Connect with us

Kerala

എസ് വൈ എസ് 60ാം വാര്‍ഷികം: എഴുത്തുമേള തുടങ്ങി

Published

|

Last Updated

തിരൂരങ്ങാടി: സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം എന്ന പ്രമേയവുമായി ഫെബ്രുവരി 27, 28, മാര്‍ച്ച് ഒന്ന് തീയതികളില്‍ മലപ്പുറം താജുല്‍ഉലമാ നഗറില്‍ നടക്കുന്ന എസ് വൈ എസ് 60ാംവാര്‍ഷികത്തിന്റെ ഭാഗമായി സോണ്‍തലങ്ങളില്‍ നടത്തുന്ന എഴുത്തുമേളയുടെ സംസ്ഥാനതല ഉദ്ഘാടനം ശ്രദ്ധേയമായി.
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി സോണിലെ കക്കാട് നടന്ന പരിപാടി സംഘടനയുടെ ചരിത്രത്തില്‍ വേറിട്ടൊരനുഭവമായി. ദേശീയപാതയോരത്തെ തുറസ്സായ സ്ഥലത്ത് നടന്ന പരിപാടിയില്‍ ആദ്യകാല പ്രവര്‍ത്തകരും ഇപ്പോഴത്തെ പ്രവര്‍ത്തകരുമടങ്ങുന്ന സംഘം സമ്മേളന പ്രചാരണ ബോര്‍ഡുകള്‍ ഉണ്ടാക്കി. രാവിലെ 10ന് തുടങ്ങിയ പരിപാടി വൈകുന്നേരം ആറ് മണിയോടെയാണ് സമാപിച്ചത്. പട്ടികകള്‍ കൊണ്ട് തീര്‍ത്ത ഫ്രെയിമില്‍ ശീലപൊതിഞ്ഞ് ഉണ്ടാക്കി വിവിധ വര്‍ണങ്ങളില്‍ സമ്മേളന ബോര്‍ഡുകള്‍ എഴുതുന്നതടക്കമുള്ള പ്രവര്‍ത്തികളെല്ലാം ചെയ്തത് പ്രവര്‍ത്തകര്‍തന്നെയാണ്. ഫഌക്‌സ് ബോര്‍ഡുകളുടെ ആധിക്യം ഉണ്ടാക്കുന്ന പാരിസ്ഥിക പ്രശ്‌നങ്ങള്‍ തടയുക എന്നതും പ്രവര്‍ത്തകരുടെ അധ്വാനവും കര്‍മശേഷിയും സംഘടനക്ക് ഉപയോഗിക്കുക എന്നതും ഇതുകൊണ്ട് ലക്ഷ്യമിടുന്നു.
പരിപാടിയുടെ ഉദ്ഘാടനം എസ് വൈ എസ് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി നിര്‍വഹിച്ചു. തിരൂരങ്ങാടി സോണ്‍ പ്രസിഡന്റ് ഇ മുഹമ്മദലി സഖാഫി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ സി പി സൈതലവി മാസ്റ്റര്‍, പറവൂര്‍ മുഹമ്മദ് മാസ്റ്റര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, എം മുഹമ്മദ് സ്വാദിഖ്, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, എം എ മജീദ്, കുണ്ടൂര്‍ ലത്തീഫ് ഹാജി, എം എന്‍ സിദ്ദീഖ് ഹാജി, വി ടി ഹമീദ് ഹാജി, എന്‍ എം സൈനുദ്ദീന്‍ സഖാഫി, എന്‍ നൗശാദ്, കെ പി വഹാബ് തങ്ങള്‍ സംബന്ധിച്ചു.
പ്രവര്‍ത്തകര്‍ക്കൊപ്പം നേതാക്കളും ബോര്‍ഡ് എഴുതുന്നതില്‍ പങ്കാളികളായി. പരിപാടി കാണാന്‍ നിരവധിയാളുകള്‍ എത്തിയിരുന്നു. ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ തന്നെ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിച്ച ശേഷമാണ് പിരിഞ്ഞുപോയത്. സംസ്ഥാനത്തെ മുഴുവന്‍ സോണുകളിലും വരും ദിവസങ്ങളില്‍ എഴുത്തുമേള നടക്കും.

 

---- facebook comment plugin here -----