Connect with us

Palakkad

മലമ്പുഴ ഡാമിന്റെ വൃഷ്ടി പ്രദേശം കൈയേറി സ്വകാര്യ വ്യക്തിയുടെ തീറ്റ പുല്‍ കൃഷി

Published

|

Last Updated

മലമ്പുഴ: സ്വകാര്യവ്യക്തി കൈയേറിയ ഡാമിന്റെ വൃഷ്ടിപ്രദേശം ഇതേവരെ വീണ്ടെടുക്കാനായില്ല. കൈയേറ്റസ്ഥലത്തിന് ചുറ്റും കമ്പിവേലി കെട്ടി സ്വകാര്യവ്യക്തി തീറ്റപ്പുല്‍കൃഷി തുടങ്ങി. വലിയകാട് മില്‍മ സൊസൈറ്റിക്ക് സമീപമാണ് ഡാമിന്റെ വൃഷ്ടിപ്രദേശം സ്വകാര്യവ്യക്തി കൈയേറിയത്. 50 സെന്റോളം വൃഷ്ടിപ്രദേശം കൈയേറിയതായാണ് ആരോപണം. അതേസമയം, വൃഷ്ടിപ്രദേശം കൈയേറിയെന്ന് ബോധ്യപ്പെട്ടിട്ടും നടപടിയെടുക്കാന്‍ ജലസേചനവകുപ്പധികൃതര്‍ തയ്യാറായിട്ടില്ല കൈയേറിയ സ്ഥലത്തില്‍നിന്ന് മൂന്ന് സെന്റ് സ്ഥലം കുടിവെള്ളപദ്ധതിക്ക് കിണര്‍ നിര്‍മിക്കുന്നതിനായി സ്വകാര്യവ്യക്തി സൗജന്യമായി വിട്ടുനല്‍കിയിരുന്നു. എന്നാല്‍, ആറുമാസം മുമ്പ് ഡാമിന്റെ സ്ഥലത്ത് കിണര്‍ നിര്‍മിക്കുന്നത് നാട്ടുകാര്‍ തടസ്സപ്പെടുത്തി. തുടര്‍ന്ന് മലമ്പുഴ ബ്ലോക്ക് അസി എക്‌സി എന്‍ജിനിയറും വില്ലേജ് അധികൃതരും സ്ഥലപരിശോധന നടത്തി. കിണറിന് വിട്ടുകൊടുത്ത സ്ഥലം ഡാമിന്റെ വൃഷ്ടിപ്രദേശമാണെന്ന് ബോധ്യപ്പെട്ടതോടെ കുഴിച്ച കിണര്‍ മൂടാനും മറ്റൊരു സ്ഥലത്ത് കിണര്‍ നിര്‍മിക്കാനും ബ്ലോക്ക് അസി എക്‌സി. എന്‍ജിനിയര്‍ നിര്‍ദേശം കൊടുത്തു.——
കിണര്‍ മാറ്റിസ്ഥാപിച്ചെങ്കിലും നാലു മാസം മുമ്പ് കൈയേറ്റസ്ഥലമടക്കം സ്വകാര്യവ്യക്തി വേലികെട്ടി കൈവശപ്പെടുത്തുകയായിരുന്നു. നിരന്തരം നാട്ടുകാര്‍ പരാതിപ്പെട്ടിട്ടും ജലസേചനവകുപ്പധികൃതര്‍ ഇതേവരെ സ്ഥലം ഒഴിപ്പിച്ചെടുക്കാന്‍ തയ്യാറായിട്ടില്ല. ആറ് മാസം മുമ്പാണ് ജലസേചനവകുപ്പ് എക്‌സി എന്‍ജിനിയര്‍ക്ക് കൈയേറ്റം സംബന്ധിച്ച് നാട്ടുകാര്‍ പരാതി കൊടുത്തത്. ഡാമിന്റെ വൃഷ്ടിപ്രദേശം കൈയേറുന്നത് തടയാനും കൈയേറ്റസ്ഥലം തിരിച്ചുപിടിക്കുന്നതിനുമായി ഡ്രിപ് പദ്ധതി (ഡാം റിഹാബിലിറ്റേഷന്‍ ഇംപ്രൂവ്ഡ് പ്രോജക്ട്ഡി ആര്‍ ഐ പി) നടപ്പിലാക്കിക്കൊണ്ടിരിക്കുമ്പോഴാണ് പുതിയ കൈയേറ്റങ്ങളും സുഗമമായി നടക്കുന്നത്.