Connect with us

Malappuram

അന്‍പത് കുട്ടികളുള്ള സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കും: മന്ത്രി അബ്ദുര്‍റബ്ബ്

Published

|

Last Updated

മലപ്പുറം: ഭിന്നശേഷിയുള്ള 50 കുട്ടികള്‍ പഠിക്കുന്ന സ്‌പെഷല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് “പ്രതീക്ഷാ” പദ്ധതിയുടെയും സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റൂട്ട് ഫോര്‍ ദി മെന്റലി ചലഞ്ച്ഡ് (എസ് ഐ എം സി) ന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന “ഇന്‍സ്‌പെയര്‍ 2014” ന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. “ഭിന്നശേഷിയുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. രക്ഷകര്‍തൃ പരിശീലനം മന്ത്രി എ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്‌പെഷല്‍ എംപ്ലോയീസ് മീറ്റ് പി ഉബൈദുല്ല എം എല്‍ എ ഉദ്ഘാടനം ചെയ്തു.
ബോധവത്കരണ തെരുവ് നാടകം എസ് ആര്‍ സി ഡയറക്ടര്‍ ഡോ. സുരേഷ്‌കുമാറും പ്രദര്‍ശന ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ കുഞ്ഞുവും നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് അധ്യക്ഷയായി. മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും ക്ഷേമവും പുനരധിവാസവും ലക്ഷ്യമാക്കിയാണ് “ഇന്‍സ്‌പെയര്‍ 2014” നടത്തുന്നത്. പരിപാടിയുടെ ഭാഗമായി പ്രത്യേക പരിശീലനം നേടിയ 120 പേരുടെ നേതൃത്വത്തിലാണ് മലപ്പുറം ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലും മലപ്പുറം നഗരസഭയിലുമായി രണ്ട് ദിവസത്തെ സര്‍വെ നടത്തിയിരുന്നു.
സെമിനാറില്‍ ഡോ. എം.ആര്‍ മധുജന്‍, ഡോ. പി എസ് സുകുമാരന്‍, ഡോ. സതീഷ് ചന്ദ്രന്‍ നായര്‍, ഡോ. സുനീഷ്, അജിത് സചീന്ദ്രന്‍ എന്നിവര്‍ വിഷയമവതരിപ്പിച്ചു. പരിവാര്‍ ഇന്ത്യ ജനറല്‍ സെക്രട്ടറി ഫിലിപ്പ് സൈമണ്‍ മോഡറേറ്ററായിരുന്നു. എസ് ഐ എം സി ചീഫ് ഓര്‍ഗനൈസര്‍ ഡോ.എം കെ ജയരാജ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സക്കീന പുല്‍പ്പാടന്‍, ടി വനജ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സലീം കുരുവമ്പലം, ഉമ്മര്‍ അറക്കല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ടി കോയാമു, പി ബി ജോര്‍ജ്, രഘുനാഥ് വാര്യര്‍, എം മന്‍സൂര്‍ സംസാരിച്ചു. പരിപാടി ഇന്ന് സമാപിക്കും.

Latest