ചാന്‍സലേഴ്‌സ് കൗണ്‍സില്‍ രൂപീകരിക്കും: ഗവര്‍ണര്‍

Posted on: October 27, 2014 2:42 pm | Last updated: October 28, 2014 at 12:32 am

sadasivam

കൊച്ചി: സര്‍വകലാശാലകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ചാന്‍സലേഴ്‌സ് കൗണ്‍സില്‍ രൂപീകരിക്കുമെന്ന് ഗവര്‍ണര്‍ പി സദാശിവം. ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍ കൗണ്‍സില്‍ വിലയിരുത്തും. സ്വാശ്രയ കോളേജുകളിലെ പരീക്ഷാ നടത്തിപ്പ് മെച്ചപ്പെടുത്താന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. പരീക്ഷാ ഹാളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്നും ഗവര്‍ണര്‍ വിളിച്ച വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിനു ശേഷം യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് അദ്ദേഹം പറഞ്ഞു.

വി സി നിയമനത്തിന് വിദഗ്ധ സമിതിയെ നിയോഗിക്കും. ഓരോ മൂന്ന് മാസം കഴിയുമ്പോഴും വിസിമാര്‍ ഗവര്‍ണര്‍ക്ക് പ്രവര്‍ത്തന റിപ്പോര്‍ട്ട് നല്‍കണമെന്നും യോഗം തീരുമാനിച്ചു. ഇതാദ്യമായാണ് ഗവര്‍ണര്‍ ഒരു കൗണ്‍സിലിന് രൂപം നല്‍കുന്നത്.
അതിനിടെ യോഗം നടക്കുന്ന കൊച്ചി സര്‍വകലാശാലയിലേക്ക് വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനങ്ങള്‍  നടത്തി. സര്‍വകലാശാലകളില്‍ ഭരണം സ്തംഭിച്ചിരിക്കുകയാണെന്നും അക്കാദമിക കാര്യങ്ങളേക്കാള്‍ മറ്റുകാര്യങ്ങളിലാണ് വിസിമാര്‍ക്ക് താല്‍പര്യമെന്നും ആരോപിച്ചായിരുന്നു മാര്‍ച്ച്. എസ്എഫ്‌ഐ, എഐഎസ്എഫ്, എംഎസ്എഫ്, എബിവിപി പ്രവര്‍ത്തകരാണ് വ്യത്യസ്ത സമയങ്ങളിലായി മാര്‍ച്ച് നടത്തിയത്.