ് തുന്‍ അബ്ദുര്‍റസാഖ്, ഖസാക്കിസ്ഥാന്‍ പ്രസിഡന്റ് നൂര്‍ സുല്‍ത്താന്‍ അബിശുലി നമ്പര്‍ ബായേവ്, ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് അബ്ദുല്‍ ഹമീദ്, താജിക്കിസ്ഥാന്‍ ഉപ പ്രധാനമന്ത്രി അസീം ഇബ്രാഹീം തുടങ്ങിയവര്‍ എത്തിയിരുന്നു.
സാമൂഹിക ജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും ഇസ്‌ലാമിക ഭരണ നയം പടര്‍ത്താന്‍ കഴിയുമെന്നും പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നും സെമിനാറുകളില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. ആഗോള സാമ്പത്തിക മേഖലയുടെ സ്ഥിരതക്ക് ഇസ്‌ലാമിക വ്യവസ്ഥ അനിവാര്യമാണെന്ന് 10-ാമത് ലോക ഇസ്‌ലാമിക സാമ്പത്തിക ഫോറത്തില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
“സാമ്പ്രദായിക ധനതത്വങ്ങളുടെ പോരായ്മകള്‍ പരിഹരിക്കുന്ന പല ഘടകങ്ങളും ഇസ്‌ലാമിക സമ്പദ്‌വ്യവസ്ഥയിലുണ്ട്. അടിസ്ഥാനസൗകര്യ വികസനത്തിന് സുകൂക് ഉപയോഗപ്പെടുത്തുന്നത് അതിലൊന്നാണ്-” ദുബൈ ചേംബര്‍ സി ഇ ഒ ഹമദ് ബുആമിം പറഞ്ഞു.
അത് കൊണ്ടാണ് ഇസ്‌ലാമിക സമ്പദ്‌വ്യവസ്ഥക്ക് ദുബൈ ഊന്നല്‍ നല്‍കുന്നത്. ധനതത്വം, ഹലാല്‍ ജീവിത ശൈലി, കുടുംബ കേന്ദ്രീകൃത വിനോദസഞ്ചാരം, ഇസ്‌ലാമിക മാനദണ്ഡങ്ങള്‍ തുടങ്ങിയവ കൊണ്ട് ഉപഭോക്താക്കള്‍ക്കും ഇടപാടുകാര്‍ക്കും നിക്ഷേപകര്‍ക്കും സംതൃപ്തി പകരാന്‍ കഴിയും.
സാമ്പത്തിക വളര്‍ച്ചക്ക് പുതിയതരം പങ്കാളിത്തം എന്ന സന്ദേശമാണ് സമ്മേളനം ഉയര്‍ത്തിപ്പിടിക്കുന്നത്-ഹമദ് ബുആമിം പറഞ്ഞു.
ദുബൈ ഭരണകൂടം 75 കോടി ഡോളറിന്റെ സുകൂക് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ദുബൈ ഇന്റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ ഗവര്‍ണര്‍ ഈസാ കാസിം വ്യക്തമാക്കി. വിവിധ കറന്‍സികളിലാണിത്. ഏഷ്യക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് 2020 ഓടെ 83 ലക്ഷം കോടി ആവശ്യമായിരിക്കെ സുകൂകിന് വലിയ പങ്ക് വഹിക്കാനുണ്ട്. അവര്‍ ചൂണ്ടിക്കാട്ടി.